Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം: കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി സണ്ണി ജോസഫ്

26 Aug 2026 15:17 IST

NewsDelivery

Share News :

പാലക്കാട്: കേരളത്തെ ചവിട്ടിത്താഴ്ത്താൻ വന്ന വാമനന്റെ രൂപത്തിലാണ് കേന്ദ്രസർക്കാർ പ്രവർത്തിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ യുഡിഎഫ് എംപിമാർ സംഘടിപ്പിച്ച സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

റെയിൽവേ ഡിവിഷൻ വിഭജനം പാർലമെന്റ് സമ്മേളനം നടക്കുന്ന സമയത്ത് പ്രഖ്യാപിച്ചാൽ വലിയ പ്രതിഷേധമുണ്ടാകുമെന്ന് മനസ്സിലാക്കിയാണ് സമ്മേളനം കഴിഞ്ഞയുടൻ അർധരാത്രിയിൽ പ്രഖ്യാപനം നടത്തിയതെന്ന് സണ്ണി ജോസഫ് ആരോപിച്ചു. ഏകപക്ഷീയമായ വിഭജനത്തിലൂടെ ഫെഡറൽ തത്വങ്ങളുടെ ലംഘനവും കേരളത്തോട് കടുത്ത അനീതിയുമാണ് കേന്ദ്രം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

മംഗലാപുരത്തെ മൈസൂർ ഡിവിഷനിൽ ലയിപ്പിക്കുന്നതിലൂടെ റെയിൽവേയ്ക്ക് കാര്യമായ നേട്ടമുണ്ടാകില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. മംഗലാപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് ആഴ്ചയിൽ ആകെ 10 സർവീസുകളാണുള്ളത്. അതേസമയം കേരളത്തിൽനിന്ന് യാത്രക്കാരെയും ചരക്കുകളെയും വഹിച്ച് നിരവധി ട്രെയിൻ സർവീസുകളുണ്ട്. മംഗലാപുരത്തെ വേർപെടുത്താനുള്ള തീരുമാനം കേരളത്തിലെ റെയിൽവേ വികസനത്തെ തകർക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.

ഡിവിഷൻ വിഭജനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്നും സണ്ണി ജോസഫ് അറിയിച്ചു. വിഷയത്തിൽ ഇപ്പോൾ നടക്കുന്നത് സൂചനാ സമരമാണ്. തീരുമാനം പിൻവലിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പ്രധാനമന്ത്രി വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടു.

ഇ.ടി. മുഹമ്മദ് ബഷീർ എംപി അധ്യക്ഷത വഹിച്ചു. എംപിമാരായ വി.കെ. ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ, രാജ്‌മോഹൻ ഉണ്ണിത്താൻ, എം.കെ. രാഘവൻ, ബെന്നി ബഹനാൻ തുടങ്ങിയവരും മന്ത്രി കെ.എ. തുളസിയും എംഎൽഎ രമേഷ് പിഷാരടിയും ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളും സത്യാഗ്രഹത്തിൽ പങ്കെടുത്തു.

Follow us on :

More in Related News