Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്ഥിരനിയമനം നൽകണം; IOB അധികൃതർക്കെതിരെ നടപടി ആവശ്യപ്പെട്ട് RPI മാർച്ചും ധർണ്ണയും

06 Oct 2026 11:50 IST

NewsDelivery

Share News :

കോഴിക്കോട്: ഇന്ത്യൻ ഓവർസീസ് ബാങ്ക് (IOB) തൃക്കരിപ്പൂർ ബ്രാഞ്ചിൽ ക്ലീനിംഗ് സ്റ്റാഫായി 30 വർഷത്തോളമായി ജോലി ചെയ്യുന്ന കെ. മനോജിന് ഉടൻ സ്ഥിരനിയമനം നൽകണമെന്ന് റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (അംബേദ്കർ) കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട മനോജിനോട് വിവേചനം കാട്ടിയ ബാങ്ക് അധികൃതർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

1996 ഏപ്രിലിൽ IOB തൃക്കരിപ്പൂർ ബ്രാഞ്ചിൽ പ്യൂൺ/സബ് സ്റ്റാഫായി ജോലിയിൽ പ്രവേശിച്ച മനോജിന് അന്ന് 35 രൂപയായിരുന്നു ദിവസവേതനം. നിലവിൽ 400 രൂപ ദിവസവേതനം മാത്രമാണ് ലഭിക്കുന്നതെന്നും പ്രതിമാസം ഏകദേശം 12,060 രൂപയാണ് വരുമാനമെന്നും സംഘടന ആരോപിച്ചു. മനോജിനെ കൂടാതെ സമാന സാഹചര്യത്തിൽ എട്ട് പേരോളം വിവിധ IOB ബ്രാഞ്ചുകളിൽ ജോലി ചെയ്യുന്നുണ്ടെന്നും അവർക്ക് സ്ഥിരനിയമനം നൽകിയിട്ടില്ലെന്നും ഭാരവാഹികൾ പറഞ്ഞു.

2008-09 കാലയളവിൽ സമാനമായി ജോലി ചെയ്തിരുന്ന ചിലരെ സ്ഥിരനിയമനം നൽകിയിട്ടും നിലവിൽ ജോലി ചെയ്യുന്ന സബ് സ്റ്റാഫുകളെ അവഗണിച്ചതിനെതിരെ IOB കോഴിക്കോട് റീജിയണൽ മാനേജർക്ക് പരാതി നൽകിയിരുന്നു. തുടർന്ന് 2013ൽ എട്ട് പേർക്കും സ്ഥിരനിയമനം നൽകാമെന്ന് ഉറപ്പ് നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നാണ് ആരോപണം.

ഇതിനെ തുടർന്ന് മനോജും ഇന്ദിരയും ചേർന്ന് കേരള ഹൈക്കോടതിയിൽ WP(C) No. 2507/2016 കേസ് ഫയൽ ചെയ്യുകയും 2016 ജൂലൈ 13ന് നിയമനവുമായി ബന്ധപ്പെട്ട് ബാങ്കിന് കോടതി നിർദേശം നൽകുകയും ചെയ്തതായി സംഘടന അറിയിച്ചു. കോടതി ഉത്തരവിന് പിന്നാലെ മനോജും മാതാവും ബാങ്കിന് മുന്നിൽ നിരാഹാര സമരം നടത്തിയതായും തുടർന്ന് ബാങ്ക് അധികൃതർ ഉടൻ നിയമനം നൽകാമെന്ന് ഉറപ്പ് നൽകിയതായും ഭാരവാഹികൾ പറഞ്ഞു.

2016 ഒക്ടോബർ 20ന് എറണാകുളം റീജിയണൽ മാനേജരുടെ ഓഫീസിൽ ഇരുവരെയും അഭിമുഖത്തിന് വിളിച്ചെങ്കിലും പിന്നീട് സ്ഥിരനിയമനം സംബന്ധിച്ച് അറിയിപ്പൊന്നും ലഭിച്ചില്ലെന്നും സംഘടന ആരോപിച്ചു. കോടതിയുടെ നിർദേശത്തെ മറികടക്കുന്നതിനായി അഭിമുഖം പ്രഹസനമാക്കിയെന്നാണ് RPIയുടെ ആരോപണം.

മനോജിന്റെ കുടുംബത്തിന്റെ സാമ്പത്തിക പിന്നാക്കാവസ്ഥ പരിഗണിച്ച് അടിയന്തരമായി സ്ഥിരനിയമനം നൽകണമെന്നും പട്ടികജാതിക്കാരനെന്ന നിലയിൽ വിവേചനം കാട്ടിയതായി ആരോപണമുള്ള സംഭവത്തിൽ 1989ലെ SC/ST (Prevention of Atrocities) Act പ്രകാരം നിയമനടപടി സ്വീകരിക്കണമെന്നും RPI ആവശ്യപ്പെട്ടു. കോടതി ഉത്തരവ് പാലിക്കാത്തതിൽ കോടതിയലക്ഷ്യ നടപടിയും സ്വീകരിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.

മാർച്ചും ധർണ്ണയും

ആവശ്യങ്ങൾ ഉന്നയിച്ച് റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (അംബേദ്കർ) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 7ന് രാവിലെ 10ന് IOB കോഴിക്കോട് റീജിയണൽ ഓഫീസിന് മുന്നിൽ മാർച്ചും കൂട്ടധർണ്ണയും നടത്തും.

സംസ്ഥാന പ്രസിഡന്റ് എ. ഹമീദ് ഖാൻ, സെക്രട്ടറി ജനറൽ ഐത്തിയൂർ സുരേന്ദ്രൻ, സംസ്ഥാന ട്രഷറർ കെ. എസ്. ഭട്ടതിരിപ്പാട്, മഹിളാ റിപ്പബ്ലിക് സംസ്ഥാന പ്രസിഡന്റ് നിർമ്മല പയ്യന്നൂർ, ജില്ലാ പ്രസിഡന്റ് സുധീർ സാന്ത്വനം, സംസ്ഥാന ജനറൽ സെക്രട്ടറി സുപ്രഭ കോഴിക്കോട്, ജില്ലാ ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ, ജില്ലാ ട്രഷറർ സുകുമാരൻ, വൈസ് പ്രസിഡന്റ് രാജൻ കല്ലൂർ, ജില്ലാ സെക്രട്ടറി അശ്വതി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Follow us on :

More in Related News