Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Sep 2026 12:58 IST
Share News :
കോഴിക്കോട്: സമസ്ത സെന്റിനറിയുടെ ഭാഗമായി ‘ഖൽബിലുണ്ട് എന്റെ നബി’ എന്ന പ്രമേയത്തിൽ മുഹമ്മദ് നബിയുടെ 1501-ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് മർകസ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനം സെപ്റ്റംബർ 5ന് കോഴിക്കോട് സ്വപ്നനഗരിയിൽ നടക്കും.
മുഹമ്മദ് നബിയെ കൂടുതൽ അറിയാനും വിവിധ ദേശങ്ങളിലെ പ്രവാചക പ്രകീർത്തന വൈവിധ്യം ആസ്വദിക്കാനും വേദിയൊരുക്കുന്ന സമ്മേളനത്തിൽ ലോകപ്രശസ്ത പണ്ഡിതരും മുഫ്തിമാരും ദേശീയ നേതാക്കളും സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ സാരഥികളും പങ്കെടുക്കും. പ്രശസ്ത പ്രകീർത്തന സംഘമായ അൽ നൂർ ട്രൂപ്പിന്റെ നബികീർത്തന സദസ്സും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ വാർഷിക മദ്ഹുറസൂൽ പ്രഭാഷണവും സമ്മേളനത്തിന്റെ പ്രധാന ആകർഷണങ്ങളാകും.
തിരുനബി ദർശനങ്ങളും അധ്യാപനങ്ങളും കൂടുതൽ പ്രസക്തിയാർജിക്കുന്ന സമകാലിക സാഹചര്യത്തിൽ അവ കൂടുതൽ ജനങ്ങളിലേക്കും ഇടങ്ങളിലേക്കും പ്രസരിപ്പിക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു.
സമ്മേളനത്തിന്റെ വിളംബരമായി സെപ്റ്റംബർ 5ന് വൈകിട്ട് 4 മണിക്ക് 1500 കലാപ്രതിഭകൾ അണിനിരക്കുന്ന മെഗാ ദഫ് ഘോഷയാത്ര നടക്കും. മർകസ് കോംപ്ലക്സ് പരിസരത്തുനിന്ന് ആരംഭിക്കുന്ന ഘോഷയാത്ര അരയിടത്തുപാലം–മിനി ബൈപ്പാസ് വഴി സമ്മേളന നഗരിയിൽ സമാപിക്കും.
കേരള മുസ്‌ലിം ജമാഅത്ത്, എസ്‌വൈഎസ്, എസ്‌എസ്‌എഫ്, എസ്‌ജെഎം, എസ്‌എംഎ എന്നിവയുടെ സംസ്ഥാന-ജില്ലാ സാരഥികൾ, സാദാത്തുക്കൾ, ജാമിഅ മർകസ് മുദരിസുമാർ എന്നിവർ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകും. ഉച്ചയ്ക്ക് 12 മണിക്ക് എരഞ്ഞിപ്പാലം മർകസ് ഇന്റർനാഷണൽ സ്കൂളിൽ സാദത്ത് സംഗമവും നടക്കും.
വൈകിട്ട് 5 മണിക്ക് സമസ്ത ഉപാധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർഥനയോടെ പൊതുസമ്മേളനത്തിന് തുടക്കമാകും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് ഇ. സുലൈമാൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ അധ്യക്ഷത വഹിക്കും.
‘അൽ നൂർ’ മൗലിദ് ട്രൂപ്പിന്റെയും മറ്റു പ്രകീർത്തന സംഘങ്ങളുടെയും പ്രകടനവും നടക്കും. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ വാർഷിക മദ്ഹുറസൂൽ പ്രഭാഷണം നടത്തും.
കേരള മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി, സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്‌മാൻ സഖാഫി, കേരള മുസ്‌ലിം ജമാഅത്ത് ഉപാധ്യക്ഷൻ സി. മുഹമ്മദ് ഫൈസി, എസ്‌വൈഎസ് സംസ്ഥാന പ്രസിഡന്റ് ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, ജനറൽ സെക്രട്ടറി റഹ്‌മത്തുല്ല സഖാഫി എളമരം, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സി.പി. ഉബൈദുല്ല സഖാഫി, എസ്‌എസ്‌എഫ് പ്രസിഡന്റ് സയ്യിദ് മുനീറുൽ അഹ്ദൽ സഖാഫി, മർകസ് റെക്ടർ ഡോ. റോഷൻ നൂറാനി എന്നിവർ സംസാരിക്കും.
സമസ്ത ട്രഷറർ കോട്ടൂർ കുഞ്ഞമ്മു മുസ്‌ലിയാർ, വൈസ് പ്രസിഡന്റ് കെ.എസ്. ആറ്റക്കോയ തങ്ങൾ കുമ്പോൽ, ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് തുടങ്ങി നിരവധി പ്രമുഖർ സംബന്ധിക്കും.
പത്രസമ്മേളനത്തിൽ സി. മുഹമ്മദ് ഫൈസി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സി.പി. ഉബൈദുല്ല സഖാഫി, അക്ബർ ബാദുഷ സഖാഫി, ഷമീം കെ.കെ. എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.