Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പീരുമേട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ മിനിയേച്ചർ നിർമ്മിച്ച് രഞ്ജിത്ത് രമണൻ

04 Sep 2026 23:02 IST

PEERMADE NEWS

Share News :


പീരുമേട്: തിരുവിതാംകൂർ രാജവംശത്തിന്റെ ചരിത്രമുറങ്ങുന്ന പീരുമേട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ മനോഹരമായ മിനിയേച്ചർ മാതൃകയൊരുക്കി ക്ഷേത്ര ജീവനക്കാരനായ രഞ്ജിത്ത് രമണൻ ശ്രദ്ധേയനാകുന്നു. ആറ് മാസത്തെ കഠിനാധ്വാനത്തിലൂടെയാണ് മൂന്നടി നീളവും രണ്ടടി വീതിയും ഒരടി ഉയരവുമുള്ള പൂർണ്ണരൂപത്തിലുള്ള മാതൃക രഞ്ജിത്ത് തയ്യാറാക്കിയത്.നിലവിലെ ക്ഷേത്രസമുച്ചയത്തിന്റെ ഓരോ സൂക്ഷ്മാംശങ്ങളും ഒട്ടും ചോർന്നുപോകാതെയാണ് മിനിയേച്ചറിൽ പുനഃസൃഷ്ടിച്ചിരിക്കുന്നത്. ശ്രീകോവിൽ, തിടപ്പള്ളി, വലിയ ബലിക്കൽപ്പുര, ഉപദേവനായ ഗണപതിയുടെ കോവിൽ, ആനക്കൊട്ടിൽ, കൊടിമരം, ചുറ്റുമതിൽ തുടങ്ങിയവയെല്ലാം തനത് രൂപത്തിൽ തന്നെ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ നടന്ന ചടങ്ങിൽ പീരുമേട് എം.എൽ.എ സിറിയക് തോമസ്മിനിയേച്ചറിന്റെ സമർപ്പണം നിർവ്വഹിച്ചു. ചടങ്ങിൽ ക്ഷേത്ര മേൽശാന്തി അനന്തു പണിക്കർ, സബ് ഗ്രൂപ്പ് ഓഫീസർ അനിൽകുമാർ, പ്രസിഡന്റ് ഷിജു, സെക്രട്ടറി ശ്രീജിത്ത് തുടങ്ങിയവർ പങ്കെടുത്തു.

കൊല്ലവർഷം 1114-ൽ ശ്രീ ചിത്തിര തിരുനാൾ മഹാരാജാവാണ് പീരുമേട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം പണികഴിപ്പിച്ചത്. രാജകുടുംബാംഗങ്ങൾ തങ്ങളുടെ വേനൽക്കാല വസതിയായ കുട്ടിക്കാനത്ത് താമസിക്കവെ റാണി ലക്ഷ്മിഭായി തമ്പുരാട്ടിക്കുണ്ടായ ശ്രീകൃഷ്ണ സ്വപ്നദർശനമാണ് ക്ഷേത്രനിർമ്മാണത്തിന് വഴിയൊരുക്കിയത്. നഞ്ചനാട് പിള്ളയുടെ മേൽനോട്ടത്തിൽ അക്കാലത്ത് 16,000 രൂപ ചെലവഴിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്. പടിഞ്ഞാറോട്ട് ദർശനമുള്ള അപൂർവ്വം ക്ഷേത്രങ്ങളിലൊന്നായ ഇവിടെ കടുത്തുരുത്തി ക്ഷേത്രത്തിലെ ചൈതന്യത്തെ ആവാഹിച്ചാണ് പ്രതിഷ്ഠ നടത്തിയിരിക്കുന്നത്. മധുരയിൽ നിർമ്മിച്ച 'വെണ്ണക്കണ്ണന്റെ' പഞ്ചലോഹ വിഗ്രഹമാണ് പ്രധാന പ്രതിഷ്ഠ. നാല് പ്രമുഖ തന്ത്രിമാരുടെ കാർമ്മികത്വത്തിലാണ് പ്രതിഷ്ഠാകർമ്മങ്ങൾ നടന്നത്.

ക്ഷേത്രം പണിതെങ്കിലും കൊല്ലവർഷം 1122 വരെ ഇവിടെ നിത്യപൂജകൾ ഉണ്ടായിരുന്നില്ല. തുടർന്ന് 1122 ഇടവം 26-ന് മഹാരാജാവിനുണ്ടായ മറ്റൊരു സ്വപ്നദർശനത്തെത്തുടർന്നാണ് നിത്യപൂജകളും ഉത്സവങ്ങളും ആരംഭിക്കുന്നത്. 1988-ൽ രാജകുടുംബത്തിന്റെ വേനൽക്കാല വസതിയായിരുന്ന അമ്മച്ചിക്കൊട്ടാരം സ്വകാര്യ വ്യക്തിക്ക് കൈമാറിയപ്പോൾ, കൊട്ടാരത്തിലെ ഗണപതി വിഗ്രഹം അവിടെനിന്ന് മാറ്റാൻ സാധിക്കില്ലെന്നദേവപ്രശ്നവിധിയെത്തുടർന്ന് ഈ ക്ഷേത്രത്തിൽ ഉപപ്രതിഷ്ഠയായി കുടിയിരുത്തുകയായിരുന്നു. കൊല്ലവർഷം 1150-ൽ സ്ഥാപിച്ച കൊടിമരം 1975-ൽ മണിയാർ ഇല്ലത്ത് ചന്ദ്രശേഖരൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ പുനഃപ്രതിഷ്ഠിച്ചു. കുംഭമാസത്തിലെ തിരുവോണനാളിൽ കൊടിയേറി മീനമാസത്തിലെ രോഹിണി നാളിൽ ആറാട്ടോടുകൂടി സമാപിക്കുന്ന ഉത്സവവും പീരുമേട്ടിലെ പ്രധാന സാംസ്കാരിക ആഘോഷങ്ങളിലൊന്നാണ്. ഈ പൗരാണിക പ്രൗഢിയെ അതേപടി ആവാഹിച്ചെടുത്താണ് രഞ്ജിത്ത് രമണൻ നിർമ്മിച്ച മിനിയേച്ചർ ഇപ്പോൾ ഭക്തജനങ്ങളുടെയും നാട്ടുകാരുടെയും പ്രശംസ പിടിച്ചുപറ്റുന്നത്.



Follow us on :

More in Related News