Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Oct 2026 21:49 IST
Share News :
ചാവക്കാട്:നഗരസഭ വഞ്ചിക്കടവിലെ ഭൂമി ഏറ്റെടുക്കലില് അഴിമതിയാരോപിച്ച് യുഡിഎഫ് അംഗങ്ങള് നഗരസഭ കൗണ്സില് യോഗത്തില്നിന്ന് ഇറങ്ങിപ്പോയി.വഞ്ചിക്കടവ് പഴയപാലത്തിന് കിഴക്കുഭാഗത്തുള്ള ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട അജണ്ടയിലാണ് അഴിമതി ആരോപിച്ച് പ്രതിപക്ഷ കൗണ്സിലര്മാര് ഇറങ്ങിപ്പോയത്.ഭൂമാഫിയ ഏജന്റായി നഗരസഭ ചെയര്മാന് പ്രവര്ത്തിക്കുന്നെന്നും യുഡിഎഫ് ആരോപിച്ചു.സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഒമ്പത് സെന്റ് ഭൂമി നഗരസഭയുടെ ആവശ്യങ്ങള്ക്കായി ഏറ്റെടുക്കാനെന്ന് കാണിച്ചാണ് ഇത് കൗണ്സില് അജണ്ടയില് ഉള്പ്പെടുത്തിയത്.സെന്റിന് 15 ലക്ഷം രൂപ നിരക്കില് ഒമ്പത് സെന്റ് ഭൂമി വിട്ടുനല്കാന് ഉടമ സമ്മതപത്രം നല്കിയതായാണ് അജണ്ടയില് പറയുന്നത്.ഇതനുസരിച്ച് ഭൂമി ഏറ്റെടുക്കാനുള്ള നടപടികള്ക്ക് കൗണ്സിലിന്റെ അംഗീകാരം തേടുകയായിരുന്നു.എന്നാല് ഭൂമി ഏറ്റെടുക്കുന്നതിന്റെ കൃത്യമായ ആവശ്യം,പദ്ധതിയുടെ വിശദാംശങ്ങള്,ഭൂമിയുടെ വിലനിര്ണയം,നഷ്ടപരിഹാരത്തുക,ഫണ്ടിന്റെ ലഭ്യത തുടങ്ങിയ കാര്യങ്ങളില് വ്യക്തത വരുത്താതെയുളളതാണ് അജണ്ടയെന്നാണ് യുഡിഎഫിന്റെ ആരോപണം.വിഷയത്തില് വ്യക്തതയും വിശദീകരണവും ഉറപ്പാക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു.എന്നാല് അജണ്ട പാസാക്കുമെന്ന നിലപാടില് ചെയര്മാന് ഉറച്ചുനിന്നതോടെ പ്രതിപക്ഷ നേതാവ് സി.എ.ഗോപപ്രതാപന്റെ നേതൃത്വത്തില് കൗണ്സിലര്മാരായ ആരിഫ് പാലയൂര്,വി.ജെ.ജോയസി,ആസിഫ് പാലയൂര്,സുജാത സത്യന്,ശര്മിള സത്താര്,ടി.എം.ഷാജി,സീന നൗഷാദ്,ഫെബീന നൗഷാദ്,സനൂപ്,ബ്രിജിത പ്രതീപ്,തനുജ ഷാഫി എന്നീ യുഡിഎഫ് അംഗങ്ങള് കൗണ്സിലില് നിന്നും ഇറങ്ങിപ്പോവുകയായിരുന്നു.തുടര്ന്ന് അജണ്ടയിലെ ക്രമക്കേടുകളും എതിര്പ്പുകളും ചൂണ്ടിക്കാട്ടിയുള്ള വിയോജനക്കുറിപ്പ് അംഗങ്ങള് നഗരസഭ സെക്രട്ടറിക്ക് കൈമാറി.
----------------
നഗരസഭയുടെ വികസന പ്രവര്ത്തനങ്ങള്ക്ക് യുഡിഎഫ് തുരങ്കം വെക്കുന്നു:എ.എച്ച്.അക്ബര്(ചാവക്കാട് നഗരസഭ ചെയര്മാന്)
നഗരസഭയുടെ വികസനപ്രവര്ത്തനങ്ങള്ക്ക് തുരങ്കം വെക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്.ചാവക്കാട് നഗരസഭയുടെ പുതിയ മത്സ്യ-മാംസ മാര്ക്കറ്റ് പദ്ധതിയെ അടിസ്ഥാനരഹിത ആരോപണങ്ങള് ഉന്നയിച്ച് അട്ടിമറിക്കാനാണ് ശ്രമം.ടൗണില് അനുയോജ്യമായൊരു മത്സ്യ-മാംസ മാര്ക്കറ്റ് ഇല്ലാത്തത് നഗരസഭ നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്നങ്ങളിലൊന്നാണ്.ഇതിന് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയാണ് ഭൂമി ഏറ്റെടുക്കാന് ഭരണസമിതി തീരുമാനിച്ചത്.ഭൂമിയുടെ വില നിശ്ചയിക്കുന്നത് നഗരസഭയോ സ്ഥലമുടമയോ അല്ല.കളക്ടര് നിയോഗിക്കുന്ന റവന്യൂ ഉദ്യോഗസ്ഥരുടെ സമിതിയാണ് നിലവിലെ ന്യായവില കണക്കാക്കി വില നിശ്ചയിക്കുന്നത്
------------
ഭൂമി ഏറ്റെടുക്കലില് സുതാര്യതയില്ല:സി.എ.ഗോപപ്രതാപന്(ചാവക്കാട് നഗരസഭ പ്രതിപക്ഷ നേതാവ്)
നഗരസഭയുടെ പണം ചെലവഴിച്ച് ഭൂമി ഏറ്റെടുക്കുന്ന വിഷയത്തില് സുതാര്യത ഉറപ്പാക്കണം.പൊതുതാല്പര്യം മുന്നിര്ത്തിയുള്ള നടപടികള് മാത്രമേ സ്വീകരിക്കാവൂ.നഗരസഭയ്ക്ക് ഭൂമി ആവശ്യമുണ്ടെന്ന് കാണിച്ച് പത്ര പരസ്യം നല്കിയാല് നഗരസഭയ്ക്ക് സമീപം ഒട്ടേറെ ഭൂമി വിട്ടുനല്കാന് സാധ്യതയുണ്ട്.ഇങ്ങനെയിരിക്കെ ഒരു വ്യക്തിയില്നിന്ന് മാത്രം തീരദേശ പരിപാലന നിയമത്തിന്റെ പരിധിയില് വരുന്ന ഭൂമിയുടെ സമ്മതപത്രം വാങ്ങി ഭൂമി ഏറ്റെടുക്കുന്നതില് അഴിമതിയുണ്ട്.
Follow us on :
Tags:
More in Related News
Please select your location.