Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Oct 2026 18:46 IST
Share News :
മസ്കറ്റ്: റഷ്യയിലെ റ്റുലയിൽ നടന്ന ഇരുപതാമത് ഏഷ്യൻ സ്കൂൾസ് ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കായി മൂന്ന് വെള്ളിമെഡലുകൾ നേടി മലയാളി താരങ്ങൾ. അണ്ടർ ഒമ്പത് ആൺകുട്ടികളുടെ വിഭാഗത്തിൽ കേരളത്തെ പ്രതിനിധീകരിച്ച ഇലാൻ ഷഫീഖ്, നെയ്തൽ ഡി അൻസേര, അർണവ് ആനന്ദ് എന്നിവരടങ്ങിയ ടീമാണ് ക്ലാസിക്കൽ, റാപ്പിഡ്, ബ്ലിറ്റ്സ് എന്നീ മൂന്ന് ഇനങ്ങളിലും വെള്ളിമെഡൽ നേട്ടം സ്വന്തമാക്കിയത്. 12 ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ള താരങ്ങൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിലാണ് ഇന്ത്യൻ ടീമിന്റെ ശ്രദ്ധേയമായ ഈ നേട്ടം.
ഒമാനിലെ ഇന്ത്യൻ സ്കൂൾ ബൗഷറിലെ വിദ്യാർഥിയായ ഇലാൻ ഷഫീഖ് തൃശൂർ പാവറട്ടി വെന്മേനാട് സ്വദേശിയാണ്. ചക്കനാത്ത് ഷഫീഖിന്റെയും നഷിജയുടെയും മകനാണ്. ഒമാനിൽ ജോലി ചെയ്യുന്ന ഷഫീഖിന്റെ കുടുംബത്തിന് അഭിമാനമായി മാറിയിരിക്കുകയാണ് ഇലാന്റെ അന്താരാഷ്ട്ര ചെസ് നേട്ടം. സഹോദരങ്ങളായ സിനാൻ ഷഫീഖ്, ഇസാൻ ഷഫീഖ്, ഇഷൽ ഷഫീഖ് എന്നിവരും ചെസ് രംഗത്ത് സജീവമാണ്. ഇലാൻ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ ചെസ് മത്സരങ്ങളിൽ ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്ചവെച്ചുവരുന്നു.
ഒമാനിലെ ഇന്ത്യൻ സ്കൂൾ ബൗഷറിലെ വിദ്യാർഥികളായ നാലു സഹോദരങ്ങളും സിബിഎസ്ഇ നാഷണൽ ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി പഞ്ചാബിലെ ജലന്തറിൽ നടക്കുന്ന മത്സരങ്ങളിൽ പങ്കെടുത്തു കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ വർഷം ഗുവാഹത്തിയിൽ നടന്ന നാഷണൽ സ്കൂൾസ് ചെസ് ചാമ്പ്യൻഷിപ്പിലും ഇലാൻ ഷഫീഖ്, നെയ്തൽ ഡി അൻസേര, അർണവ് ആനന്ദ് എന്നിവർ ശ്രദ്ധേയമായ പ്രകടനം നടത്തിയിരുന്നു. അന്ന് ഇവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ സ്വന്തമാക്കി. ദേശീയതലത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഈ താരങ്ങൾ അന്താരാഷ്ട്ര വേദിയിലും ഒരുമിച്ച് നേട്ടം ആവർത്തിച്ചതോടെ ഇന്ത്യൻ സ്കൂൾ ചെസിന് വലിയ പ്രതീക്ഷയാണ് നൽകുന്നത്.
നെയ്തൽ ഡി അൻസേര
ആലപ്പുഴ തുമ്പോളി മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ് നെയ്തൽ ഡി അൻസേര. ആര്യാട് പഞ്ചായത്ത് ഹെഡ് ക്ലർക്ക് ധീരേഷ് അൻസേരയുടെയും ഡോ. സിമിമോളുടെയും മകനാണ്. സഹോദരൻ നിർമൽ ഡി അൻസേരയും ദേശീയതലത്തിലുള്ള ചെസ് താരമാണ്. കുടുംബത്തിന്റെ പിന്തുണയോടെ ചെസ് രംഗത്ത് മുന്നേറുന്ന നെയ്തലിന് ഏഷ്യൻ ചാമ്പ്യൻഷിപ്പിലെ മെഡൽ നേട്ടം വലിയ അംഗീകാരമായി.
അർണവ് ആനന്ദ്
ചേർത്തല പൊന്നാംവെളി സ്വദേശിയായ ആനന്ദിന്റെയും ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥയായ വിനീതയുടെയും മകനാണ് അർണവ് ആനന്ദ്. എറണാകുളം ഗ്രീറ്റ്സ് പബ്ലിക് സ്കൂളിലെ വിദ്യാർഥിയാണ്. ദേശീയതലത്തിലെ മികച്ച പ്രകടനത്തിനു പിന്നാലെ ഏഷ്യൻ ചാമ്പ്യൻഷിപ്പിലും ടീമിനൊപ്പം മെഡൽ നേടിയ അർണവ് ഇന്ത്യൻ ചെസ് രംഗത്തെ വളർന്നുവരുന്ന പ്രതിഭകളിലൊരാളാണ്.
മൂന്ന് വ്യത്യസ്ത മത്സര ഇനങ്ങളിലും വെള്ളിമെഡൽ നേടാനായത് താരങ്ങളുടെ സ്ഥിരതയാർന്ന പ്രകടനത്തിന്റെയും കൂട്ടായ പരിശ്രമത്തിന്റെയും തെളിവാണ്. ചെസ് രംഗത്ത് ചെറുപ്രായത്തിൽ തന്നെ അന്താരാഷ്ട്ര തലത്തിൽ മികവ് തെളിയിച്ച ഈ മലയാളി താരങ്ങളുടെ നേട്ടം കേരളത്തിനും ഒമാനിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിനും ഒരുപോലെ അഭിമാനമായി.
Follow us on :
Tags:
More in Related News
Please select your location.