Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേസരി നവരാത്രി സർഗ്ഗോത്സവം ഒക്ടോബർ 9 മുതൽ 21 വരെ; ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനും ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കറും മുഖ്യാതിഥികൾ

08 Oct 2026 12:58 IST

NewsDelivery

Share News :

കോഴിക്കോട്: നവരാത്രിയോടനുബന്ധിച്ച് കോഴിക്കോട് കേസരി ഭവനിൽ സംഘടിപ്പിക്കുന്ന നവരാത്രി സർഗ്ഗോത്സവം 2026 ഒക്ടോബർ 9 മുതൽ 21 വരെ നടക്കും. കലയും ആധ്യാത്മികതയും വിജ്ഞാനവും സമന്വയിക്കുന്ന സർഗ്ഗോത്സവം ഇതിനോടകം ഉത്തരകേരളത്തിന്റെ പ്രധാന സാംസ്‌കാരികോത്സവമായി മാറിയതായി സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഇത്തവണത്തെ സർഗ്ഗോത്സവത്തിൽ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുക്കും. കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ, എം.പി. സി. സദാനന്ദൻ മാസ്റ്റർ തുടങ്ങിയ പ്രമുഖരും വിവിധ പരിപാടികളിൽ പങ്കെടുക്കും.

ഒക്ടോബർ 9ന് വൈകിട്ട് 5.30ന് കൊല്ലൂർ മൂകാംബിക ക്ഷേത്രം മുഖ്യ അർച്ചകൻ സുബ്രഹ്മണ്യ അഡിഗകളുടെ കാർമികത്വത്തിൽ നടക്കുന്ന മഹാസാരസ്വത പൂജയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമാകുന്നത്. ഒക്ടോബർ 11ന് വൈകിട്ട് 5.30ന് കോഴിക്കോട് സർവകലാശാല വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ നവരാത്രി സർഗ്ഗോത്സവത്തിന് തിരിതെളിക്കും. ചലച്ചിത്രതാരം വിവേക് ഗോപൻ വിശിഷ്ടാതിഥിയാകും. സീമാജാഗരൺ മഞ്ച് ദേശീയ മുഖ്യസംരക്ഷക് എ. ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും.

പത്ത് ദിവസം നീളുന്ന സർഗ്ഗോത്സവത്തിൽ പ്രമുഖ പണ്ഡിതന്മാരുടെ പ്രഭാഷണങ്ങളും പ്രശസ്ത കലാകാരന്മാരുടെ കലാപ്രകടനങ്ങളും അരങ്ങേറും. ഒക്ടോബർ 18ന് വൈകിട്ട് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കറും സ്വാമി ചിദാനന്ദപുരിയും ചടങ്ങിൽ പങ്കെടുക്കും.

ചിത്രകലാരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് സർഗ്ഗോത്സവസമിതി ഏർപ്പെടുത്തിയ പ്രഥമ സർഗ്ഗ കേസരി പുരസ്‌കാരം ആർട്ടിസ്റ്റ് പി.ആർ. രാജേന്ദ്രന് ഉപരാഷ്ട്രപതി സമ്മാനിക്കും.


വിവിധ പരിപാടികൾ

സർഗ്ഗോത്സവത്തിന്റെ ഭാഗമായി വിവിധ ഭജന സംഘങ്ങളുടെ ഭജന, മാതൃസമിതി ഒരുക്കുന്ന ബൊമ്മക്കൊലു, ജയരാജ് ഫിലിം ഫെസ്റ്റിവൽ, പൂജവയ്പ്, ഡിവൈൻ ഹിന്ദു മാർക്കറ്റ് എന്നിവ നടക്കും. വിദ്യാർത്ഥികൾക്കായി ശാസ്ത്രീയ സംഗീതം, ലളിതഗാനം, ചിത്രരചന, പ്രശ്നോത്തരി തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിക്കും. സരസ്വതി മണ്ഡപത്തിൽ സംഗീതാർച്ചനയും നൃത്താർച്ചനയും നടക്കും.

ശ്രേഷ്ഠാചാര്യരുടെ ആഭിമുഖ്യത്തിൽ ഗുരുമുഖത്ത് നിന്ന് വിധിപ്രകാരം ആചാരപദ്ധതികൾ പഠിക്കുന്നതിനുള്ള സാധനാ ശിബിരം ഒക്ടോബർ 12ന് രാവിലെ 7ന് ആരംഭിക്കും. ദിവസവും രാവിലെ പ്രായഭേദമന്യേ നടക്കുന്ന യോഗ ശിബിരത്തിന് പ്രമുഖ യോഗാചാര്യന്മാർ നേതൃത്വം നൽകും.

കോഴിക്കോട് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ എല്ലാ ദിവസവും ഉച്ചയ്ക്ക് ഒന്നിന് സംവിധായകൻ ജയരാജിന്റെ സിനിമകളുടെ പ്രദർശനവും ഉണ്ടായിരിക്കും.

നവരാത്രി സർഗ്ഗപ്രതിഭാ പുരസ്‌കാരം ജയരാജിന്

കല, സാഹിത്യം, സംസ്‌കാരം എന്നീ മേഖലകളിലെ സമഗ്ര സംഭാവനകൾ പരിഗണിച്ച് നൽകുന്ന നവരാത്രി സർഗ്ഗപ്രതിഭാ പുരസ്‌കാരത്തിന് ചലച്ചിത്ര സംവിധായകൻ ജയരാജിനെ തെരഞ്ഞെടുത്തു. 25,000 രൂപയും ശിൽപ്പവും അടങ്ങുന്ന പുരസ്‌കാരം ഒക്ടോബർ 19ന് വൈകിട്ട് 6.30ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ സമ്മാനിക്കും.

ഒക്ടോബർ 21ന് വിജയദശമി ദിനത്തിൽ രാവിലെ ഏഴ് മുതൽ നടക്കുന്ന അക്ഷരദീക്ഷയോടെയാണ് നവരാത്രി സർഗ്ഗോത്സവത്തിന് സമാപനം. പ്രമുഖ ഗുരുക്കന്മാരുടെ നേതൃത്വത്തിൽ നൃത്തം, ചിത്രകല, സംഗീതം എന്നിവയിലും വിദ്യാരംഭം നടക്കും.

വാർത്താസമ്മേളനത്തിൽ നവരാത്രി സർഗ്ഗോത്സവ സമിതി വർക്കിംഗ് പ്രസിഡന്റ് എ.കെ. പ്രശാന്ത്, കേസരി വാരിക മുഖ്യപത്രാധിപർ ഡോ. എൻ.ആർ. മധു, മാതംഗി കൾച്ചറൽ ആൻഡ് എഡ്യൂക്കേഷണൽ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി ടി.വി. വേണുഗോപാലൻ, നവരാത്രി സർഗ്ഗപ്രതിഭാ പുരസ്‌കാര നിർണയ സമിതി അംഗം ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News