Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പീരുമേട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തെ പൗരാണിക ഗണത്തിൽ ഉൾപ്പെടുത്തി ശബരിമല ഇടത്താവളമായി പ്രഖ്യാപിക്കണം: സിറിയക് തോമസ് എം.എൽ.എ.

12 Oct 2026 22:48 IST

PEERMADE NEWS

Share News :


പീരുമേട്: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള പീരുമേട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തെ പൗരാണിക ഗണത്തിൽ ഉൾപ്പെടുത്തി ശബരിമല തീർത്ഥാടകരുടെ ഇടത്താവളമായി പ്രഖ്യാപിക്കണമെന്ന് പീരുമേട് എം.എൽ.എ സിറിയക് തോമസ് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് കേരള നിയമസഭയിൽ അദ്ദേഹം സബ്മിഷൻ ഉന്നയിച്ചു.

ശബരിമലയിലേക്ക് പോകുന്ന ആയിരക്കണക്കിന് അയ്യപ്പഭക്തർ കടന്നുപോകുന്ന പ്രദേശമായ പീരുമേട്ടിൽ തീർത്ഥാടകർക്ക് വിശ്രമിക്കുന്നതിനും വിരിവെച്ച് താമസിക്കുന്നതിനും പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിനും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി ക്ഷേത്രത്തെ സ്ഥിരം ഇടത്താവളമാക്കണമെന്നാണ് എം.എൽ.എയുടെ ആവശ്യം.

പീരുമേട് ഉണ്ണികണ്ണൻ കൂട്ടായ്മയുടെ നിവേദനത്തെ തുടർന്നാണ് എം.എൽ. എ ഈ വിഷയം ഗൗരവമായി കണ്ടത്ക്ഷേത്രത്തിന് സമീപത്തുകൂടി ഒഴുകുന്ന അഴുതയാർ ശുചീകരിച്ച് ശബരിമല തീർത്ഥാടകർക്ക് ബലിതർപ്പണം നടത്തുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിരവധി വിവാഹങ്ങൾ നടക്കുന്ന ക്ഷേത്രത്തിൽ മൂന്ന് ഏക്കറോളം ഭൂമിയിൽ തീർത്ഥാടകർക്ക് വിരിവെക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കുക, കല്യാണമണ്ഡപം, ഷോപ്പിംഗ് കോംപ്ലക്സ് തുടങ്ങിയവ നിർമിക്കുക, മഴക്കാലത്ത് ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തുന്ന മലിനജലം തടയുന്നതിന് അടിയന്തര നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും സബ്മിഷനിൽ ഉന്നയിച്ചു.

വിഷയം ശ്രദ്ധയിൽപ്പെട്ട ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ, എം.എൽ.എ ഉന്നയിച്ച ആവശ്യങ്ങൾ ഗൗരവത്തോടെ പരിഗണിക്കുമെന്ന് നിയമസഭയിൽ അറിയിച്ചു. തീർത്ഥാടനകാലം അടുത്തെത്തിയ സാഹചര്യത്തിൽ അയ്യപ്പഭക്തർക്ക് വിരിവെക്കുന്നതിനായി താൽക്കാലിക സൗകര്യങ്ങൾ ഉൾപ്പെടെ ഏർപ്പെടുത്തുമെന്നും മറ്റ് ആവശ്യങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പുനൽകി.

പീരുമേട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ പൗരാണിക പ്രാധാന്യം പരിഗണിച്ച് ക്ഷേത്രത്തെ പൗരാണിക ഗണത്തിൽ ഉൾപ്പെടുത്തുകയും ശബരിമല തീർത്ഥാടകർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി ഔദ്യോഗിക ഇടത്താവളമായി പ്രഖ്യാപിക്കുകയും ചെയ്യണമെന്ന ആവശ്യത്തിന് ഇതോടെ വീണ്ടും പ്രാധാന്യം കൈവന്നിരിക്കുകയാണ്.


Follow us on :

More in Related News