Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലോക തപാൽ ദിനം ആചരിച്ചു; ചേമഞ്ചേരി യു.പി. സ്കൂൾ വിദ്യാർഥികൾ പോസ്റ്റ് ഓഫീസ് സന്ദർശിച്ചു

09 Oct 2026 20:09 IST

NewsDelivery

Share News :

ചേമഞ്ചേരി: നിഡ്സ് വെൽഫെയർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ചേമഞ്ചേരി യു.പി. സ്കൂളിന്റെയും പൂക്കാട് മർച്ചന്റ് അസോസിയേഷന്റെയും സഹകരണത്തോടെ ലോക തപാൽ ദിനം ആചരിച്ചു. ചേമഞ്ചേരി സബ് പോസ്റ്റ് ഓഫീസിൽ നടന്ന പരിപാടിയിൽ തപാൽ ജീവനക്കാരെ ആദരിച്ചു. ചേമഞ്ചേരി യു.പി. സ്കൂൾ വിദ്യാർഥികൾ പോസ്റ്റ് ഓഫീസ് സന്ദർശിച്ച് തപാൽ വകുപ്പിന്റെ വിവിധ സേവനങ്ങളെക്കുറിച്ച് മനസ്സിലാക്കി.

ചടങ്ങിൽ നിഡ്സ് വെൽഫെയർ ഫൗണ്ടേഷൻ ചെയർമാൻ എം.പി. മൊയ്തീൻ കോയ സ്വാഗതം പറഞ്ഞു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈദ കബീർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി. അജയ് ബോസ് ഉദ്ഘാടനം ചെയ്തു. തപാൽ ജീവനക്കാരായ ധന്യ സി.ജി., അനൂപ് ബി.എസ്. എന്നിവരെ ചടങ്ങിൽ ആദരിച്ചു.

ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ അഫ്സ മനാഫ്, ശശിധരൻ കുനിയിൽ, അംഗങ്ങളായ കെ.കെ. സരീഷ്, കെ.പി. ശ്രീജ, ബൽകീസ്, നളിനി, ആലിക്കോയ ഹിദായത്ത്, ഇ.കെ. ഷബീർ, വിദ്യാർഥി പ്രതിനിധി കെ. സനാദ് എന്നിവർ സംസാരിച്ചു. റാഫി വി.കെ. നന്ദി പറഞ്ഞു.

പോസ്റ്റ് ഓഫീസ് സന്ദർശിച്ച വിദ്യാർഥികൾക്ക് തപാൽ വകുപ്പിന്റെ സാമൂഹിക സുരക്ഷാ പദ്ധതികൾ, ഗ്രാമീണ ഇൻഷുറൻസ്, ആരോഗ്യ ഇൻഷുറൻസ്, ലോജിസ്റ്റിക് സേവനങ്ങൾ, പോസ്റ്റൽ ബാങ്കിങ്, പേയ്‌മെന്റ് സേവനങ്ങൾ എന്നിവയെക്കുറിച്ച് ജീവനക്കാർ വിശദീകരിച്ചു. പിൻകോഡ് ഉപയോഗിച്ച് കത്തുകൾ തരംതിരിക്കുന്ന രീതി, രജിസ്റ്റേഡ് പോസ്റ്റ്, സ്പീഡ് പോസ്റ്റ് സേവനങ്ങൾ, കത്തുകളിൽ മേൽവിലാസം രേഖപ്പെടുത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയും പരിചയപ്പെടുത്തി.

തപാൽ ജീവനക്കാരായ ഷെഖിൽ ജിത്ത് കെ.കെ., അതുൽ രാജ് എ.കെ., അശ്വതി വി.പി. എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. അധ്യാപകരായ നസീറ എ.കെ., റെലീഷ ബാനു എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിദ്യാർഥികളുടെ സന്ദർശനം. സന്ദർശനത്തിന്റെ ഭാഗമായി വിദ്യാർഥികൾ പരസ്പരം കത്തുകളെഴുതി പോസ്റ്റ് ചെയ്ത ശേഷമാണ് മടങ്ങിയത്.

Follow us on :

More in Related News