Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Oct 2026 15:58 IST
Share News :
മസ്കറ്റ്: ഉംറ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നതിനിടെ വിമാനത്തിൽ ഹൃദയസ്തംഭനം അനുഭവപ്പെട്ട് മസ്കറ്റിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളിക്ക് ആശ്വാസമായി പ്രവാസി വെൽഫെയർ പ്രവർത്തകരുടെ ഇടപെടൽ. യാത്രാ ഇൻഷുറൻസ് ഇല്ലാത്തതിനാൽ ചികിത്സയ്ക്കും തുടർയാത്രയ്ക്കുമായി ഏകദേശം 8,000 ഒമാനി റിയാൽ (20 ലക്ഷത്തോളം ഇന്ത്യൻ രൂപ) കണ്ടെത്തേണ്ടിവന്ന 78കാരനായ എറണാകുളം മൂവാറ്റുപുഴ സ്വദേശി മെഹ്‌റൂബ് ബാബുവിനെ ആവശ്യമായ മെഡിക്കൽ സംവിധാനങ്ങളോടെ ഇന്നലെ നാട്ടിലേക്ക് അയച്ചു.
ഉംറ കഴിഞ്ഞ് മടങ്ങുന്നതിനിടെ വിമാനത്തിൽ വെച്ചാണ് മെഹ്‌റൂബ് ബാബുവിന് ഹൃദയസ്തംഭനം അനുഭവപ്പെട്ടത്. ഉടൻ വിമാനത്തിൽ അടിയന്തര സി.പി.ആർ നൽകുകയും ഓക്‌സിജൻ സപ്പോർട്ട് ലഭ്യമാക്കുകയും ചെയ്തു. തുടർന്ന് വിമാനം അടിയന്തരമായി മസ്കറ്റ് വിമാനത്താവളത്തിൽ ഇറക്കി. മസ്കറ്റിലെത്തുമ്പോഴേക്കും വിമാനത്തിലുണ്ടായിരുന്ന അവസാന ഓക്‌സിജൻ സിലിണ്ടറും തീർന്നിരുന്നു. തുടർന്ന് അദ്ദേഹത്തെ ഉടൻ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ആവശ്യമായ ചികിത്സ നൽകി.
യാത്രാ പാക്കേജിൽ മെഡിക്കൽ ഇൻഷുറൻസ് ഉൾപ്പെടാതിരുന്നത് ചികിത്സയ്ക്കും തുടർയാത്രയ്ക്കുമായി വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കി. ഈ പ്രതിസന്ധി ഘട്ടത്തിൽ പ്രവാസി വെൽഫെയർ പ്രവർത്തകർ രോഗിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് സഹായവുമായി രംഗത്തെത്തി. ചികിത്സയുടെ വിവിധ ഘട്ടങ്ങളിൽ ആവശ്യമായ രക്തം പ്രവർത്തകർ നേരിട്ട് നൽകി. വിദേശരാജ്യത്ത് ഒറ്റപ്പെട്ടുപോയ രോഗിക്കായി ഇത്രയും വലിയ തുക അടിയന്തരമായി കണ്ടെത്താനുള്ള പ്രവർത്തകരുടെ ഇടപെടൽ ബന്ധുക്കൾക്കും വലിയ ആശ്വാസമായി.
ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനും നാട്ടിലേക്കുള്ള യാത്ര ഒരുക്കുന്നതിനും മസ്കറ്റ് കെ.എം.സി.സി പ്രവർത്തകരും സഹായവുമായി എത്തി.
യാത്രയ്ക്കിടെ ഉണ്ടാകാവുന്ന ഇത്തരം അടിയന്തര സാഹചര്യങ്ങൾ ഓരോ യാത്രക്കാരനും മുന്നറിയിപ്പാണെന്ന് സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാട്ടി. വിദേശയാത്രയ്ക്കു മുമ്പ്, പ്രത്യേകിച്ച് പ്രായമായവർ യാത്ര ചെയ്യുമ്പോൾ, ആവശ്യമായ മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണം. യാത്രാ പാക്കേജുകളിൽ ഇൻഷുറൻസ് സംബന്ധിച്ച കാര്യങ്ങളിൽ ഏജൻസികൾ വീഴ്ച വരുത്തരുതെന്നും അവർ ആവശ്യപ്പെട്ടു.
പ്രവാസി വെൽഫെയർ നേതാക്കളായ പി.കെ. നൗഷാദ്, കെ.വി. ഉമ്മർ, ഷൗക്കത് അൽബാജ്, സഫീർ നരിക്കുനി, ഷജീർ, ജബ്ബാർ എന്നിവരും രോഗിയുടെ ബന്ധുവും പ്രവാസി വെൽഫെയർ പ്രവർത്തകനുമായ അമാനുള്ളയും രക്ഷാപ്രവർത്തനങ്ങൾക്കും തുടർ നടപടികൾക്കും നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.