Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Oct 2026 06:02 IST
Share News :
കോഴിക്കോട്: അത്താണിയിലെ കിടപ്പുരോഗികൾക്ക് കടൽക്കാഴ്ചയൊരുക്കാൻ നൂറോളം ആംബുലൻസുകൾ കോഴിക്കോട് ബീച്ചിലെത്തും. നരിക്കുനി അത്താണിയുടെ ഇരുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘കടലോളം 2.0’ പരിപാടി ഒക്ടോബർ 11 ഞായറാഴ്ച വൈകിട്ട് 4.30ന് കോഴിക്കോട് ബീച്ചിൽ നടക്കും.
അത്താണിയുടെ സംരക്ഷണത്തിലും പരിചരണത്തിലും കഴിയുന്ന കിടപ്പുരോഗികൾക്ക് കടലും തിരമാലകളും നേരിൽക്കണ്ട് ആസ്വദിക്കാനും തങ്ങളുടെ സർഗാത്മക കഴിവുകൾ അവതരിപ്പിക്കാനും അവസരമൊരുക്കുന്നതാണ് പരിപാടി. പരിമിതികൾക്കിടയിലും ജീവിതത്തിന്റെ സന്തോഷങ്ങൾ ആസ്വദിക്കാനും കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാനും അന്തേവാസികൾക്ക് വേദിയൊരുക്കുകയാണ് ‘കടലോളം 2.0’യുടെ ലക്ഷ്യം.
2005ൽ ഒരു കിടപ്പുരോഗിയെ പരിചരിച്ചുകൊണ്ട് ആരംഭിച്ച അത്താണിയുടെ സംരക്ഷണത്തിൽ ഇന്ന് ആരോരുമില്ലാത്ത 75 അന്തേവാസികളുണ്ട്. ഏഴ് പഞ്ചായത്തുകളിലായി എണ്ണൂറോളം രോഗികൾക്ക് സ്ഥാപനം പാലിയേറ്റീവ് പരിചരണം നൽകിവരുന്നു.
ഡയാലിസിസ് സെന്റർ, ഫിസിയോതെറാപ്പി സെന്റർ, റീഹാബിലിറ്റേഷൻ യൂണിറ്റ്, എമർജൻസി ഹോം കെയർ, സൈക്യാട്രി ക്ലിനിക്ക്, പോളി ക്ലിനിക്ക് തുടങ്ങിയ സേവനങ്ങളും അത്താണിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നുണ്ട്.
അത്താണിയുടെ ഇരുപതാം വാർഷികാഘോഷങ്ങളുടെ സമാപന പരിപാടികൾ ഒക്ടോബർ 22 മുതൽ 25 വരെ നരിക്കുനിയിലെ അത്താണി ഓഡിറ്റോറിയത്തിൽ നടക്കും. മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖർ പരിപാടികളിൽ പങ്കെടുക്കും. അത്താണിയുടെ പ്രവർത്തനങ്ങൾ നേരിട്ടറിയാൻ പൊതുജനങ്ങൾക്കും അവസരമൊരുക്കും.
20 കോടിയിലേറെ രൂപ ചെലവ് പ്രതീക്ഷിക്കുന്ന ‘ഹാർമണി വില്ലേജ്’ പദ്ധതിയിലൂടെ വിപുലമായ പരിചരണ-പുനരധിവാസ സൗകര്യങ്ങൾ ഒരുക്കാനുള്ള പ്രവർത്തനങ്ങളും അത്താണി നടത്തിവരുന്നു.
Follow us on :
Tags:
More in Related News
Please select your location.