Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Oct 2026 06:43 IST
Share News :
കോഴിക്കോട് - താലൂക്ക് ലാൻഡ് ബോർഡ് ഉത്തരവ് നടപ്പാക്കുന്നില്ലെന്ന് ആരോപിച്ച് വൈത്തിരി കുന്നത്തിടവക വില്ലേജിലെ 80ഓളം കുടുംബങ്ങൾ സമരത്തിലേക്ക്. ഒക്ടോബർ 14ന് കുന്നത്തിടവക വില്ലേജ് ഓഫീസിലേക്ക് മാർച്ച് നടത്തുമെന്ന് കുടുംബങ്ങളുടെ പ്രതിനിധികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സുബൈർ ഹാജിയുടെയും കുടുംബത്തിന്റെയും കൈവശത്തിലുണ്ടായിരുന്ന ഭൂമി വിലകൊടുത്ത് വാങ്ങി വർഷങ്ങളായി താമസിക്കുകയും കൃഷി, ഹോംസ്റ്റേ, വാടക ക്വാർട്ടേഴ്‌സുകൾ തുടങ്ങിയവയിലൂടെ ഉപജീവനം നടത്തുകയും ചെയ്യുന്നവരാണ് സമരത്തിന് ഒരുങ്ങുന്നത്. വൈത്തിരി താലൂക്ക് ആശുപത്രി പരിസരം, വൈഎംസിഎം ഹരിതനഗർ, പഴയ വൈത്തിരി മേഖലകൾ എന്നിവിടങ്ങളിലായി 130ഓളം കുടുംബങ്ങൾ താമസിക്കുന്നുണ്ടെന്നാണ് ഇവരുടെ വിശദീകരണം.
നിലവിലുണ്ടായിരുന്ന രേഖകൾ പ്രകാരം ഭൂമി വാങ്ങുകയും രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസും അടയ്ക്കുകയും ചെയ്താണ് താമസം തുടങ്ങിയതെന്ന് കുടുംബങ്ങൾ പറയുന്നു. 2014 വരെ ഭൂമിയുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങളെക്കുറിച്ച് ബന്ധപ്പെട്ട ഓഫീസുകളിൽനിന്ന് അറിയിപ്പുകളൊന്നും ലഭിച്ചിരുന്നില്ലെന്നും ഇവർ അവകാശപ്പെടുന്നു.
എന്നാൽ 2014ൽ ഭൂമി ലാൻഡ് സീലിങ് കേസിൽ ഉൾപ്പെടുത്തിയെന്നും 2017ൽ തുടർകൈമാറ്റം തടഞ്ഞ് അന്നത്തെ ആർഡിഒ ഉത്തരവിറക്കിയെന്നും കുടുംബങ്ങളുടെ പ്രതിനിധികൾ പറഞ്ഞു.
തുടർന്ന് താലൂക്ക് ലാൻഡ് ബോർഡിൽ നൽകിയ പരാതിയിൽ ദീർഘകാല നിയമനടപടികൾക്കൊടുവിൽ 2025 ഒക്ടോബർ 30ന് ഉത്തരവ് പുറപ്പെടുവിച്ചു. 7E പട്ടയത്തിന് അർഹതയുള്ള 80 പേരെ കേസിൽനിന്ന് ഒഴിവാക്കുന്നതാണ് ഉത്തരവെന്നാണ് കുടുംബങ്ങളുടെ വിശദീകരണം.
എന്നാൽ ഉത്തരവ് പുറപ്പെടുവിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും അത് നടപ്പാക്കിയിട്ടില്ലെന്നാണ് പരാതി. ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കുന്നത്തിടവക വില്ലേജ് ഓഫീസർ തഹസിൽദാർക്കും കലക്ടറേറ്റിലേക്കും കത്തയച്ചതായി അറിയാൻ കഴിഞ്ഞെന്നും ഉത്തരവ് നടപ്പാക്കുന്നതിന് ഇത് തടസ്സമാകുന്നുവെന്നും കുടുംബങ്ങളുടെ പ്രതിനിധികൾ ആരോപിച്ചു.
താലൂക്ക് ലാൻഡ് ബോർഡ് ഉത്തരവ് നടപ്പാക്കി നീതി ഉറപ്പാക്കണമെന്നാണ് കുടുംബങ്ങളുടെ ആവശ്യം. ഒക്ടോബർ 14ന് വില്ലേജ് ഓഫീസിലേക്ക് മാർച്ച് നടത്താനും തുടർ സമരപരിപാടികൾ സംഘടിപ്പിക്കാനും കുടുംബങ്ങളുടെ പ്രതിനിധികൾ തീരുമാനിച്ചതായി അറിയിച്ചു.
വാർത്താസമ്മേളനത്തിൽ എസ്. ചിത്രകുമാർ, ഷിബി ആന്റണി, ഒ. അബ്ദുൽ അസീസ്, മനോജ് വർഗീസ്, ഫിറോസ് ഹിബ, ശിവരാമൻ എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.