Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Sep 2026 07:18 IST
Share News :
ചേരാത്ത ദാമ്പത്യബന്ധം സമൂഹത്തിന്റെ സമ്മർദം കൊണ്ട് തുടരാൻ നിർബന്ധിക്കരുതെന്നും, ആവശ്യമായിടത്ത് മാന്യമായ വേർപിരിയലിനും കോ-പാരന്റിംഗിനും അവസരം നൽകണമെന്നും ഡോ. അദീല അബ്ദുള്ള IAS. ‘വിവാഹം ആർക്കുവേണ്ടി?’ എന്ന തലക്കെട്ടിൽ പങ്കുവെച്ച കുറിപ്പിലാണ് അദീല അബ്ദുള്ളയുടെ പ്രതികരണം.
വിവാഹം അവനവന് വേണ്ടിയാണോ, കുടുംബത്തിനും സമൂഹത്തിനും വേണ്ടിയാണോ എന്ന ചോദ്യം ഉയർത്തിയാണ് അവർ കുറിപ്പ് ആരംഭിക്കുന്നത്. നിരന്തരം സംഘർഷത്തിലായിരുന്ന ഒരു സുഹൃത്തിന്റെ കുടുംബജീവിതം ചൂണ്ടിക്കാട്ടി, വിവാഹത്തിന്റെ ലക്ഷ്യം സ്നേഹവും സമാധാനവുമാണോ അതോ വാശിയും മറ്റുള്ളവരെ ബോധ്യപ്പെടുത്തലുമാണോ എന്ന് ആത്മപരിശോധന നടത്തണമെന്നും അവർ പറഞ്ഞു.
നിരന്തരം വഴക്കുണ്ടാകുന്ന ദാമ്പത്യബന്ധം മക്കളുടെ മുന്നിലും അവരുടെ മാനസികാരോഗ്യത്തിലും ദോഷകരമായ സ്വാധീനം ചെലുത്തുമെന്ന് അദീല ചൂണ്ടിക്കാട്ടി. ഇത്തരം സാഹചര്യങ്ങളിൽ ബന്ധം നിർബന്ധിച്ച് നിലനിർത്തുന്നതിനുപകരം, കുട്ടികളുടെ കാര്യത്തിൽ അച്ഛനും അമ്മയും ചേർന്ന് ഉത്തരവാദിത്തം നിർവഹിക്കുന്ന കോ-പാരന്റിംഗ് ഒരു നല്ല മാർഗമാണെന്നും അവർ അഭിപ്രായപ്പെട്ടു.
‘എല്ലാവരും ഡിവോഴ്സ് ആവണം എന്നല്ല പറയുന്നത്. വേണ്ടിടത്ത് അത് എളുപ്പമാക്കാം’ എന്നാണ് അദീലയുടെ നിലപാട്. ദാമ്പത്യം ആരോഗ്യകരമായി മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്നവർ അത് തുടരട്ടെ. എന്നാൽ ടോക്സിക് ബന്ധങ്ങളിൽ ഭർത്താവിനും ഭാര്യയ്ക്കും മോചനം ആവശ്യമാണ്.
വിവാഹമോചനത്തെ സമൂഹം കൂടുതൽ സ്വാഭാവികമായി കാണണമെന്നും, വേർപിരിയുന്നവർക്ക് മാന്യമായി ജീവിതം മുന്നോട്ടുകൊണ്ടുപോകാനും കുട്ടികളുടെ വളർച്ചയിൽ ഇരുവരുടെയും പങ്കാളിത്തം ഉറപ്പാക്കാനും സമൂഹം സഹായിക്കണമെന്നും അവർ പറഞ്ഞു.
മനോരമ ന്യൂസ് കോൺക്ലേവ് 2026-ലെ ചർച്ചയുമായി ബന്ധപ്പെട്ടാണ് ഈ വിഷയത്തിൽ അദീല അബ്ദുള്ള പ്രതികരണം പങ്കുവെച്ചത്.
ആർക്കുവേണ്ടിയാണ് വിവാഹം കഴിക്കുന്നതെന്ന് ചിലരെ കാണുമ്പോളെങ്കിലും എനിക്ക് തോന്നാറുണ്ട്. അവനവന് വേണ്ടിയോ, കുടുംബത്തിനോ മറ്റുള്ളവർക്ക് വേണ്ടിയോ?
കൂടുതൽ ഇതേപ്പറ്റി ചിന്തിച്ചത്, ഒരു സുഹൃത്ത് വിഷമം പറയാൻ വന്നപ്പോളാണ്.
ഭാര്യ തനിക്കെതിരെ കൊടുത്ത കേസാണ് കാര്യം. ഒരു മണിക്കൂർ നീണ്ട ചർച്ചയ്ക്കൊടുവിൽ പുള്ളിയോട് ചോദിക്കാൻ തോന്നിയത്, ആർക്കുവേണ്ടിയായിരുന്നു ഈ വിവാഹം എന്ന ചോദ്യമാണ്. സമാധാനത്തിൽ ഒരു മാസം പോലും ജീവിക്കാത്ത ആ കുടുംബനാഥന് മക്കൾ നാല് പേർ. വഴക്ക് കേരളത്തിലും സൗദി അറേബ്യയിലും വെച്ച്. കുട്ടികൾ നോക്കുമ്പോളും നോക്കാത്തപ്പോളും കതക് അടച്ചും അടക്കാതെയും, സംഭവബഹുലമായി വഴക്ക് അരങ്ങേറുന്നു. ആ വിദ്വാനാണ് പിണങ്ങിപ്പോയ ഭാര്യയേയും കുട്ടികളേയും കാണാനും സാമീപ്യത്തിനുമായി കാശ് കൊണ്ടും കേസ് കൊടുത്തും മധ്യസ്ഥം പറഞ്ഞു നോക്കിയും ഭാര്യയുമായി ചേരാൻ നോക്കുന്നത്. കേസിനു പറ്റിയ കൗണ്ടർ കേസ് എന്ത് എന്ന് നോക്കാനാണ് എന്റെ അടുക്കൽ വഴിതെറ്റി എത്തിയത്.
സ്വന്തത്തോട് ചില ചോദ്യങ്ങൾ ചോദിച്ചു ഉത്തരം മനസ്സിലാക്കാൻ പറഞ്ഞാണ് ഞാൻ മൂപ്പരെ വിട്ടത്. ആ ഭാര്യയുമായി സ്നേഹമാണോ സമാധാനമാണോ വാശിയാണോ മറ്റുള്ളവരെ കാണിക്കലാണോ വിവാഹത്തിലൂടെ വേണ്ടതെന്ന ആത്മചിന്ത നടത്തി, ഒരു തെറാപ്പി എടുത്ത് അവനവന് വേണ്ടതെന്താണെന്നു ഉറപ്പിച്ചു ഒരു സൈക്കോളജിസ്റ്റിനെ (counsellor) കാണാനും പറഞ്ഞു.
എനിക്ക് കേട്ടപ്പോൾ തോന്നിയത്, അവിടെ വേണ്ടത്, എത്രയും പെട്ടെന്ന് ഒരു ഡിവോഴ്സ് ആണ് എന്നാണ്. ഒരു ദിവസം നേരത്തെയെങ്കിൽ അത്രയും നല്ലത്. അദ്ദേഹത്തിന്റെ പ്രശ്നത്തിന്റെ പരിഹാരം co-parenting ആണ്. കുട്ടികളെ കാണണമെന്നും വളർത്തണമെന്നുമാണ് അദ്ദേഹത്തിന്റെ ആവശ്യം. അത് ആത്മാർഥമായാണ് പുള്ളി പറയുന്നത്. കുഞ്ഞുങ്ങളെ കാണലും വളർത്തലും ഭാര്യയുമായി ചേർന്നില്ലെങ്കിലും ആവാം.
ഒരു interest ഉണ്ടെങ്കിൽ ചെയ്യാൻ എളുപ്പം കഴിയുന്ന ഒന്നാണ് കുട്ടികളെ പരിപാലിക്കുക എന്നത്. സുഹൃത്തിനതുണ്ട്. ആള് സൂപ്പർ മനുഷ്യൻ ആണ്.
ശേഷം വീണ്ടും ആവശ്യമെങ്കിൽ വിവാഹം കഴിച്ച് ജീവിക്കുക എന്നതാവും നല്ലത്.
ചെലോലത് ശരിയാവും ചെലോലത് ശരിയാവൂല എന്ന് പണ്ടാ കുട്ടി പറഞ്ഞില്ലേ... അതെന്നെ.
മാന്യമായി പിരിയുന്നതിനു പകരം, നമ്മളുടെ നാട്ടിൽ വിവാഹം ആർഭാടമായി നടത്തി എന്നത് കൊണ്ട്, ഭാര്യയുമായി ചേർന്നില്ലെങ്കിൽ പോലും നാട്ടുകാരും വീട്ടുകാരും കൂടെ പോയി ഉപദേശിച്ചു ചേർത്താൽ ചേരാത്തത് ചേർക്കാൻ നോക്കും.
പാചകത്തിൽ പോലും ചേരുവ ചേരില്ലെങ്കിൽ ചേരില്ല. പിന്നെ എന്തിന് മനുഷ്യ ജീവിതത്തിൽ ? അവസാനം രണ്ട് പേരും പരസ്പരം ആക്രമിച്ച് വേദനിപ്പിച്ചു മുന്നോട്ട് പോകും. മരണം വരെ.
കൂടെ കൊറേ കേസും കൂട്ടവും. അവസാനം ഇഷ്ടമില്ലാത്ത പൈസ കൊടുക്കലും വാങ്ങലും.
കുട്ടികൾക്കാണെങ്കിൽ ആ നോവ് വൈകി ആവും ഉണങ്ങുക. നരകിക്കലിന്റെ ആഫ്റ്റർ ഇഫക്റ്റ്.
കൊറേ നാൾ കൂടി കാണും മക്കൾക്ക് ആ വഴക്കിന്റെ ദുരന്തം.
കുടുംബം വഴി വഴക്ക്, മാതാപിതാക്കൾ വഴി, നാട്ടുകാർ വഴി, എന്തിന് പഞ്ചായത്തും പള്ളി കമ്മിറ്റിയും കരക്കാരും തമ്മിൽ തെറ്റിയാവും വിവാഹമോചനത്തിലേക്ക് എത്തുക.
ഡിവോഴ്സ് പാർട്ടി നടത്തുന്ന ആളുകളാണ് പല നാട്ടുകാരും. അവർ വിവാഹം പോലെ വേർപിരിയലും രണ്ട് വീട്ടുകാരെയും സുഹൃത്തുക്കളേയും വിളിച്ചു ആഘോഷിച്ചു നടത്തുന്നു. പിന്നീട് നല്ല സുഹൃത്തുക്കളായി പിരിയുന്നു. ഒരു പരിഭവമുമില്ലാതെ co-parenting ചെയ്യുന്നു. എത്ര ലാഘവത്തോടെ. കൂടെ പുനർവിവാഹവും കഴിക്കുന്നു.
ഇങ്ങനെ വേണം ജീവിതം. 10 മിനിറ്റ് ചായ കുടിച്ച് കണ്ട് ഇഷ്ടമായി കല്യാണം കഴിക്കുന്ന ആളുകളാണ് മിക്കവരും. ഇങ്ങനെ 10 മിനിറ്റ് ഇന്റർവ്യൂ നടത്തി എടുക്കുന്ന എംപ്ലോയീസ്നെ പറ്റില്ലെങ്കിൽ നമ്മൾ ജോലിയിൽ നിന്ന് പിരിച്ചു വിടും, പക്ഷേ ഭാര്യ ഭർത്താക്കന്മാർ. നഹീ നഹീ. സമ്മതിക്കൂല നമ്മൾ.
ഇനി എല്ലാവരും ഡിവോഴ്സ് ആവണം എന്നല്ല പറയുന്നത്, വേണ്ടിടത്ത് അത് എളുപ്പത്തിൽ ആക്കി കൊടുക്കുക ആവാം, ആക്കാം. കോപാരന്റിംഗ് ഒരു നല്ല ഓപ്ഷനായി വെക്കാം. കുട്ടികളെ വളർത്താൻ അച്ഛനും അമ്മയ്ക്കും ഉത്തരവാദിത്തം പോലെ ആഗ്രഹവും ഉണ്ടാവും. അത് ഒന്നിച്ചു നടത്താൻ സമൂഹം സഹായിക്കുക.
അല്ലാത്തവർ വിവാഹം പവിത്രമായി തന്നെ കൊണ്ട് പോകട്ടെ.
മനുഷ്യനെ ഞെരുക്കിയും, ഒതുക്കിയും അല്ല ജീവിക്കേണ്ടത്. ഭർത്താവിനും ഭാര്യയ്ക്കും ടോക്സിസിറ്റിയിൽ നിന്ന് മോചനം വേണം.
സമൂഹമാണ് വലിയ കാരണക്കാർ. അത് കൊണ്ട് ദൈവത്തോട് ഒന്ന് അഡ്ജസ്റ്റ് ചെയ്യാൻ പറയണം , ഡിവോഴ്സിന്റെ കാര്യത്തിൽ. അതാ വേണ്ടതെന്നാ ഇപ്പോ തോന്നുന്നത്.
മനോരമ conclave, കേരളം @70, ചർച്ചയിൽ ഞാനീപ്പറഞ്ഞത് വന്നിട്ടുണ്ട്. സ്നിപ്പറ്റ്സ് വന്നിട്ടില്ല, അവർ ഇടുമായിരിക്കും. വാർത്ത ഷെയർ ചെയ്യാം.
#say no to toxic relationships
#DrAdeelaAbdullaIAS
Follow us on :
Tags:
More in Related News
Please select your location.