Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Aug 2026 23:26 IST
Share News :
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്കമരണം സംഭവിച്ച 16-കാരൻ ആദിലിന്റെ അവയവങ്ങൾ ദാനം ചെയ്തു. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ ആദിലിന്റെ കരൾ ഉൾപ്പെടെ മൂന്ന് പ്രധാന അവയവങ്ങളാണ് മൂന്ന് രോഗികൾക്ക് പുതുജീവനേകുന്നത്. കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രിയാണ് ഡോക്ടർമാർ ആദിലിന് മസ്തിഷ്കമരണം സ്ഥിരീകരിച്ചത്. ദിവസങ്ങൾക്ക് മുൻപ് ഉണ്ടായ വാഹനാപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ആസ്റ്റർ മിംസിലെ തീവ്രപരിചരണ വിഭാഗത്തിൽ വിദഗ്ധ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മകന്റെ വിയോഗത്തിന്റെ തീരാദുഃഖത്തിനിടയിലും അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം എടുത്ത തീരുമാനം അവയവങ്ങൾക്കായി കാത്തിരിക്കുന്ന രോഗികൾക്ക് പ്രതീക്ഷയായി. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക അവയവദാന ഏജൻസിയായ കെ-സോട്ടോ (കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ഓർഗനൈസേഷൻ) മുഖേനയാണ് അവയവദാന നടപടികൾ ഏകോപിപ്പിച്ചത്. ആദിലിന്റെ കരൾ കോഴിക്കോട് ആസ്റ്റർ മിംസിലെ രോഗിക്കും ഒരു വൃക്ക കോഴിക്കോട് ബി.എം.എച്ചിലെ രോഗിക്കും രണ്ടാമത്തെ വൃക്ക കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗിക്കുമാണ് മാറ്റിവെച്ചത്. ആസ്റ്റർ മിംസിലെയും ഗവ. മെഡിക്കൽ കോളേജിലെയും വിദഗ്ധ സർജൻമാർ ഉൾപ്പെടുന്ന സംഘമാണ് സങ്കീർണ്ണമായ ശസ്ത്രക്രിയകൾക്ക് നേതൃത്വം നൽകിയത്.
“അവൻ ഞങ്ങളെ വിട്ടുപിരിഞ്ഞെങ്കിലും മൂന്ന് വ്യക്തികളിലൂടെ ഈ ലോകത്ത് ഇനിയും ജീവിക്കും എന്ന പ്രതീക്ഷയാണ് ഈ തീരുമാനത്തിന് ഞങ്ങൾക്ക് കരുത്തായത്,” ആദിലിന്റെ അമ്മയും സഹോദരിയും പ്രതികരിച്ചു.
അടിയന്തര സാഹചര്യത്തിൽ അവയവങ്ങൾ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ കഴിഞ്ഞത് കൂട്ടായ പ്രവർത്തനത്തിന്റെ വിജയമാണെന്ന് ആശുപത്രി മാനേജ്മെന്റ് അറിയിച്ചു. ഒരു ജീവൻ നഷ്ടമാകുമ്പോൾ മറ്റു പലർക്കും അത് പ്രത്യാശയായി മാറുന്ന മനുഷ്യത്വത്തിന്റെ വലിയ ഉദാഹരണമാണ് ആദിലിന്റെ കുടുംബത്തിന്റെ തീരുമാനമെന്നും ആസ്റ്റർ മിംസ് സി.ഒ.ഒ ഡോ. ഗോപിനാഥ് മാമ്പള്ളിക്കളം പറഞ്ഞു. കുടുംബത്തിനും കെ-സോട്ടോ ഉൾപ്പെടെയുള്ള അനുബന്ധ വിഭാഗങ്ങൾക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.
Follow us on :
Tags:
More in Related News
Please select your location.