Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗർഭപാത്രത്തിൽ വച്ച് ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയമായ കുഞ്ഞിൻ്റെ ഒന്നാം പിറന്നാൾ ജീവൻ രക്ഷിച്ച Aster Mimsലെ ഡോക്ടർമാർക്കൊപ്പം.

22 Aug 2026 07:46 IST

NewsDelivery

Share News :

കോഴിക്കോട്: അമ്മയുടെ ഉദരത്തിൽവച്ചു സങ്കീർണമായ ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായ കുരുന്നിന്റെ ഒന്നാം പിറന്നാൾ ആഘോഷിക്കാൻ മാതാപിതാക്കളും കുഞ്ഞും കോഴിക്കോട് ആസ്റ്റർ മിംസിലെത്തി. വയനാട് വരദൂർ സ്വദേശികളായ ദമ്പതികളുടെ മകൻ മുഹമ്മദ് ഇജാസ്സിന്റെ പിറന്നാളാണ് തികച്ചും വ്യത്യസ്തമായി ആശുപത്രിയിലെ ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയും സാന്നിധ്യത്തിൽ കുടുംബം ആഘോഷിച്ചത്.


കുഞ്ഞ് ഗർഭസ്ഥ ശിശുവായിരിക്കെ നടത്തിയ പരിശോധനയിലാണ് ഹൃദയത്തിൽ നിന്ന് രക്തം പമ്പ് ചെയ്യുന്ന അയോർട്ടിക് വാൽവ് അടഞ്ഞുപോകുകയും രക്തം വിപരീതദിശയിലേക്ക് ഒഴുകുകയും ചെയ്യുന്ന അപൂർവ്വ തകരാറുള്ളതായി ഡോക്ടർമാർ കണ്ടെത്തിയത്. വാൽവുകളുടെ തകരാർ കാരണം രക്തയോട്ടം തടസ്സപ്പെട്ട ഈ അവസ്ഥയിൽ സമയബന്ധിതമായി ചികിത്സ നൽകിയില്ലെങ്കിൽ ഹൃദയത്തിന്റെ പ്രവർത്തനം പൂർണമായും നിലച്ചുപോകാനുള്ള സാധ്യത ഏറെയായിരുന്നു. അതുകാരണം ജനനത്തിനു മുമ്പോ ശേഷമോ മരണം സംഭവിക്കാനുമിടെയുണ്ടായിരുന്ന സാഹചര്യത്തിലാണ് ആശുപത്രിയിലെ പീഡിയാട്രിക് കാർഡിയാക് വിഭാഗം ഡോക്ടർമാരും, ഗൈനെക്കോളജി വിഭാഗം ഡോക്ടർമാരും ചേർന്ന് ആറു മാസം ഗർഭിണിയായ അമ്മയുടെ ഉദരത്തിൽ വെച്ച് തന്നെ ബലൂൺ അയോർട്ടിക് വാൽവുലോപ്ലാസ്റ്റി എന്ന അതിസങ്കീർണമായ ശസ്ത്രക്രിയ നടത്തി കുഞ്ഞിൻ്റെ ജീവൻ രക്ഷിച്ചത്.


അമ്മയുടെ ഉദരത്തിലൂടെ പ്രത്യേക സൂചി ഉപയോഗിച്ച് ഗർഭപാത്രത്തിലേക്കും അവിടെനിന്ന് ഗർഭസ്ഥ ശിശുവിന്റെ ഹൃദയത്തിലേക്കും മൈക്രോ കത്തീറ്റർ കടത്തിവിട്ട് ചുരുങ്ങിപ്പോയ വാൽവ് വികസിപ്പിക്കുകയും രക്തയോട്ടം സാധാരണ നിലയിലാക്കി കുഞ്ഞിൻ്റെ ജീവൻ രക്ഷിക്കുക എന്നതായിരുന്നു ഡോക്ടർമാരുടെ ലക്ഷ്യം. ആദ്യ ദിനം സർജറി പ്രോസീജ്യറുകൾ എല്ലാം പൂർത്തീകരിച്ചു മുന്നോട്ട് പോയപ്പോഴാണ് കുഞ്ഞിൻ്റെ സ്ഥാനം അഭിമുഖമല്ലെന്ന് തിരിച്ചറിയുന്നത്. തുടർന്ന് മൂന്ന് ദിവസം കാത്തിരുന്ന ശേഷമാണ് സർജറി വിജയകരമായി പൂർത്തീകരിച്ചത്.


ഗർഭസ്ഥ ശിശുവിന്റെ ഹൃദയവാൽവുകളിലെ തടസ്സം നീക്കി രക്തയോട്ടം പുനഃസ്ഥാപിക്കുക എന്ന ശ്രമകരമായ ദൗത്യം അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായവും മെഡിക്കൽ ടീമിന്റെ മികച്ച ഏകോപനവുമാണ് ഈ വിജയത്തിന് കാരണമായതെന്ന് ഇന്റെർവെൻഷണൽ പീഡിയാട്രിക് കാർഡിയോളോജിസ്റ്റ് ഡോ. എഡ്വിൻ ഫ്രാൻസിസ് വ്യക്തമാക്കി.


തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിൽ വലിയ ആശ്വാസവും പ്രതീക്ഷയുമാണ് ആശുപത്രിയിലെ മെഡിക്കൽ സംഘം പകർന്നുനൽകിയത്. പൂർണ ആരോഗ്യവാനായ മകനെ ഇന്ന് കാണാൻ സാധിക്കുന്നത് വലിയൊരു അനുഗ്രഹമായി കരുതുന്നുവെന്നും അതുകൊണ്ടാണ് ഈ സന്തോഷനിമിഷം കുഞ്ഞിന്റെ ജീവൻ രക്ഷിച്ചവർക്കൊപ്പം ആദ്യ പിറന്നാൾ ആഘോഷിക്കാൻ തീരുമാനിച്ചതെന്നും മാതാപിതാക്കൾ പറഞ്ഞു.


പീഡിയാട്രിക് കാർഡിയോളജി, ഫീറ്റൽ മെഡിസിൻ, പീഡിയാട്രിക് കാർഡിയാക് സർജറി, നിയോനറ്റോളജി, കാർഡിയാക് അനസ്‌തേഷ്യ എന്നീ വിഭാഗങ്ങളുടെ സംയുക്ത പ്രവർത്തനമാണ് ഈ ശസ്ത്രക്രിയയുടെ വിജയത്തിന് അടിസ്ഥാനമെന്ന് കോഴിക്കോട് ആസ്റ്റർ മിംസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ. ഗോപിനാഥ് മാമ്പള്ളിക്കളം ചൂണ്ടിക്കാട്ടി. കഴിഞ്ഞ 25 വർഷമായി ഹൃദ്രോഗ ചികിത്സാ രംഗത്ത് ആശുപത്രി നൽകുന്ന മികച്ച സേവനത്തിന്റെ തെളിവാണ് ഈ നേട്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പീഡിയാട്രിക് കാർഡിയോളജി വിഭാഗം ഡോ. രേണു പി. കുറുപ്പ്, ഡോ. രമാദേവി കെ.എസ്, ഡോ. നബീൽ ഫൈസൽ, ഡോ. പ്രിയ പി.എസ്, പീഡിയാട്രിക് കാർഡിയോ തൊറാസിക് സർജറി വിഭാഗം ഡോ. ഗിരീഷ് വാര്യർ, ഡോ. ശബരീനാഥ് മേനോൻ, ഗൈനെക്കോളജി വിഭാഗം ഡോ. ഉമാ രാധേഷ്, പീഡിയാട്രിക് അനസ്തേഷ്യ വിഭാഗം ഡോ. സുജാത, ഫീറ്റൽ മെഡിസിൻ ഡോ. ശ്രീജ പി.എസ് തുടങ്ങിയവരടങ്ങുന്ന വിദഗ്ദ്ധ മെഡിക്കൽ സംഘമായിരുന്നു കുഞ്ഞിൻ്റെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്.

Follow us on :

More in Related News