Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വ്യാജമരുന്നുകൾ തടയാൻ ശക്തമായ ട്രേസബിലിറ്റി വേണം; കെ.എം.ഡി.എ സംസ്ഥാന സമ്മേളനം 15, 16 തീയതികളിൽ കോഴിക്കോട്

13 Aug 2026 11:49 IST

NewsDelivery

Share News :

കോഴിക്കോട്: മരുന്നുകളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും വിതരണ ശൃംഖലയിൽ സുതാര്യതയും രോഗികളുടെ സുരക്ഷയും ഉറപ്പാക്കാൻ ശക്തമായ ട്രേസബിലിറ്റി സംവിധാനം സർക്കാർ ഉറപ്പാക്കണമെന്ന് കേരള മെഡിക്കൽ ഡിസ്ട്രിബ്യൂട്ടേർസ് അസോസിയേഷൻ (കെ.എം.ഡി.എ) ആവശ്യപ്പെട്ടു.


മരുന്നിന്റെ ഉറവിടം മുതൽ രോഗിയുടെ കൈയിലെത്തുന്നതുവരെയുള്ള യാത്ര കൃത്യമായി കണ്ടെത്താൻ കഴിയുന്ന സംവിധാനം അനിവാര്യമാണെന്ന് കെ.എം.ഡി.എ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മരുന്ന് ഏത് സ്ഥാപനത്തിൽനിന്നാണ് എത്തിയത്, ഏത് ബാച്ചിലാണ് ഉൾപ്പെട്ടത്, ആരാണ് നിർമ്മിച്ചത്, ആരാണ് വിതരണം ചെയ്തത്, ഏത് ബില്ലിലൂടെയാണ് കൈമാറ്റം നടന്നത് തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാൻ കഴിയണം.


വിതരണ ശൃംഖലയിൽ ഇടനിലക്കാരെ ഒഴിവാക്കി മരുന്നുകൾ നേരിട്ട് റീട്ടെയിൽ മെഡിക്കൽ ഷോപ്പുകളിലേക്ക് എത്തിക്കുന്ന പ്രവണത വർധിച്ചുവരുന്ന സാഹചര്യത്തിലാണ് കെ.എം.ഡി.എയുടെ ആവശ്യം. വിതരണ സംവിധാനത്തിലെ മാറ്റങ്ങളെ എതിർക്കുന്നില്ലെന്നും എന്നാൽ ഓരോ ഘട്ടത്തിലും മരുന്നിന്റെ ഉറവിടവും വിതരണ വിവരങ്ങളും രേഖപ്പെടുത്തണമെന്നും സംഘടന വ്യക്തമാക്കി.


പാക്കറ്റ് പരിശോധിച്ച് മാത്രം എല്ലാ സാഹചര്യങ്ങളിലും യഥാർഥ മരുന്നാണോ വ്യാജമരുന്നാണോ എന്ന് തിരിച്ചറിയാൻ സാധിക്കണമെന്നില്ല. അതിനാൽ വ്യാജമരുന്നുകളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും വ്യാപനം തടയുന്നതിനും രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഫലപ്രദമായ ട്രേസബിലിറ്റി സംവിധാനം അനിവാര്യമാണെന്നും കെ.എം.ഡി.എ ചൂണ്ടിക്കാട്ടി.


കെ.എം.ഡി.എ സംസ്ഥാന സമ്മേളനം 15, 16ന്


കെ.എം.ഡി.എ സംസ്ഥാന സമ്മേളനം ഓഗസ്റ്റ് 15, 16 തീയതികളിൽ കോഴിക്കോട് ചിന്താവളപ്പ് മെജസ്റ്റിക് ഹാളിൽ നടക്കും. 15ന് രാവിലെ 11ന് സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് കെ.വി.എം. ഫിറോസ് അധ്യക്ഷത വഹിക്കും. എം.കെ. രാഘവൻ എം.പി. മുഖ്യാതിഥിയാകും. കെ. പ്രവീൺകുമാർ എം.എൽ.എ. വിശിഷ്ടാതിഥിയാകും.


മെഡിക്കൽ എക്സ്പോ ഫൈസൽ ബാബു എം.എൽ.എ. ഉദ്ഘാടനം ചെയ്യും. സുവനീർ പ്രകാശനം കെ. ജയന്ത് എം.എൽ.എ. നിർവഹിക്കും. തുടർന്ന് പ്രതിനിധി സമ്മേളനം, ചർച്ച, പുതിയ സംസ്ഥാന കമ്മിറ്റി തിരഞ്ഞെടുപ്പ് എന്നിവ നടക്കും. വൈകിട്ട് മെന്റലിസം ഷോയും കലാപരിപാടികളും അരങ്ങേറും.


16ന് സംഘടനയിൽ 25 വർഷം പൂർത്തിയാക്കിയ അംഗങ്ങളെ ആദരിക്കും. രാവിലെ 10.30ന് ‘മെഡിക്കൽ വ്യാപാര മേഖല നേരിടുന്ന വെല്ലുവിളികളും പരിഹാരങ്ങളും’ എന്ന വിഷയത്തിൽ തുറന്ന ചർച്ച നടക്കും. ഉച്ചയ്ക്ക് 12.30ന് നടക്കുന്ന പൊതുസമ്മേളനം പി.എ. മുഹമ്മദ് റിയാസ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും.


വാർത്താസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ സൂര്യ അബ്ദുൾ ഗഫൂർ, കെ.വി.എം. ഫിറോസ്, പി. അനിൽകുമാർ, വി. കനകരാജൻ, സഗേഷ് സദാനന്ദൻ, സുബീഷ് ടി.പി., ധനേഷ് ടി. എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News