Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Aug 2026 07:36 IST
Share News :
കണ്ണൂർ: ദിവസങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന അർജുൻ ആയങ്കിയെ പോലീസ് പിടികൂടി. കണ്ണൂർ നഗരത്തിലെ ഒരു അഭിഭാഷകന്റെ അപ്പാർട്ട്‌മെന്റിൽ നിന്ന് ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ദിവസങ്ങളായി അർജുൻ ആയങ്കിക്കായി പോലീസ് സംസ്ഥാനവ്യാപകമായി തിരച്ചിൽ നടത്തിവരികയായിരുന്നു. തൃശ്ശൂരിലുണ്ടെന്ന സൂചനയെ തുടർന്ന് അവിടെയും പരിശോധന നടത്തിയിരുന്നു. എന്നാൽ സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കണ്ണൂരിലുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചത്.
വളപട്ടണത്ത് അർജുൻ സഞ്ചരിച്ചിരുന്ന കാർ പോലീസ് കസ്റ്റഡിയിലെടുത്തതും അന്വേഷണത്തിൽ നിർണായകമായി. തുടർന്ന് അഭിഭാഷകയെ കാണാൻ ഓട്ടോറിക്ഷയിൽ എത്തിയതായി വിവരം ലഭിച്ചു. ഓട്ടോ ഡ്രൈവറുടെ സംശയം പോലീസിനെ അറിയിച്ചതിനെ തുടർന്ന് സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് ഇക്കാര്യം സ്ഥിരീകരിച്ചു.
പുലർച്ചെയോടെ അപ്പാർട്ട്‌മെന്റ് വളഞ്ഞാണ് പോലീസ് അർജുനെ പിടികൂടിയത്. പോലീസിനെ കണ്ട അർജുൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തിയതായി സിറ്റി പോലീസ് കമ്മിഷണർ വ്യക്തമാക്കി.
രാമനാട്ടുകര സ്വർണക്കടത്ത് കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതി ചേർക്കപ്പെട്ടതോടെയാണ് അർജുൻ ആയങ്കി വാർത്തകളിൽ ശ്രദ്ധ നേടിയത്. ഒളിവിൽ കഴിയുന്നതിനിടെ തന്നെ പിടികൂടാൻ കഴിയുമെങ്കിൽ പിടികൂടൂ എന്ന തരത്തിൽ ആഭ്യന്തര വകുപ്പിനെ വെല്ലുവിളിച്ച് ഇയാൾ സാമൂഹിക മാധ്യമത്തിൽ പോസ്റ്റിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് അന്വേഷണം ശക്തമാക്കിയത്.
അറസ്റ്റിന് ശേഷം പോലീസ് വാഹനത്തിൽ കൊണ്ടുപോകുന്നതിനിടെയും അർജുൻ പോലീസിനെ പരിഹസിക്കുന്ന നിലപാട് സ്വീകരിച്ചതായാണ് റിപ്പോർട്ട്. ‘കടലിൽ കാണാതായവരെ കിട്ടിയോ?’ എന്നായിരുന്നു ഇയാളുടെ പരിഹാസ ചോദ്യം.
അതിനിടെ, അർജുൻ ആയങ്കിയെ കഴിഞ്ഞ ദിവസങ്ങളിൽ സി.പി.എം. തള്ളിപ്പറഞ്ഞിരുന്നു. അർജുൻ ആയങ്കിയെപ്പോലെയുള്ളവരെ ന്യായീകരിക്കേണ്ട കാര്യമില്ലെന്ന് സി.പി.എം. നേതാക്കൾ വ്യക്തമാക്കിയിരുന്നു.
കോതമംഗലത്ത് നിയമവിരുദ്ധമായി സംഘം ചേർന്ന കേസിൽ ജാമ്യം നിഷേധിക്കപ്പെട്ട് ജയിലിൽ കഴിയേണ്ടിവന്നതിന് പിന്നാലെ അവിടത്തെ എസ്.എച്ച്.ഒയെ ഭീഷണിപ്പെടുത്തി സാമൂഹിക മാധ്യമത്തിൽ പോസ്റ്റിട്ടതിലും അർജുനെതിരെ കേസുണ്ട്.
ആഭ്യന്തര വകുപ്പിനെയും മന്ത്രിയെയും വെല്ലുവിളിച്ചതുമായി ബന്ധപ്പെട്ട് കണ്ണൂർ ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് നൽകിയ പരാതിയിലും അർജുനെതിരെ കേസെടുത്തിട്ടുണ്ട്.
Follow us on :
Tags:
More in Related News
Please select your location.