Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഡോ. സുരേഷ് കുമാറിന് WHOയുടെ ‘പബ്ലിക് ഹെൽത്ത് ചാമ്പ്യൻ’ പുരസ്‌കാരം; കേരള മോഡൽ പാലിയേറ്റീവ് കെയറിന് ആഗോള അംഗീകാരം

08 Aug 2026 22:36 IST

NewsDelivery

Share News :

കോഴിക്കോട്: പാലിയേറ്റീവ് കെയർ രംഗത്തെ അന്താരാഷ്ട്ര സംഭാവനകൾ പരിഗണിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിൻ (IPM) സ്ഥാപക ഡയറക്ടർ ഡോ. സുരേഷ് കുമാറിനെ 2026ലെ ലോകാരോഗ്യ സംഘടനയുടെ (WHO) ദക്ഷിണേഷ്യൻ മേഖലയിലെ ‘പബ്ലിക് ഹെൽത്ത് ചാമ്പ്യൻ’ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തു.

ജനകീയ പങ്കാളിത്തത്തോടെ സാന്ത്വനപരിചരണ മാതൃക രൂപകൽപ്പന ചെയ്ത് അത് ആഗോളതലത്തിൽ വ്യാപിപ്പിക്കുന്നതിൽ നൽകിയ സംഭാവനകൾ പരിഗണിച്ചാണ് അംഗീകാരം. ഇന്ത്യയിലെ ആദ്യത്തെ സാമൂഹികാധിഷ്ഠിത പാലിയേറ്റീവ് കെയർ പ്രസ്ഥാനമായ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ (PPCS) സ്ഥാപകരിൽ പ്രമുഖനാണ് ഡോ. സുരേഷ് കുമാർ.

ഗുരുതര രോഗങ്ങൾ മൂലമുള്ള ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് മികച്ച പരിചരണം ഉറപ്പാക്കുന്നതിനായി പ്രാദേശിക കൂട്ടായ്മകളെയും സന്നദ്ധപ്രവർത്തകരെയും സജ്ജമാക്കുന്നതിൽ ഡോ. സുരേഷ് കുമാറിന്റെ നേതൃത്വം ശ്രദ്ധേയമായിരുന്നു.

PPCS-ന്റെ പരിശീലന, സേവന, ഗവേഷണ വിഭാഗമായി പ്രവർത്തിക്കുന്ന കോഴിക്കോട്ടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിൻ (IPM) ലോകശ്രദ്ധ നേടിയ ‘കേരള മോഡൽ പാലിയേറ്റീവ് കെയറി’ന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച സ്ഥാപനമാണ്. ആശുപത്രികളിൽ മാത്രം ഒതുങ്ങിയിരുന്ന രോഗീപരിചരണത്തെ സമൂഹത്തിന്റെ കൂടി ഉത്തരവാദിത്തമാക്കി മാറ്റുന്നതിലും IPM നിർണായക ഇടപെടൽ നടത്തി.

പ്രാദേശിക സാഹചര്യങ്ങൾക്ക് അനുയോജ്യമായ പാലിയേറ്റീവ് കെയർ സംവിധാനങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വികസിപ്പിക്കുന്നതിലും IPM മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തി വരുന്നു. പ്രത്യേകിച്ച് ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ സമൂഹാധിഷ്ഠിത പാലിയേറ്റീവ് കെയർ സംവിധാനങ്ങൾ കെട്ടിപ്പടുക്കുന്നതിൽ സ്ഥാപനം മുൻകൈ എടുത്തിട്ടുണ്ട്.

ഈ പ്രവർത്തനങ്ങളുടെ ഭാഗമായി 2010ൽ ലോകാരോഗ്യ സംഘടന IPM-നെ ഔദ്യോഗിക സഹകരണ കേന്ദ്രമായി (WHO Collaborating Centre) അംഗീകരിച്ചിരുന്നു. ഡോ. സുരേഷ് കുമാർ നിലവിൽ ഇതിന്റെ ഡയറക്ടറായി സേവനമനുഷ്ഠിക്കുന്നു.

പൊതുജനങ്ങൾക്ക് സാന്ത്വനപരിചരണത്തിൽ പരിശീലനം നൽകിയും സന്നദ്ധപ്രവർത്തകരെ ഉൾപ്പെടുത്തി സേവനശൃംഖല വികസിപ്പിച്ചും പാലിയേറ്റീവ് കെയർ രംഗത്ത് വലിയ മാറ്റം സൃഷ്ടിക്കാൻ IPM-നും ഡോ. സുരേഷ് കുമാറിനും സാധിച്ചിട്ടുണ്ട്.

2026ലെ WHO ‘പബ്ലിക് ഹെൽത്ത് ചാമ്പ്യൻ’ പുരസ്‌കാരം കേരളത്തിന്റെ ജനകീയ സാന്ത്വനപരിചരണ മാതൃകയ്ക്കുള്ള ആഗോള അംഗീകാരം കൂടിയാണ്.

Follow us on :

More in Related News