Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തൃശ്ശൂർ അസോസിയേഷൻ മസ്കറ്റിന്റെ ‘ഡ്രോപ്പ് ഫോർ ലൈഫ്’ രക്തദാന ക്യാമ്പ് ശ്രദ്ധേയമായി

19 Jul 2026 21:06 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: തൃശ്ശൂർ അസോസിയേഷൻ മസ്കറ്റിന്റെ ആഭിമുഖ്യത്തിൽ ‘ഡ്രോപ്പ് ഫോർ ലൈഫ്’ പദ്ധതിയുടെ ഭാഗമായി ജൂലൈ 17-ന് ബൗഷർ ബ്ലഡ് ബാങ്കിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധി പേർ ക്യാമ്പിൽ പങ്കെടുത്ത് രക്തദാനം നടത്തി.

രാവിലെ 8 മണിക്ക് ആരംഭിച്ച ക്യാമ്പ് തൃശ്ശൂർ അസോസിയേഷൻ മസ്കറ്റ് പ്രസിഡന്റ് ജയശങ്കർ പാലിശ്ശേരി ഉദ്ഘാടനം ചെയ്തു. രക്തദാനം മനുഷ്യജീവൻ രക്ഷിക്കുന്ന ഏറ്റവും മഹത്തായ സേവനങ്ങളിലൊന്നാണെന്നും, ഒരാളുടെ ചെറിയൊരു സന്നദ്ധത മറ്റൊരാൾക്ക് പുതിയ ജീവിതം സമ്മാനിക്കാനാകുമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. സമൂഹത്തോടുള്ള ഉത്തരവാദിത്വം തിരിച്ചറിഞ്ഞ് കൂടുതൽ പേർ ഇത്തരം ജനോപകാരപ്രദമായ പ്രവർത്തനങ്ങളുടെ ഭാഗമാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

തിരക്കുകൾ മാറ്റിവെച്ച് രക്തദാനത്തിനായി എത്തിയ ഓരോ ദാതാവും സമൂഹത്തിന് മാതൃകയാണെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു. അവരുടെ നിസ്വാർത്ഥ സേവന മനോഭാവം നിരവധി രോഗികൾക്ക് പ്രതീക്ഷയും ജീവനും പകരുന്നതാണെന്നും അവർ വ്യക്തമാക്കി.

ക്യാമ്പിന്റെ വിജയത്തിനായി എല്ലാ പിന്തുണയും നൽകിയ ഒമാൻ ആരോഗ്യ മന്ത്രാലയത്തിനും ബൗഷർ ബ്ലഡ് ബാങ്കിലെ ഡോക്ടർമാർക്കും നഴ്സുമാർക്കും മറ്റ് ജീവനക്കാർക്കും തൃശ്ശൂർ അസോസിയേഷൻ മസ്കറ്റ് നന്ദി രേഖപ്പെടുത്തി. ക്യാമ്പിനാവശ്യമായ ഭക്ഷണസാധനങ്ങൾ, ടി-ഷർട്ടുകൾ തുടങ്ങിയ സഹായങ്ങൾ നൽകി സഹകരിച്ച സ്പോൺസർമാർക്കും വ്യക്തികൾക്കും പ്രത്യേകം നന്ദി അറിയിച്ചു.

ക്യാമ്പിന്റെ വിജയത്തിനായി അക്ഷീണം പ്രവർത്തിച്ച കൺവീനർ സക്കിർ ഹുസൈനെയും അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ച എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും വനിതാ വിംഗ് പ്രവർത്തകരെയും മുഴുവൻ സന്നദ്ധ പ്രവർത്തകരെയും അസോസിയേഷൻ അഭിനന്ദിച്ചു.

സാമൂഹിക പ്രതിബദ്ധത മുൻനിർത്തി വിവിധ ജനോപകാരപ്രദ പ്രവർത്തനങ്ങൾ നടത്തി വരുന്ന തൃശ്ശൂർ അസോസിയേഷൻ മസ്കറ്റ്, ‘ഡ്രോപ്പ് ഫോർ ലൈഫ്’ എന്ന പേരിൽ കൃത്യമായ ഇടവേളകളിൽ രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചുവരികയാണ്. ജീവൻ രക്ഷിക്കുന്ന ഈ മഹത്തായ സേവന പ്രവർത്തനം ഭാവിയിലും കൂടുതൽ ശക്തമായി തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു.

“ഒരു തുള്ളി രക്തം... ഒരു ജീവന്റെ പ്രതീക്ഷ” എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

Follow us on :

More in Related News