Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Oct 2026 03:48 IST
Share News :
ദോഹ: മനുഷ്യസ്നേഹത്തിന്റെയും സഹജീവികളോടുള്ള കരുതലിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ച് ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. ഇൻകാസ് ഖത്തറിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 വെള്ളിയാഴ്ച ഹമദ് മെഡിക്കൽ സിറ്റിയിലെ ഖത്തർ നാഷണൽ ബ്ലഡ് ഡൊണേഷൻ സെന്ററിൽ സംഘടിപ്പിച്ച ക്യാമ്പിൽ 150ഓളം പേർ രക്തം ദാനം ചെയ്യുകയും 25ഓളം പേർ പ്ലേറ്റ്ലെറ്റ് ദാനം ചെയ്യുകയും ചെയ്തു.
ഖത്തറിൽ കാൽനൂറ്റാണ്ടായി കലാ, സാംസ്കാരിക, സാമൂഹിക, ജീവകാരുണ്യ മേഖലകളിൽ സജീവമായ ഇൻകാസ് ഖത്തർ, രജതജൂബിലി ആഘോഷങ്ങൾ കേവലം ആഘോഷപരിപാടികളിൽ ഒതുക്കാതെ സമൂഹത്തിന് പ്രയോജനകരമായ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ മാനവികതയുടെ സന്ദേശം പകരണമെന്ന ലക്ഷ്യത്തോടെയാണ് ഗാന്ധിജയന്തി ദിനത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.
സത്യത്തിന്റെയും അഹിംസയുടെയും മാനവികതയുടെയും സന്ദേശം ലോകത്തിന് പകർന്ന മഹാത്മാഗാന്ധിയുടെ ജന്മദിനത്തിൽ, രക്തദാനത്തിലൂടെ മറ്റൊരാളുടെ ജീവൻ രക്ഷിക്കാൻ കഴിയുമെന്ന മഹത്തായ സന്ദേശം സമൂഹത്തിലെത്തിക്കാനും ക്യാമ്പിലൂടെ സാധിച്ചു. ജാതി, മതം, ഭാഷ, ദേശം എന്നീ അതിർവരമ്പുകൾക്കപ്പുറം മനുഷ്യജീവന് വില കൽപ്പിക്കുന്ന സേവനപ്രവർത്തനമാണ് രക്തദാനമെന്ന സന്ദേശവും ക്യാമ്പ് ഉയർത്തിപ്പിടിച്ചു.
രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ നടന്ന ക്യാമ്പ് ഇന്ത്യൻ സ്പോർട്സ് സെൻ്റർ പ്രസിഡൻ്റ് ഇ.പി. അബ്‌ദുൾ റഹ്‌മാൻ ഉദ്‌ഘാടനം ചെയ്തു. ഇൻകാസ് ആക്ടിംഗ് പ്രസിഡൻ്റ് വി.എസ് അബ്‌ദുൾ റഹ്‌മാൻ അദ്ധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി കെ.വി.ബോബൻ സ്വാഗതം ആശംസിച്ചു.
ഐസിബിഎഫ് ഉപദേശക സമിതി ചെയർമാൻ കെ.എസ്. പ്രസാദ്, ഇൻകാസ് രക്ഷാധികാരികളായ ജോപ്പച്ചൻ തെക്കെക്കൂറ്റ്, മുഹമ്മദ് ഷാനവാസ് എന്നിവർ സംസാരിച്ചു. ക്യാമ്പ് കോർഡിനേറ്റർ ജിഷ ജോർജ് നന്ദി രേഖപ്പെടുത്തി.
ഐസിസി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐബിപിസി പ്രസിഡന്റ് താഹ മുഹമ്മദ്, ഐസിസി ജനറൽ സെക്രട്ടറി അബ്രഹാം കെ. ജോസഫ്, സെക്രട്ടറി പ്രദീപ് പിള്ള, ഉപദേശക സമിതി ചെയർമാൻ പി.എൻ. ബാബുരാജൻ, ഐഎസ്‌സി സെക്രട്ടറി ബഷീർ തുവാരിക്കൽ, മറ്റ് അപെക്സ് ബോഡി ഭാരവാഹികളും വിവിധ സംഘടനാ പ്രതിനിധികളും ക്യാമ്പിൽ സംബന്ധിച്ചു.
ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ, വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികൾ, ലേഡീസ് വിംഗ്, യൂത്ത് വിംഗ് പ്രവർത്തകർ എന്നിവർ ക്യാമ്പിന്റെ സംഘാടനത്തിന് നേതൃത്വം നൽകി.
25 വർഷത്തെ പ്രവർത്തനപാതയിൽ സേവനത്തിനും സഹജീവികളോടുള്ള കരുതലിനും മുൻഗണന നൽകി പ്രവർത്തിച്ചുവരുന്ന ഇൻകാസ് ഖത്തർ, രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഈ രക്തദാന ക്യാമ്പിലൂടെ 'മനുഷ്യസ്നേഹമാണ് ഏറ്റവും വലിയ സേവനം' എന്ന സന്ദേശം ഒരിക്കൽക്കൂടി ഉയർത്തിപ്പിടിച്ചു. മറ്റൊരാളുടെ ജീവൻ നിലനിർത്താൻ സഹായിക്കുന്ന ഓരോ തുള്ളി രക്തവും വിലമതിക്കാനാവാത്ത ജീവകാരുണ്യ പ്രവർത്തനമാണെന്ന സന്ദേശം പ്രവാസി സമൂഹത്തിലേക്ക് പകരാനും ക്യാമ്പിന് സാധിച്ചു.
Follow us on :
Tags:
More in Related News
Please select your location.