Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയത്ത് ബാർ ഉടമകളിൽനിന്ന് മാസപ്പടി വാങ്ങിയ സംഭവത്തില്‍ ആറ് എക്സൈസ് ഉദ്യോഗസ്ഥർക്ക്കൂടി സസ്‌പെൻഷൻ

30 Aug 2026 22:20 IST

CN Remya

Share News :

കോട്ടയം: കോട്ടയത്ത് ബാർ ഉടമകളിലനിന്ന് മാസപ്പടി വാങ്ങിയ സംഭവത്തില്‍ ആറ് എക്സൈസ് ഉദ്യോഗസ്ഥർക്ക്കൂടി സസ്‌പെൻഷൻ. പ്രിവന്റീവ് ഓഫീസർമാരായ എം. മാനുവല്‍, ലാലു തങ്കച്ചൻ, പ്രവീണ്‍ ശിവാനന്ദ്, ടി. സന്തോഷ്, കെ. ഷൈജു, സിവില്‍ എക്സൈസ് ഓഫീസർ എ. എസ്. വിശാഖ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. മാസപ്പടി വാങ്ങിയെന്ന കണ്ടെത്തലിനെ തുടർന്ന് കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ അശോക് കുമാറിനെ ശനിയാഴ്ച സസ്‌പെൻഡ് ചെയ്തിരുന്നു. അശോക് കുമാർ പണം വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. മാസപ്പടി ഇടപാടില്‍ ഡെപ്യൂട്ടി കമ്മീഷണറെ സഹായിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് ആറ് ഉദ്യോഗസ്ഥർക്കെതിരെയും നടപടി.

ബാർ ഉടമകളുമായുള്ള ഉദ്യോഗസ്ഥരുടെ അവിശുദ്ധ കൂട്ടുകെട്ടിന്റെയും ഒത്താശയുടെയും തെളിവുകള്‍ എക്സൈസ് കമ്മീഷണർ സീറാം സാംബശിവറാവുവിന്റെ നേതൃത്വത്തിലുള്ള പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ബാറുകള്‍ നേരത്തെ തുറക്കാനും വൈകി അടയ്ക്കാനും ഉദ്യോഗസ്ഥർ മൗനാനുമതി നല്‍കിയതായാണ് കണ്ടെത്തല്‍. ഡെപ്യൂട്ടി കമ്മീഷണറുടെ അനുമതിയില്ലാതെ ബാറുകളില്‍ പരിശോധന നടത്തരുതെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നല്‍കിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

ബാറുകള്‍ക്ക് വഴിവിട്ട സഹായങ്ങള്‍ നല്‍കിയതിന് പകരമായി ബാർ ഉടമകള്‍ അശോക് കുമാറിന് മാസപ്പടിയായി പണം നല്‍കിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. കോട്ടയം മേഖലയിലെ 27 ബാർ ഉടമകളുമായി അശോക് കുമാർ നടത്തിയ പണമിടപാടുകളുടെ രേഖകളും പരിശോധനയില്‍ കണ്ടെത്തിയിരുന്നു. യൂണിഫോം ധരിക്കാതെ ബാറിലെത്തി പണം വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചു.

Follow us on :

More in Related News