Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Aug 2026 08:20 IST
Share News :
മസ്‌കറ്റ്: മസ്‌കറ്റിലെ പാലക്കാട് ഫ്രണ്ട്സ് കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണാഘോഷവും 13-ാം വാർഷികവും പ്രവാസി മലയാളികൾക്ക് വേറിട്ട അനുഭവമായി. പാരമ്പര്യവും സംസ്കാരവും ആധുനിക കലാവിരുന്നുകളും സമന്വയിപ്പിച്ച ആഘോഷ പരിപാടികൾ റൂവിയിലെ അൽ ഫലജ് ഹോട്ടലിൽ രാവിലെ മുതൽ രാത്രി വരെ ആവേശഭരിതമായി അരങ്ങേറി.
കൂട്ടായ്മ അംഗങ്ങൾ ഒരുക്കിയ പൂക്കളം, മേളം, മാവേലി വരവേൽപ്പ്, താലപ്പൊലി, തിരുവാതിര, കുമ്മാട്ടി, വിവിധ നൃത്താവതരണങ്ങൾ, ഗാനമേള, പാലക്കാടിന്റെ തനത് രുചിയിൽ ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യ എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി. പ്രശസ്ത പിന്നണി ഗായിക സിതാര കൃഷ്ണകുമാറിന്റെയും ഗായകൻ അരവിന്ദ് നായരുടെയും നേതൃത്വത്തിലുള്ള “പ്രൊജക്റ്റ് മലബാറിക്കസ്” സംഗീതനിശയും പരിപാടിയുടെ പ്രധാന ആകർഷണമായി.
ഒമാനിലെ ഇന്ത്യൻ എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ തവിശി ബെഹാൽ പാണ്ഡെ ഭദ്രദീപം കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു. ഓണം ഇന്ന് മലയാളികളുടെ മാത്രം ഉത്സവമല്ലെന്നും, വിദേശരാജ്യങ്ങളിൽ പോലും ഇന്ത്യക്കാരെ ഒന്നിപ്പിക്കുന്ന ആഘോഷമായി അത് മാറിയിട്ടുണ്ടെന്നും അവർ പറഞ്ഞു. പാലക്കാട് ഫ്രണ്ട്സ് കൂട്ടായ്മയുടെ ഓണാഘോഷത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിലുള്ള സന്തോഷവും അവർ പങ്കുവച്ചു.
പ്രസിഡന്റ് പി. ശ്രീകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് ഭാരവാഹികളടക്കമുള്ള സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. വിവിധ കലാപരിപാടികളിൽ പങ്കെടുത്തവരെ ചടങ്ങിൽ ആദരിക്കുകയും ചെയ്തു.
തുടർന്ന് പാലക്കാട്ടെ പ്രശസ്ത പാചകവിദഗ്ധൻ ദേവൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ഒരുക്കിയ ഓണസദ്യയിൽ രണ്ടായിരത്തിലേറെ പേർ പങ്കെടുത്തു. വൈകുന്നേരം നടന്ന സാംസ്കാരിക സമ്മേളനം ‘മേളം മസ്‌കറ്റ്’ ചെണ്ടമേളത്തിന്റെയും പാലക്കാടിന്റെ ഐതിഹ്യ-പൈതൃകങ്ങളെ അവതരിപ്പിച്ച ‘കുമ്മാട്ടി’ നൃത്തശിൽപ്പത്തിന്റെയും അകമ്പടിയോടെയായിരുന്നു.
കഴിഞ്ഞ പതിമൂന്ന് വർഷമായി മസ്‌കറ്റിലെ സാമൂഹിക-സാംസ്കാരിക രംഗത്ത് സജീവ സാന്നിധ്യമായി തുടരാൻ പാലക്കാട് ഫ്രണ്ട്സ് കൂട്ടായ്മയ്ക്ക് കഴിഞ്ഞത് എല്ലാവരെയും ചേർത്തുനിർത്തിയുള്ള പ്രവർത്തനങ്ങളിലൂടെയാണെന്ന് പ്രസിഡന്റ് പി. ശ്രീകുമാർ പറഞ്ഞു. ഒരു ദിവസത്തേക്ക് ചുരുക്കിയ ആഘോഷം വൻ വിജയമാക്കിയ അംഗങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.
ഇക്കുറി പാലക്കാട് ഫ്രണ്ട്സ് കൂട്ടായ്മയുടെ സാംസ്കാരിക പുരസ്കാരം യുവ സംഗീത സംവിധായകനും പിന്നണി ഗായകനുമായ രഞ്ജിൻ രാജിന് സമ്മാനിച്ചു. ജീവകാരുണ്യ മേഖലയിൽ മികച്ച സേവനം നടത്തുന്ന വ്യക്തിക്കുള്ള പുരസ്കാരം പാലക്കാട് പ്രവർത്തിക്കുന്ന സഹയാത്ര ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രതിനിധി ഡോ. സുരേഷ് ബാലകൃഷ്ണൻ ഏറ്റുവാങ്ങി.
പുരസ്കാരം സ്വീകരിച്ച രഞ്ജിൻ രാജ്, ലോകത്തിന്റെ ഏത് ഭാഗത്തേക്ക് പോയാലും തനിക്കുള്ളിൽ ഒരു പാലക്കാട്ടുകാരൻ ഉണ്ടെന്നും, മസ്‌കറ്റിൽ സ്വന്തം നാടിന്റെ ആളുകൾക്കിടയിൽ ഈ അംഗീകാരം ലഭിച്ചത് ഏറെ അഭിമാനകരമാണെന്നും പറഞ്ഞു. തുടർന്ന് ‘ജോസഫ്’ സിനിമയിലെ ജനപ്രിയ ഗാനമായ “പൂമുത്തോളേ” ആലപിച്ച് അദ്ദേഹം സദസിനെ ആവേശത്തിലാഴ്ത്തി.
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കളെ ചടങ്ങിൽ ആദരിക്കുകയും സ്പോൺസർമാർക്ക് ഉപഹാരങ്ങൾ നൽകുകയും ചെയ്തു.
സിതാര കൃഷ്ണകുമാറിന്റെയും അരവിന്ദ് നായരുടെയും നേതൃത്വത്തിലുള്ള “പ്രൊജക്റ്റ് മലബാറിക്കസ്” സംഗീതനിശയോടെയാണ് ആഘോഷ പരിപാടികൾ സമാപിച്ചത്. വൈവിധ്യമാർന്ന സംഗീതാവതരണങ്ങളും ജനപങ്കാളിത്തവും സംഗീതനിശയെ ശ്രദ്ധേയമാക്കി.
പ്രോഗ്രാം കോർഡിനേറ്റർ വൈശാഖ് സ്വാഗതവും ട്രഷറർ ജഗദീഷ് നന്ദിയും രേഖപ്പെടുത്തി. ഐ സ്റ്റോൺ എൽ.എൽ.സിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടി വൻ വിജയമാക്കിയ എല്ലാ അംഗങ്ങൾക്കും, സ്പോൺസർമാർക്കും, പങ്കാളികൾക്കും ഭാരവാഹികൾ നന്ദി അറിയിച്ചു. അടുത്ത വർഷം കൂടുതൽ വിപുലമായ ആഘോഷങ്ങളുമായി വീണ്ടും ഒത്തുചേരുമെന്ന് അവർ അറിയിച്ചു
Follow us on :
Tags:
More in Related News
Please select your location.