Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സലാല എസ്.എൻ.ഡി.പി യൂണിയന്റെ നേതൃത്വത്തിൽ വർണാഭമായ ഓണാഘോഷം സംഘടിപ്പിച്ചു

31 Aug 2026 02:29 IST

ENLIGHT MEDIA OMAN

Share News :

 സലാല: സലാല എസ്.എൻ.ഡി.പി യൂണിയന്റെ ആഭിമുഖ്യത്തിൽ വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. സലാല ഇന്ത്യൻ സോഷ്യൽ ക്ലബിൽ വെള്ളിയാഴ്ച നടന്ന ആഘോഷങ്ങൾക്ക് വർണാഭമായ ഘോഷയാത്രയോടെയാണ് തുടക്കമായത്. യൂണിയൻ അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യം പരിപാടിയെ ശ്രദ്ധേയമാക്കി.

പരിപാടിയിൽ യൂണിയൻ സെക്രട്ടറി സുനിൽ കാർത്തികേയൻ സ്വാഗതം ആശംസിച്ചു. യൂണിയൻ പ്രസിഡന്റ് രമേശ് കുമാർ കെ.കെ. അധ്യക്ഷത വഹിച്ചു. ഒമാനിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വകുപ്പ് ഡയറക്ടർ ഡോ. അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഘവാസ് മുഖ്യാതിഥിയായി പങ്കെടുത്തു.

ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡന്റ് ഡോ. രാജേഷ് ഓണാഘോഷം ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സോഷ്യൽ ക്ലബ് സെക്രട്ടറി രഞ്ജിത് സിംഗ്, യൂണിയൻ വൈസ് പ്രസിഡന്റ് സനീഷ്, ട്രഷറർ ജിജി മോഹൻ എന്നിവർ ആശംസകൾ നേർന്നു.

തുടർന്ന് നടന്ന പരമ്പരാഗത ഓണസദ്യയിൽ യൂണിയൻ അംഗങ്ങളും കുടുംബാംഗങ്ങളും ഉൾപ്പെടെ നിരവധി പേർ പങ്കാളികളായി. ഓണാഘോഷത്തിന്റെ ഭാഗമായി കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി. സംഗീതവും നൃത്തവുമായ പരിപാടികൾ ആഘോഷത്തിന് കൂടുതൽ നിറവും ആവേശവും പകർന്നു.

പ്രവാസ ജീവിതത്തിന്റെ തിരക്കുകൾക്കിടയിലും മലയാളികളുടെ സാംസ്കാരിക പാരമ്പര്യവും സാമൂഹിക കൂട്ടായ്മയും നിലനിർത്തുകയെന്ന ലക്ഷ്യത്തോടെയാണ് എസ്.എൻ.ഡി.പി യൂണിയൻ ഓണാഘോഷം സംഘടിപ്പിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു.

പരിപാടികളുടെ വിജയകരമായ നടത്തിപ്പിനായി രേഖ സുനിൽ രാജ്, സന്ധ്യ ഹരീഷ്, ബിജു ചന്ദ്രൻ, സതീഷ്, വിനോദ്, പ്രശോഭ്, അലിൻ, രതീഷ്, ഷാജി, ബാബിൽ സലീഷ്, സുബിത്, മോഹനൻ, നിഷ സലീഷ്, അനിൽ, ദിനേശ്, മണികണ്ഠൻ എന്നിവർ നേതൃത്വം നൽകി.

അവസാനമായി യൂണിയൻ ജോയിന്റ് സെക്രട്ടറി ശ്യാം മോഹൻ നന്ദി രേഖപ്പെടുത്തി. പ്രവാസി മലയാളികളുടെ വലിയ പങ്കാളിത്തത്തോടെ നടന്ന ഓണാഘോഷം സൗഹൃദത്തിന്റെയും സാംസ്കാരിക ഐക്യത്തിന്റെയും ഉത്സവമായി മാറി.

Follow us on :

More in Related News