Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Aug 2026 07:13 IST
Share News :
കണ്ണൂർ: തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥി നിർണയത്തിൽ പാർട്ടിക്ക് വീഴ്ച സംഭവിച്ചതായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. കടുത്ത മത്സരം നടക്കുന്ന മണ്ഡലത്തിൽ കൂടുതൽ കരുത്തുറ്റ സ്ഥാനാർഥിയെ മത്സരിപ്പിക്കേണ്ടിയിരുന്നുവെന്നും ഇക്കാര്യം ജനങ്ങളോട് തുറന്നുപറയാൻ പാർട്ടിക്ക് മടിയില്ലെന്നും അദ്ദേഹം പറഞ്ഞു.
മയ്യിൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് കെ.കെ. രാഗേഷ് പാർട്ടിയുടെ സ്ഥാനാർഥി നിർണയത്തിൽ സ്വയംവിമർശനം നടത്തിയത്.
തുടർച്ചയായി മത്സരിക്കുന്നവർ മാറിനിൽക്കണമെന്നും പകരം പുതിയ വനിതാ സ്ഥാനാർഥിയെ രംഗത്തിറക്കണമെന്നുമുള്ള പാർട്ടി തീരുമാനത്തിന്റെ ഭാഗമായാണ് എം.വി. ശ്യാമള ടീച്ചറെ സ്ഥാനാർഥിയാക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ മുസ്‌ലിം ലീഗിന് ശക്തമായ സ്വാധീനമുള്ള തളിപ്പറമ്പിൽ കൂടുതൽ മികച്ച സ്ഥാനാർഥിയെ കണ്ടെത്തി മത്സരിപ്പിക്കാൻ പാർട്ടിക്ക് സാധിക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പാർട്ടി വിട്ട് യുഡിഎഫ് പിന്തുണയോടെ വിമത സ്ഥാനാർഥിയായി മത്സരിക്കുന്ന ടി.കെ. ഗോവിന്ദനെതിരെ രൂക്ഷ വിമർശനമാണ് കെ.കെ. രാഗേഷ് ഉന്നയിച്ചത്.
“തളിപ്പറമ്പിന്റെ ബ്രൂട്ടസാണ് ടി.കെ. ഗോവിന്ദൻ. പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം വരെയുള്ള വലിയ പദവികൾ നൽകിയിട്ടും കൂടെനിന്ന് പാർട്ടിയുടെ നെഞ്ചത്ത് കഠാരയിറക്കുകയാണ് അദ്ദേഹം ചെയ്തത്,” രാഗേഷ് പറഞ്ഞു.
ഗോവിന്ദനെ “വർഗവഞ്ചകനും ഒറ്റുകാരനും” എന്ന് വിശേഷിപ്പിച്ച അദ്ദേഹം, പാർട്ടിയെ പിന്നിൽ നിന്ന് കുത്തിയ നടപടി ഒരിക്കലും മറക്കില്ലെന്നും കൂട്ടിച്ചേർത്തു. സ്ഥാനാർഥി ആരായിരുന്നാലും സ്വന്തം സ്ഥാനമോഹം കാരണം ഗോവിന്ദൻ പാർട്ടിയെ വിട്ട് യുഡിഎഫിനൊപ്പം ചേരുമായിരുന്നുവെന്നും കെ.കെ. രാഗേഷ് ആരോപിച്ചു.
Follow us on :
Tags:
More in Related News
Please select your location.