Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Oct 2026 13:26 IST
Share News :
മസ്‌കറ്റ്: കാബൂറ പ്രവാസി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണം–ഈദ് ആഘോഷം വൈവിധ്യമാർന്ന കലാപരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും ജനപങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമായി.
കാബൂറ അബ്ബാസ്സയിലെ മോഡേൺ ഓർക്കിഡ് ഹാളിൽ നടന്ന ആഘോഷത്തിൽ കുട്ടികളും മുതിർന്നവരുമുൾപ്പെടെ നിരവധി പേർ പങ്കെടുത്തു. ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ ഓണസദ്യയിൽ 1,860ഓളം പേർ പങ്കുചേർന്നു.
രാവിലെ 9.30ന് കൂട്ടായ്മയുടെ കൺവീനർ രാജീവ് രാജുവും എക്സിക്യൂട്ടീവ് അംഗങ്ങളും ചേർന്ന് ഭദ്രദീപം തെളിയിച്ചതോടെയാണ് പരിപാടികൾക്ക് തുടക്കമായത്. കുട്ടികളും മുതിർന്നവരുമായ കലാകാരന്മാർ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ആഘോഷത്തിന് മാറ്റുകൂട്ടി. നാട്ടിൽനിന്നെത്തിയ പാചകവിദഗ്ധൻ അനീഷിന്റെ മേൽനോട്ടത്തിൽ തയ്യാറാക്കിയ ആലപ്പുഴൻ സദ്യയും മസ്‌കറ്റ് പഞ്ചവാദ്യത്തിന്റെ മേളപ്പെരുമയും പ്രധാന ആകർഷണങ്ങളായി.
ത്രയമന്ത്ര, രാഗ, പ്രഗതി എന്നീ ഡാൻസ് ഇൻസ്റ്റിറ്റ്യൂട്ടുകളുടെ നേതൃത്വത്തിൽ അവതരിപ്പിച്ച നൃത്തപരിപാടികൾ കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റി. ഒമാൻ പ്രവാസി അസോസിയേഷന്റെ കീഴിലുള്ള സംഗീതധ്വനി ടീമിലെ മുപ്പതോളം കലാകാരന്മാർ അണിനിരന്ന ഗാനമേളയും കോമഡി ഷോയും ആഘോഷത്തിന് കൂടുതൽ ഉണർവേകി.
വൈകിട്ട് 4.30ന് നടന്ന സാംസ്കാരിക ഘോഷയാത്രയിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെ അതിഥികളെ വേദിയിലേക്ക് ആനയിച്ചു. അൽ നൈമി പോളിക്ലിനിക് മാനേജർ വിജയ്, ഖഥറ പോളിക്ലിനിക് മാനേജിങ് പാർട്ണർമാരായ സന്ദീഷ്, പ്രശാന്ത്, കാബൂറ ലുലു ബ്രാഞ്ച് മാനേജർ അബീഷ്, ബസ്മ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ നിസാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വിശിഷ്ടാതിഥികളായ അഡ്വ. ജെസ്സി ജോസഫ്, അഡ്വ. മധുസൂദനൻ, വാസുദേവൻ തളിയറ എന്നിവരും സന്നിഹിതരായിരുന്നു.
കൂട്ടായ്മയുടെ സെക്രട്ടറി സനിൽ സ്വാഗതവും ട്രഷറർ സന്തോഷ് ആശംസാപ്രസംഗവും നടത്തി. പ്രസിഡന്റ് വിഷ്ണു കൃതജ്ഞത അറിയിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങളും വനിതാ എക്സിക്യൂട്ടീവ് അംഗങ്ങളും ആഘോഷത്തിന്റെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നൽകി.
വിവിധ കലാപരിപാടികളും പരമ്പരാഗത ഓണ സദ്യയും സൗഹൃദസംഗമവും ഒത്തുചേർന്ന ആഘോഷം കാബൂറയിലെ പ്രവാസി മലയാളികൾക്ക് ഒത്തൊരുമയുടെയും സാംസ്കാരിക കൂട്ടായ്മയുടെയും വേദിയായി മാറി.
Follow us on :
Tags:
More in Related News
Please select your location.