Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Sep 2026 15:22 IST
Share News :
കോഴിക്കോട്- വിജ്ഞാനാധിഷ്ഠിതവും സാങ്കേതിക സ്വാശ്രയത്വമുള്ളതുമായ ‘പുതുയുഗ കേരളം’ കെട്ടിപ്പടുക്കുന്നതിനുള്ള വികസന യാത്രയിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റ് (എൻ.ഐ.ടി. കാലിക്കറ്റ്) പ്രമുഖ പങ്കാളിയാകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. ഉന്നതവിദ്യാഭ്യാസ മേഖലയെ ആഗോള തൊഴിൽ വിപണിയിലെ അതിവേഗ മാറ്റങ്ങൾക്കനുസരിച്ച് പുനഃസംഘടിപ്പിക്കുന്നതിനും പദ്ധതി രൂപീകരണത്തിനും എൻ.ഐ.ടി.യുടെ സാങ്കേതിക ഉപദേശവും ഗവേഷണ പിന്തുണയും ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. പണ്ഡിറ്റ് ജവാഹർലാൽ നെഹ്റു വിഭാവനം ചെയ്തതുപോലെ സാമൂഹിക-സാമ്പത്തിക വികസനത്തിനുള്ള പ്രധാന ഉപകരണമായി ഉന്നതവിദ്യാഭ്യാസത്തെ മാറ്റുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എൻ.ഐ.ടി. കാലിക്കറ്റിന്റെ 66-ാം സ്ഥാപകദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ ഡോ. എം.വി. കേശവ റാവു മെമ്മോറിയൽ ഫൗണ്ടേഷൻ ഡേ പ്രഭാഷണം നടത്തുകയായിരുന്നു മുഖ്യമന്ത്രി.
നിർമിത ബുദ്ധി (എ.ഐ.), മെഷീൻ ലേണിംഗ്, ക്വാണ്ടം കമ്പ്യൂട്ടിംഗ്, റോബോട്ടിക്സ് തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകൾ മനുഷ്യജീവിതത്തിൽ വലിയ മാറ്റങ്ങളാണ് വരുത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചരിത്രത്തിലാദ്യമായി മനുഷ്യബുദ്ധിയെ സാങ്കേതികവിദ്യ മറികടക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. പഠനം പൂർത്തിയാകുമ്പോഴേക്കും നേടിയ അറിവുകൾ കാലഹരണപ്പെടുന്നതാണ് ഇന്നത്തെ പ്രധാന വെല്ലുവിളി. ഇത് നേരിടുന്നതിനായി തൊഴിൽ വിപണിയിലെ മാറ്റങ്ങൾ നിരീക്ഷിച്ച് സർവകലാശാലാ പാഠ്യപദ്ധതികൾ നിരന്തരം പരിഷ്കരിക്കണം.
കേരളത്തിന്റെ 600 കിലോമീറ്റർ തീരദേശവും തുറമുഖങ്ങളും സംയോജിപ്പിച്ച് സംസ്ഥാനത്തെ വലിയ ‘പോർട്ട് സിറ്റി’യാക്കി മാറ്റാനാണ് സർക്കാർ പദ്ധതിയിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. റോഡുകളിലെ ഗതാഗതഭാരം കുറയ്ക്കുന്നതിനായി ചരക്കുനീക്കത്തിന്റെ 50 ശതമാനവും തീരദേശ ജലപാതകളിലേക്ക് മാറ്റും. ടൂറിസത്തിനും തീരദേശ ഗതാഗതത്തിനും വലിയ കുതിപ്പേകുന്നതിനായി കൊച്ചിക്ക് പുറമേ കോഴിക്കോട്ടും ക്രൂയിസ് ടെർമിനൽ സ്ഥാപിക്കും. സംസ്ഥാനത്തെ 44 നദികളും കായലുകളും ബന്ധിപ്പിച്ച് ജല ടൂറിസം വിപുലീകരിക്കും. വിമാനത്താവളങ്ങളുടെ സാമീപ്യം പ്രയോജനപ്പെടുത്തി 27 പദ്ധതികളോടെ ‘ഏവിയേഷൻ ഹബ്’ യാഥാർഥ്യമാക്കുമെന്നും ലോകോത്തര ലെഗസി സർവകലാശാലകളെ ആകർഷിക്കുന്നതിനായി ‘കേരള നോളജ് വാലി’ സ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നൂതന സംരംഭങ്ങളുമായി മുന്നോട്ടുവരുന്ന യുവാക്കൾക്ക് സാങ്കേതിക-മാനേജ്‌മെന്റ് മേഖലകളിലെ മെന്റർ പിന്തുണ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉയർന്ന ആയുർദൈർഘ്യമുള്ള മുതിർന്ന പൗരന്മാരുടെ അനുഭവസമ്പത്ത് യുവതലമുറയുമായി സംയോജിപ്പിക്കുന്ന ‘സിൽവർ ഇക്കോണമി’ പദ്ധതിയും നടപ്പാക്കും. പരീക്ഷകൾക്ക് അപ്പുറം വിഷയത്തോടുള്ള തീവ്രമായ അഭിനിവേശത്തോടെ വിജ്ഞാനം നേടാനും ഭാവിജീവിതത്തിനായി കൃത്യമായ ദീർഘകാല ആസൂത്രണം നടത്താനും വിദ്യാർഥികൾ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
‘RISE – ഗവേഷണം, നവീകരണം, സ്റ്റാർട്ടപ്പുകൾ, തൊഴിൽസാധ്യതകൾ’ എന്ന ആശയം മുൻനിർത്തിയാണ് എൻ.ഐ.ടി. കാലിക്കറ്റിന്റെ 66-ാം സ്ഥാപകദിനാഘോഷം സംഘടിപ്പിച്ചത്. സെൻട്രൽ ക്യാമ്പസിലെ എ.ബി.സി. കോംപ്ലക്സിലെ ഭാസ്കര ഹാളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ തിരിതെളിച്ച് ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. എൻ.ഐ.ടി. കാലിക്കറ്റ് ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ അധ്യക്ഷനായി. എം.കെ. രാഘവൻ എം.പി, എം.എ. റസാഖ് മാസ്റ്റർ എം.എൽ.എ., അനന്ത് ടെക്നോളജീസിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. സുബ്ബ റാവു പവുലൂരി, എൻ.ഐ.ടി. കാലിക്കറ്റ് പൂർവവിദ്യാർഥി സംഘടന പ്രസിഡന്റ് തങ്കച്ചൻ തോമസ്, രജിസ്ട്രാർ പ്രൊഫ. സുനിൽ ജേക്കബ് ജോൺ, ഐ.എ.സി.ആർ ഡീൻ പ്രൊഫ. കുമാരവേൽ എസ്., സി-പ്രൈം ചെയർപേഴ്സൺ ഡോ. മനീഷ് ചന്ദ്രൻ സംസാരിച്ചു.
മുഖ്യമന്ത്രി വി.ഡി. സതീശനും അനന്ത് ടെക്നോളജീസിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. സുബ്ബ റാവു പവുലൂരിയും ചേർന്ന് കാമ്പസിൽ തൈകൾ നട്ടു. എക്‌സ്പോ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു.
Follow us on :
Tags:
More in Related News
Please select your location.