Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Sep 2026 21:46 IST
Share News :
കടുത്തുരുത്തി : കോട്ടയം - ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന തണ്ണീർമുക്കം ബണ്ടിനോട് ചേർന്നുള്ള മെയിൻ റോഡ് നാളുകളായി തകർന്നുകിടക്കുന്നത് മൂലം ജനങ്ങൾ അനുഭവിച്ചുവന്ന യാത്രാദുരിതത്തിന് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫിൻ്റെ അടിയന്തിര ഇടപെടലിനെത്തുടർന്ന് പരിഹാരനടപടികൾക്ക് സാഹചര്യമുണ്ടായിരിക്കുകയാണ് . കുടവെച്ചൂർ പള്ളിയിൽ നടക്കുന്ന ചരിത്രപ്രസിദ്ധമായ പരിശുദ്ധ കന്യകാമറിയത്തിൻ്റെ പിറവിതിരുനാളിനോടനുബന്ധിച്ച് സർക്കാർ വകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് വേണ്ടി ജലവിഭവ വകുപ്പ് മന്ത്രി നടത്തിയ സന്ദർശനവും ഉന്നത തല യോഗത്തോടനുബന്ധിച്ചാണ് റോഡ് വികസന പ്രതിസന്ധി പരിഹരിക്കുന്ന കാര്യത്തിലും ഇടപെടലുണ്ടായത്. കോട്ടയം - ആലപ്പുഴ ജില്ലാതിർത്തിയിലുള്ള തണ്ണീർമുക്കം ബണ്ടിനോട് ചേർന്നുള്ള മെയിൻ റോഡിൽ കുഴികളിൽ വീഴുന്നതുമൂലമുള്ള ദുർഘടാവസ്ഥ മന്ത്രിയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നേരിട്ട് റോഡിലിറങ്ങി പരിശോധിച്ച് ബോധ്യപ്പെട്ടു. ഇക്കാര്യത്തിൽ ജനങ്ങൾ ഉന്നയിച്ച പരാതികൾ മന്ത്രി മോൻസ് ജോസഫ് കേൾക്കാൻ തയ്യാറായി. ബന്ധപ്പെട്ട പ്രധാന ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച ശേഷം നടപ്പാക്കാൻ കഴിയുന്ന തീരുമാനങ്ങൾ മന്ത്രി വ്യക്തമാക്കി. ഇറിഗേഷൻ ഡിപ്പാർട്ടുമെൻ്റിന് കീഴിലുള്ള ഇൻലാൻഡ് വാട്ടർ ഡിപ്പാർട്ട്മെൻ്റിൽ നിന്നും 1 കോടി 41 ലക്ഷം രൂപ റോഡ് നവീകരണത്തിനുവേണ്ടി അനുവദിച്ചതായി ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് വ്യക്തമാക്കി.
അടിയന്തിരമായി റോഡ് സഞ്ചാരയോഗ്യമാക്കി മാറ്റുന്നതിന് വേണ്ടി സെപ്റ്റംബർ 3,4,5 തീയതികളിൽ റോഡിലെ കുഴികൾ അടച്ച് അറ്റകുറ്റപണികൾ നടപ്പിലാക്കാനും പരമാവധി പെട്ടന്ന് റോഡ് സഞ്ചാരയോഗ്യമാക്കി മാറ്റാനുമാണ് പ്രഥമ നടപടി സ്വീകരിച്ചിട്ടുള്ളത്.
വെച്ചൂർ പള്ളിയിലെ പ്രധാന പെരുന്നാളിൻ്റെ തിരക്കൊഴിയുകയും അനുകൂല കാലാവസ്ഥ ലഭിക്കുകയും ചെയ്താലുടനെ പ്രധാനപ്പെട്ട റോഡ് നവീകരണ പ്രവർത്തനത്തിലേക്ക് കടക്കുന്നതിന് തീരുമാനമെടുത്തു. ഇതിൻ്റെ ഭാഗമായി ബിറ്റുമിൻ കോൺക്രീറ്റ് ഓവർലേ ടാറിംഗ് ജോലികൾ നടപ്പാക്കുന്നതാണ്. സെപ്റ്റംബർ അവസാന ആഴ്ചയ്ക്ക് മുൻപായി തണ്ണീർമുക്കം ബണ്ടിനോട് ചേർന്നുള്ള മെയിൻ റോഡ് പൂർണമായും ഗതാഗത യോഗ്യമാക്കുമെന്നും ജലവിഭവ വകുപ്പ് മന്ത്രി ഉറപ്പ് നൽകി
തണ്ണീർമുക്കം ബണ്ടിനോട് ചേർന്നുള്ള റോഡിലെ കൈവരികൾ പുതുക്കി നിർമ്മിക്കാൻ നടപടി*
തണ്ണീർമുക്കം ബണ്ടിൻ്റെ കൈവരികൾ തകർച്ചയിലാവുകയും കാലപ്പഴക്കം മൂലം ജീർണാവസ്ഥിയിലായതും കണക്കിലെടുത്ത് അടിയന്തിര നവീകരണ പ്രവർത്തനങ്ങൾക്ക് നടപടി സ്വീകരിച്ചതായി മന്ത്രി മോൻസ് ജോസഫ് വ്യക്തമാക്കി.
വേമ്പനാട്ട് കായലിനു കുറുകെയുള്ള തണ്ണീർമുക്കം ബണ്ടിലെ ഇരുവശത്തുമുള്ള കൈവരികൾ സുരക്ഷിതമാക്കി പുനർനിർമ്മിക്കാനാണ് മന്ത്രി നിർദേശം നൽകിയിട്ടുള്ളത്. ഇറിഗേഷൻ ഇൻലാൻഡ് നാവിഗേഷൻ ഡിപ്പാർട്ട്മെൻ്റ് ഡയറക്ടറും മേജർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറും നിർമ്മാണ പ്രവർത്തനങ്ങളുടെ മോണിറ്ററിങ് നടത്തുന്നതിന് മന്ത്രി നേരിട്ട് ചുമതലപ്പെടുത്തി.
റോഡ് നവീകരണം പൂർത്തീകരിക്കുന്നതോടൊപ്പം ബണ്ട് റോഡിലെ കൈവരികൾ പുതുക്കി നിർമ്മിക്കുന്ന പ്രവർത്തിയും സമയ ബന്ധിതമായി പൂർത്തീകരിക്കുന്നതിന് തീരുമാനിച്ചു.
തണ്ണീർമുക്കത്ത് ഉദ്യാന സാധ്യത പരിശോധിക്കാൻ മന്ത്രിയുടെ നിർദ്ദേശം*
തണ്ണീർമുക്കം ബണ്ടിന്റെ ഇരുവശത്തുമുള്ള കോട്ടയം ജില്ലയുടെയും ആലപ്പുഴ ജില്ലയുടെയും കായൽ തീരഭാഗത്ത് ഉപയോഗശൂന്യമായി അന്യാധീനപ്പെട്ട് വർഷങ്ങളായി കിടക്കുന്ന സർക്കാർ ഭൂമി പ്രയോജനപ്പെടുത്തി ഇറിഗേഷൻ ടൂറിസം പ്രോജക്ട് നടപ്പാക്കാൻ കഴിയുമോ എന്ന് പരിശോധിക്കാൻ ജലവിഭവ വകുപ്പ് നടപടി സ്വീകരിക്കുമെന്ന് മന്ത്രി.മോൻസ് ജോസഫ് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അറിയിച്ചു.
രണ്ട് ഘട്ടങ്ങളിലായി നിർമ്മിച്ചിരിക്കുന്ന തണ്ണീർമുക്കം ബണ്ടുകളുടെ മദ്യഭാഗത്ത് നിലനിൽക്കുന്ന മൺതിട്ട പ്രയോജനപ്പെടുത്തി എക്കോ ഫ്രണ്ട്ലി ഉദ്യാനം യാഥാർത്ഥ്യമാക്കാൻ കഴിയുമോയെന്ന് സർക്കാർ പരിശോധിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
തണ്ണീർമുക്കം പ്രോജക്റ്റിന്റെ പൂർണ്ണ പ്രയോജനം കുട്ടനാട് - അപ്പർ കുട്ടനാട് പ്രദേശങ്ങൾക്ക് ലഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിവിധ പ്രശ്നങ്ങൾ വിശദമായി പരിശോധിക്കുന്നതിനും സർക്കാർ തലത്തിൽ ആവശ്യമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനും കോട്ടയം - ആലപ്പുഴ ജില്ലാ കളക്ടർമാരുടെയും ഇറിഗേഷൻ വകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ബന്ധപ്പെട്ട എല്ലാ ജനപ്രതിനിധികളെയും പങ്കെടുപ്പിച്ചുകൊണ്ട് ഉന്നതലയോഗം വിളിക്കാൻ സർക്കാർ നടപടി സ്വീകരിക്കുമെന്നും ജലവിഭവ വകുപ്പ് മന്ത്രി അഡ്വ.മോൻസ് ജോസഫ് വ്യക്തമാക്കി.
ഇക്കാര്യങ്ങൾ സംബന്ധിച്ച് നടന്ന യോഗത്തിലും സന്ദർശനത്തിലും അഡ്വ.കെ ഫ്രാൻസിസ് ജോർജ് MP, കെ. ബിനിമോൻ എം.എൽ.എ പഞ്ചായത്ത് ജനപ്രതിനിധികൾ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ വിവിധ വകുപ്പധികൃതർ എന്നിവരും മന്ത്രിയോടൊപ്പം പങ്കെടുത്തു
Follow us on :
Tags:
More in Related News
Please select your location.