Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിന് കൊടിയേറി

01 Sep 2026 22:04 IST

CN Remya

Share News :

കോട്ടയം: ആഗോള മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിന് കൊടിയേറി. യാക്കോബായ സുറിയാനി സഭയുടെ സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ ഡോ. തോമസ് മോർ തീമോത്തിയോസിന്‍റെ നേതൃത്വത്തിൽ പ്രാർഥനയ്ക്ക് ശേഷമാണ് കൊടിമരം ഉയർത്തിയത്. മണർകാട് കരയിൽ ചിരട്ടേപ്പറമ്പിൽ വർഗീസ് കുരുവിളയുടെ ഭവനാങ്കണത്തിൽനിന്നു നിലംതൊടാതെ വെട്ടിയെടുത്ത കൊടിമരം വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആഘോഷപൂർവം കത്തീഡ്രലിൽ എത്തിച്ചു. ആർപ്പുവിളികളോടെ കരോട്ടെ പള്ളിക്ക് ചുറ്റും ഒരുതവണ വലം വെച്ചശേഷം കത്തീഡ്രൽ പള്ളിക്ക് ചുറ്റും മൂന്നുതവണ വിശ്വാസസമൂഹം കൊടിമരവുമായി വലംവച്ചശേഷം കൽക്കുരിശിനു സമീപം എത്തിച്ചു. കൊടിമരം ചെത്തിമിനുക്കിയ ശേഷം പച്ചിലകൾകൊണ്ടും കൊടി തോരണങ്ങൾകൊണ്ടും അലങ്കരിച്ചു. ഇടവകയിലെ മുതിർന്ന അംഗം കെ. വി. സ്കറിയ കൂറുമല കൊടിമരത്തിൽ കൊടി കെട്ടി. പ്രാർഥനകൾക്ക് ശേഷം കൊടിമരം ഉ‍യർത്തി തുടർന്ന് കരോട്ടെ പള്ളിയിലെ കൊടിമരത്തിലും കൊടി ഉയർത്തി.

എട്ടുനോമ്പിന്‍റെ ഒന്നാം ദിനമായ ചൊവ്വാഴ്ച കത്തീഡ്രലിലെ വിശുദ്ധ മൂന്നിന്മേൽ കുർബാനയ്ക്ക് ഡോ. തോമസ് മോർ തീമോത്തിയോസ് മുഖ്യകാർമ്മികത്വം വഹിച്ചു. വളരെ ചിട്ടയോടും ആചാരവെടിപ്പോടെയും നടത്തപ്പെടുന്ന എട്ടുനോമ്പ് പെരുന്നാൾ അനേകരുടെ ജീവിതത്തിന് വലിയ ആത്മീക നിറവാണെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിന് ആ ആധ്യാത്മിക പ്രകാശം പകരാൻ വിശ്വാസികൾക്ക് സാധിക്കണം. ജീവിതത്തിലെ വേദനകളുടെയും പ്രതിസന്ധികളുടെയും നടുവിൽ തളരാതിരിക്കാനുള്ള ആത്മബലം മാതാവിൽനിന്ന് പഠിക്കാം. മാതാവിന്‍റെ ജീവിതമാതൃക വിശ്വാസികൾക്ക് അന്ധകാരത്തിൽ പ്രകാശം പകരുന്നതായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ാലം ചെയ്ത പുണ്യശ്ലോകനായ ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് പൗലോസ് ദ്വിതിയൻ ബാവായുടെ 30-ാമത് ദുഃഖറോനോ പെരുന്നാൾ കുർബാന മധ്യത്തിൽ ആചരിച്ചു. സേവകാസംഘം പ്രസിദ്ധീകരിക്കുന്ന 2027ലെ കലണ്ടർ കുർബാനയ്ക്ക് ശേഷം പ്രകാശനം ചെയ്തു. എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ച് നൽകുന്ന സൗജന്യ നേർച്ചകഞ്ഞി വിതരണം തോമസ് മോർ തീമോത്തിയോസ് പ്രാർഥിച്ച് ആശീർവദിച്ച് ആരംഭിച്ചു. കരോട്ടെ പള്ളിയിൽ വിശുദ്ധ കുർബാനയ്ക്ക് തോമസ് മോർ അലക്സന്ത്രയോസ് മുഖ്യകാർമ്മികത്വം വഹിച്ചു. തോമസ് മോർ അലക്സന്ത്രയോസ്, ഫാ. സഖറിയാ വിനു വാക്യത്തറ എന്നിവർ ധ്യാന പ്രസംഗം നടത്തി. കോട്ടയം ഭദ്രാസന വൈദിക ഗോസ്പൽ ടീമിന്‍റെ നേതൃത്വത്തിൽ ധ്യാനവും നടത്തി.


കത്തീഡ്രലിൽ നാളെ 

കരോട്ടെ പള്ളിയിൽ രാവിലെ ആറിന് വിശുദ്ധ കുർബാന. കത്തീഡ്രലിൽ രാവിലെ 7.30ന് പ്രഭാത പ്രാർഥന. 8.30ന് വിശുദ്ധ മൂന്നിന്മേൽ കുർബാന - തുമ്പമൺ ഭദ്രാസനാധിപൻ യൂഹാനോൻ മോർ മിലിത്തിയോസിന്‍റെ മുഖ്യകാർമ്മികത്വത്തിൽ. രാവിലെ 11ന് പ്രസംഗം - റവ.ഡോ. കൗമാ റമ്പാൻ. ഉച്ചയ്ക്ക് 12ന് മധ്യാഹ്ന പ്രാർഥന. ഉച്ചകഴിഞ്ഞ് 2.30ന് പ്രസംഗം - ഫാ. അഭിലാഷ് ഏബ്രഹാം വലിയവീട്ടിൽ, വൈകുന്നേരം അഞ്ചിന് സന്ധ്യാപ്രാർഥന. 6.30ന് ധ്യാനം - ഫാ. മാത്യൂസ് ചാലപ്പുറം.

Follow us on :

More in Related News