Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാധ്യമം ജീവനക്കാർ അനിശ്ചിത കാല സമരത്തിന്; സെപ്റ്റംബർ മൂന്നു മുതൽ സത്യാഗ്രഹം

25 Aug 2026 16:05 IST

NewsDelivery

Share News :

മാധ്യമം മാനേജ്മെന്‍റിന്‍റെ സാമ്പത്തിക ഉപരോധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമര സമിതി സംഘടിപ്പിച്ച 'പട്ടിണിപ്പാച്ചിൽ' പ്രതിഷേധ കൂട്ടായ്മ സി.ഐ.ടി.യു അഖിലേന്ത്യ സെക്രട്ടറി കെ.എൻ. ഗോപിനാഥ് പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: ശമ്പളം നൽകാതെ പീഡിപ്പിക്കുന്ന മാധ്യമം മാനേജ്മെൻ്റിൻ്റെ നിലപാടിൽ പ്രതിഷേധിച്ച് തൊഴിലാളികൾ അനിശ്ചിതകാല സമരത്തിലേക്ക്. സെപ്റ്റംബർ മൂന്നു മുതൽ വെള്ളിമാടുകുന്നിലെ മാധ്യമം ഹെഡ്ഡോഫിസിനു മുന്നിൽ സത്യാഗ്രഹ സമരം ആരംഭിക്കും. നിഷേധാത്മക നിലപാട് മാനേജ്മെൻ്റ് തുടരുന്നപക്ഷം നിരാഹാര സമരവും പണിമുടക്കും ഉൾപ്പെടെ പ്രക്ഷോഭം കൂടുതൽ ശക്തമാക്കുമെന്നും സമര സമിതി നേതാക്കൾ അറിയിച്ചു.

തൊഴിലാളികളെ പട്ടിണിക്കിട്ട് ദ്രോഹിക്കുന്ന മാധ്യമം മാനേജ്മെന്‍റിന്‍റെ സാമ്പത്തിക ഉപരോധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമര സമിതി സംഘടിപ്പിച്ച 'പട്ടിണിപ്പാച്ചിൽ' പ്രതിഷേധ കൂട്ടായ്മയിലായിരുന്നു പ്രഖ്യാപനം.

സി.ഐ.ടി.യു അഖിലേന്ത്യ സെക്രട്ടറി കെ.എൻ. ഗോപിനാഥ് പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. തൊഴിലാളി ദ്രോഹം തുടർന്നാൽ പത്രം പുറത്തിറക്കുന്നതിന് മാനേജ്മെൻ് പ്രയാസപ്പെടേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. ജീവക്കാരുടെ സമരത്തിന് തൊഴിലാളി സംഘടനകളുടെയും ജനാധിപത്യവിശ്വാസികളുടെയും പിന്തുണ ഉറപ്പുവരുത്തുമെന്നും ഗോപിനാഥ് വ്യക്തമാക്കി.

ഏഴുമാസത്തെ ശമ്പള കുടിശ്ശികയിൽ രണ്ടു മാസത്തേത് ഓണത്തിന് മുമ്പ് വിതരണം ചെയ്യണമെന്ന തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ നിർദ്ദേശം മാനേജ്മെൻ്റ് അവഗണിച്ചതിനെ തുടർന്നായിരുന്നു കെ.യു.ഡബ്ല്യു.ജെ - കെ.എൻ.ഇ.എഫ് സംയുക്താഭിമുഖ്യത്തിൽ കേന്ദ്ര -സംസ്ഥാന ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്.

ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്‍റ് കെ. രാജീവ് അധ്യക്ഷത വഹിച്ചു. സർക്കാർ മധ്യസ്ഥന്‍റെ റോളിൽനിന്ന് മാറി ജോലിയെടുക്കുന്ന തൊഴിലാളിക്ക് ശമ്പളം ലഭ്യമാക്കാൻ നിയമപരമായ നടപടികളിലേക്ക് കടക്കണമെന്ന് അദ്ദേഹം പറഞ്ഞു.

കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡൻ്റ് കെ.പി. റെജി, ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ, പി.കെ. നാസർ (എ.ഐ.ടി.യു.സി), എ.ടി. അബ്ദു (എസ്.ടി.യു.), ബിജു ആന്‍റണി (എച്ച്.എം.എസ്), ഒ.കെ. സത്യ (സേവ), രതീഷ് കുമാർ (കെ.എൻ.ഇ.എഫ്.), അഡ്വ. എം. രാജൻ, സി. നാരായണൻ എന്നിവർ സംസാരിച്ചു. പ്രസ്‌ക്ലബ്ബ് സെക്രട്ടറി പി.കെ. സജിത്ത് സ്വാഗതവും പ്രസിഡന്‍റ് ഇ.പി. മുഹമ്മദ് നന്ദിയും പറഞ്ഞു.

Follow us on :

More in Related News