Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയനാട്ടിൽ മുസ്‌ലിം ലീഗിന്‍റെ 'സ്നേഹവീടുകൾ' സമർപ്പിച്ചു; പറഞ്ഞ വാക്ക് പാലിച്ചെന്ന് സാദിഖ് അലി തങ്ങൾ

27 Apr 2026 19:38 IST

Enlight Media

Share News :

കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി മുസ്‌ലിം ലീഗ് നിർമിച്ച് നൽകുന്ന 'സ്നേഹവീട്' പദ്ധതിയിലെ ആദ്യഘട്ട വീടുകളുടെ ഗൃഹപ്രവേശം നടന്നു. പണി പൂർത്തിയായ 51 വീടുകളുടെ താക്കോൽദാനവും ഗൃഹപ്രവേശവുമാണ് ഇന്ന് നടന്നത്. പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയ പ്രമുഖ നേതാക്കൾ വീടുകൾ സന്ദർശിച്ചു.


ആകെ 105 വീടുകളാണ് ലീഗ് ലക്ഷ്യമിടുന്നത്. ഇതിൽ 51 എണ്ണം പൂർത്തിയായി. ബാക്കി 54 വീടുകളുടെ നിർമാണം മേയ് മാസത്തോടെ പൂർത്തിയാക്കുമെന്ന് സാദിഖ് അലി തങ്ങൾ അറിയിച്ചു. വീട് നിർമിച്ച് നൽകുക മാത്രമല്ല, ഓരോ വീടിനും ആവശ്യമായ ഫർണിച്ചറുകൾ, ഒരു മാസത്തേക്കുള്ള ഭക്ഷ്യകിറ്റ് എന്നിവയും ലീഗ് ഒരുക്കിയിട്ടുണ്ട്. വാടക വീടുകളിൽ ദുരിതമനുഭവിച്ചിരുന്ന കുടുംബങ്ങൾക്ക് ഇത് വലിയ ആശ്വാസമാകും.


ഇതൊരു രാഷ്ട്രീയ നേട്ടത്തിനായുള്ള പ്രവർത്തനമല്ലെന്നും മനുഷ്യത്വപരമായ പുണ്യപ്രവർത്തിയാണിതെന്നും നേതാക്കൾ വ്യക്തമാക്കി. ക്രൗഡ് ഫണ്ടിംഗ് വഴിയാണ് ഇതിനാവശ്യമായ തുക സമാഹരിച്ചത്. വീടുകൾക്ക് പുറമേ വിദ്യാഭ്യാസ സ്ഥാപനങ്ങളും ടൗൺഹാളും ഉൾപ്പെടെയുള്ള വിപുലമായ ടൗൺഷിപ്പ് സൗകര്യങ്ങൾ ഈ മേഖലയിൽ വരും.


കോൺഗ്രസിന്‍റെ പുനരധിവാസ പ്രവർത്തനങ്ങൾ വൈകാൻ കാരണം സർക്കാരിനെ വിശ്വസിച്ചതാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. സർക്കാർ ഭൂമി ലഭ്യമാക്കുമെന്ന പ്രതീക്ഷയിലായിരുന്നു കോൺഗ്രസും ലീഗും. എന്നാൽ സർക്കാർ പദ്ധതികൾ അനന്തമായി നീളുകയാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് സ്വന്തം നിലയിൽ പദ്ധതികൾ വേഗത്തിലാക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കി.

Follow us on :

More in Related News