Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Aug 2026 05:07 IST
Share News :
മസ്‌കറ്റ്: ഐ.സി.എ.ഐ (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ) മസ്‌കറ്റ് ചാപ്റ്ററിന്റെ നേതൃത്വത്തിൽ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി വർണാഭമായ ഓണാഘോഷം സംഘടിപ്പിച്ചു. കോളേജ് ഓഫ് ബാങ്കിംഗ് ആൻഡ് ഫിനാൻഷ്യൽ സ്റ്റഡീസിന്റെ (സി.ബി.എഫ്.എസ്.) പിന്തുണയോടെയായിരുന്നു പരിപാടി.
പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും ഗൃഹാതുരത്വത്തിന്റെയും മനോഹരമായ സംഗമമായി മാറിയ ആഘോഷത്തിന് പരമ്പരാഗത നിലവിളക്ക് തെളിയിച്ചുകൊണ്ടാണ് തുടക്കം കുറിച്ചത്. തുടർന്ന് വിവിധ കലാപരിപാടികൾ, ക്വിസ് മത്സരങ്ങൾ, വിനോദ പരിപാടികൾ എന്നിവ അരങ്ങേറി.
ഇന്ത്യൻ എംബസിയെ പ്രതിനിധീകരിച്ച് ഫസ്റ്റ് സെക്രട്ടറി ശ്രീ. ഹേമന്ത് ഷിർസാത് മുഖ്യാതിഥിയായി പങ്കെടുത്തു. മുൻ കേന്ദ്രമന്ത്രിയും മുൻ ഐ.എ.എസ്. ഉദ്യോഗസ്ഥനുമായ ശ്രീ. കെ. ജെ. അൽഫോൻസ് കണ്ണന്താനം, ഐ.സി.എ.ഐ സെൻട്രൽ കൗൺസിൽ അംഗം സി.എ. ബാബു എബ്രഹാം കല്ലിവയലിൽ, ഐ.സി.എ.ഐ മസ്‌കറ്റ് ചാപ്റ്റർ ചെയർപേഴ്സൺ സി.എ. സംഗീത സുരേഷ് കുമാർ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.
ചടങ്ങിൽ സംസാരിച്ച കെ. ജെ. അൽഫോൻസ് കണ്ണന്താനം തന്റെ ഔദ്യോഗിക ജീവിതത്തിലെ അനുഭവങ്ങൾ പങ്കുവെച്ചു. കോട്ടയം ജില്ലാ കളക്ടറായിരിക്കെ സാക്ഷരതാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി കോട്ടയത്തെ ഇന്ത്യയിലെ ആദ്യ സമ്പൂർണ സാക്ഷരതാ പട്ടണമാക്കി മാറ്റിയതും, ഡൽഹി വികസന അതോറിറ്റി കമ്മീഷണറായിരിക്കെ അനധികൃത നിർമാണങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ച് “ഡിമോളിഷൻ മാൻ” എന്ന വിശേഷണം നേടിയതുമടക്കമുള്ള അനുഭവങ്ങൾ അദ്ദേഹം അനുസ്മരിച്ചു. മികച്ച അക്കാദമിക് നേട്ടങ്ങൾ മാത്രമല്ല, ധൈര്യവും ധാർമ്മിക നിലപാടും ശരിയായ തീരുമാനങ്ങൾ എടുക്കാനുള്ള മനക്കരുത്തുമാണ് ജീവിത വിജയത്തിന് അനിവാര്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സി.എ. ബാബു എബ്രഹാം കല്ലിവയലിൽ സദസ്സിന് ആശംസകൾ നേർന്ന് ഐ.സി.എ.ഐ കുടുംബത്തിന്റെ ഐക്യദാർഢ്യവും പ്രൊഫഷണൽ ബന്ധങ്ങളുടെ ശക്തിയും എടുത്തുപറഞ്ഞു.
പരമ്പരാഗത കേരളീയ രീതിയിൽ വാഴയിലയിൽ വിളമ്പിയ വിഭവസമൃദ്ധമായ ഓണസദ്യയോടെയാണ് ആഘോഷങ്ങൾക്ക് സമാപനം കുറിച്ചത്.
പരിപാടിയുടെ വിജയത്തിനായി പിന്തുണ നൽകിയ പി.കെ. എക്സ്ചേഞ്ച്, സീ പേൾസ് ഗോൾഡ് ആൻഡ് ഡയമണ്ട് ജ്വല്ലറി, നാഷണൽ ഡിറ്റർജന്റ് കമ്പനി, അൽ ജസീറ സ്റ്റീൽ പ്രോഡക്ട്സ് കമ്പനി, തൈബ ഹെൽത്ത്‌കെയർ, ദാസ് ഇൻവെസ്റ്റ്മെന്റ് ആൻഡ് ട്രാൻസ്പോർട്ട് കമ്പനി എൽ.എൽ.സി., മജാൻ ഇന്റർനാഷണൽ ഏജൻസീസ്, ട്രാവൽ ആൻഡ് ടൂറിസം സ്ഥാപനങ്ങൾ എന്നിവരോട് ചാപ്റ്റർ നന്ദി രേഖപ്പെടുത്തി.
ഐ.സി.എ.ഐ മസ്‌കറ്റ് ചാപ്റ്ററിന്റെ പ്രൊഫഷണൽ വികസന പ്രവർത്തനങ്ങൾക്കും സാമൂഹിക ഇടപെടലുകൾക്കും സി.ബി.എഫ്.എസ്. നൽകുന്ന പിന്തുണയും ചടങ്ങിൽ പ്രത്യേകം പരാമർശിച്ചു. ധനകാര്യ മേഖലയിലെ വിജ്ഞാനവിനിമയം, പ്രൊഫഷണൽ വികസനം, വ്യവസായ ആവശ്യങ്ങൾക്ക് അനുയോജ്യമായ കഴിവുകളുടെ വളർച്ച എന്നിവയ്ക്ക് ഇത്തരം സഹകരണങ്ങൾ കൂടുതൽ കരുത്ത് പകരുന്നതായി സംഘാടകർ അറിയിച്ചു
Follow us on :
Tags:
More in Related News
Please select your location.