Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുടുംബ തർക്കം കൊലപാതകത്തിൽ കലാശിച്ചു: ജ്യേഷ്ഠനെയും ഭാര്യയെയും 3 വയസുകാരനെയും 16-കാരൻ വെട്ടിക്കൊന്നു

23 Jun 2026 07:35 IST

NewsDelivery

Share News :

ലഖ്നൗ: ഉത്തർപ്രദേശിലെ ഗൊരഖ്‌പൂർ ജില്ലയിൽ കുടുംബ തർക്കത്തെ തുടർന്ന് ജ്യേഷ്ഠനെയും ഭാര്യയെയും മൂന്ന് വയസ്സുള്ള മകനെയും 16 വയസ്സുകാരൻ വെട്ടിക്കൊലപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

ഉറങ്ങിക്കിടക്കുകയായിരുന്ന അമിത്, ഭാര്യ രഞ്ജന, മകൻ റെയാൻ (3) എന്നിവരെയാണ് പ്രതി മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ആക്രമിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.

മറ്റൊരു മുറിയിൽ ഉറങ്ങുകയായിരുന്ന പ്രതിയുടെ പിതാവ് അലർച്ച കേട്ട് ഓടിയെത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ച നിലയിൽ കുടുംബാംഗങ്ങളെ കണ്ടെത്തിയത്. ഇളയ മകൻ കൈയിൽ ആയുധവുമായി മുറിയിൽ നിന്ന് പുറത്തേക്ക് വരുന്നത് കണ്ടതായും അദ്ദേഹം പൊലീസിനോട് പറഞ്ഞു.

സംഭവത്തെ തുടർന്ന് അയൽവാസികളെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വീടിന്റെ മുകളിലത്തെ നിലയിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ പക്കൽ നിന്ന് രക്തം പുരണ്ട ആയുധവും പൊലീസ് കണ്ടെത്തി.

പ്രതിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് കുറ്റകൃത്യം നടന്ന സ്ഥലം വിശദമായി പരിശോധിക്കുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തു. കുടുംബാംഗങ്ങളിൽ നിന്നും നാട്ടുകാരിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.

മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. കുടുംബ തർക്കമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

Follow us on :

More in Related News