Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സാക്ഷിപറഞ്ഞതിന് പ്രതികാരം; യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമം, കൈ അറ്റുതൂങ്ങി

20 Jun 2026 07:24 IST

NewsDelivery

Share News :

തിരുവനന്തപുരം: കഠിനംകുളത്ത് സുഹൃത്തിനെ ആക്രമിച്ച കേസിൽ സാക്ഷിപറഞ്ഞതിന്റെ വൈരാഗ്യത്തിൽ യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമം. ചിറ്റാറ്റുമുക്ക് സ്വദേശി ഫെബിൻ (37) ആണ് ഗുണ്ടാസംഘത്തിന്റെ ആക്രമണത്തിന് ഇരയായത്. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.

രണ്ടുപേർ ചേർന്ന് ഫെബിനെ വാളുകൊണ്ട് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ തലയ്ക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ ഫെബിൻ, വെട്ട് തടയാൻ ശ്രമിക്കുന്നതിനിടെ ഇരുകൈകൾക്കും ഗുരുതര പരിക്കേറ്റു. ഒരു കൈ അറ്റുതൂങ്ങിയ നിലയിലായിരുന്നുവെന്നാണ് വിവരം.

ഒരു വർഷം മുൻപ് കാറിന് സൈഡ് നൽകിയില്ലെന്ന തർക്കത്തെ തുടർന്ന് ഏഴംഗസംഘം ഫെബിന്റെ സുഹൃത്തിനെ മർദിച്ച കേസിലെ ഏക ദൃക്‌സാക്ഷിയായിരുന്നു ഫെബിൻ. അന്ന് കേസിൽ സാക്ഷിപറഞ്ഞതിന്റെ പ്രതികാരമായാണ് ഇപ്പോഴത്തെ ആക്രമണമെന്ന് ഫെബിൻ ആരോപിക്കുന്നു.

അന്നത്തെ കേസിലെ മൂന്നാം പ്രതിയായ വിനോജും ക്ലിന്റൺ എന്നയാളും ചേർന്നാണ് ആക്രമണം നടത്തിയതെന്നാണ് പരാതി. ഇവർ കുപ്രസിദ്ധ ഗുണ്ടയായ പഞ്ചായത്ത് ഉണ്ണിയുടെ സംഘത്തിലെ അംഗങ്ങളാണെന്നും സൂചനയുണ്ട്.

ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ഫെബിൻ ശ്രമിച്ചെങ്കിലും പ്രതികൾ പിന്നാലെയെത്തി തുടർച്ചയായി വെട്ടുകയായിരുന്നുവെന്നാണ് വിവരം. ഫെബിന്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ഇയാളെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്ലാസ്റ്റിക് സർജറി ഉൾപ്പെടെയുള്ള ചികിത്സകൾക്ക് ശേഷം ഫെബിൻ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Follow us on :

More in Related News