Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Jun 2026 08:06 IST
Share News :
സീതത്തോട് (പത്തനംതിട്ട): ഗവി മീനാറിൽ അങ്കണവാടി ജീവനക്കാരിയായ മേനക (30) കൊല്ലപ്പെട്ടത് ക്രൂര മർദനത്തെ തുടർന്നാണെന്ന സൂചന പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ. കഴുത്തിൽ പിടിച്ച് വെള്ളത്തിൽ മുക്കി ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം.
മേനക അങ്കണവാടിയിലേക്ക് നടന്നു പോകുന്നതിനിടെ പിന്നാലെയെത്തിയ പ്രതി വിനോദ് കുമാർ (42), കല്ലുകൊണ്ട് തലയ്ക്കടിച്ച ശേഷം സമീപത്തെ തോടരികിലേക്ക് കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് പൊലീസിന് നൽകിയ മൊഴി. സംഭവത്തിൽ നാട്ടുകാർക്കിടയിലും പ്രദേശത്താകെയും വലിയ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്.
കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ഇന്നലെ രാത്രി ഏഴോടെയാണ് മൃതദേഹം ഗവിയിലെ വീട്ടിലെത്തിച്ചത്. മൃതദേഹം ഇന്ന് രാവിലെ 11 മണിക്ക് ഗവി പൊതുശ്മശാനത്തിൽ സംസ്കരിക്കും.
പ്രതി വിനോദ് കുമാറിനെ കോടതിയിൽ ഹാജരാക്കിയ ശേഷം 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൂടുതൽ തെളിവെടുപ്പുകൾക്കായി പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. നിലവിൽ ഇയാളെ കൊട്ടാരക്കര ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്.
മൃതദേഹവുമായി എത്തിയ ആംബുലൻസ് ഗവിക്കു സമീപമുള്ള കംപ്രഷൻ മുക്കിൽ നാട്ടുകാർ തടഞ്ഞു. നേതാക്കളും പൊലീസ് ഉദ്യോഗസ്ഥരും ഇടപെട്ട് പ്രതിഷേധക്കാരെ സമാധാനിപ്പിച്ചതിന് ശേഷമാണ് ആംബുലൻസിന് മുന്നോട്ട് പോകാനായത്. മേനകയുടെ വീടിന് സമീപം വൻജനാവലി തടിച്ചുകൂടിയതിനാൽ ശക്തമായ പൊലീസ് സുരക്ഷയും ഏർപ്പെടുത്തിയിരുന്നു.
സംഭവത്തിൽ നിലവിൽ കൊലപാതകത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ വിശദാംശങ്ങൾ ലഭിച്ച ശേഷമേ കൂടുതൽ വകുപ്പുകൾ ചുമത്തുകയുള്ളുവെന്ന് മൂഴിയാർ എസ്‌എച്ച്‌ഒ ആർ. പ്രകാശ് അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.