Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹുർമുസ് കടലിടുക്കിന് സമീപം മുസന്ദമിൽ ആക്രമണം; രണ്ട് പ്രവാസികൾക്ക് പരിക്ക്

04 May 2026 23:22 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: തന്ത്ര പ്രധാനമായ ഹുർമുസ് കടലിടുക്കിന് സമീപമുള്ള മുസന്ദം ഗവർണറേറ്റിലെ ബുഖ വിലായത്തിൽ താമസ കെട്ടിടത്തിന് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് പ്രവാസികൾക്ക് പരിക്കേറ്റു.

തിങ്കളാഴ്ച ബുഖയിലെ തിബറ്റൻ ഏരിയയിൽ സ്ഥിതിചെയ്യുന്ന റെസിഡൻഷ്യൽ കെട്ടിടമാണ് ആക്രമണത്തിന് ഇരയായത്.

ആക്രമണത്തിൽ സമീപത്ത് പാർക്ക് ചെയ്തിരുന്ന നാല് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. കൂടാതെ പരിസരത്തുള്ള വീടുകളുടെ ജനാലകൾ തകരുകയും ചെയ്തു.

പരിക്കേറ്റവരെ സമീപത്തെ ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി ചികിത്സ നൽകിയതായി പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ആക്രമണത്തിന്റെ സ്വഭാവം, ഉപയോഗിച്ച മാർഗം, ലക്ഷ്യം എന്നിവ സംബന്ധിച്ചും ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല. സംഭവത്തെ തുടർന്ന് സുരക്ഷാ ഏജൻസികൾ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അധിക സുരക്ഷാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നാണ് വിവരം.

ഹുർമുസ് കടലിടുക്കിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന മുസന്ദം ഗവർണറേറ്റിന് അന്താരാഷ്ട്ര തലത്തിൽ വലിയ തന്ത്രപ്രാധാന്യമുണ്ട്. ഈ മേഖലയിലുണ്ടാകുന്ന സുരക്ഷാ സംഭവങ്ങൾ മേഖലയിലെ സമാധാനാന്തരീക്ഷത്തെയും കടൽ ഗതാഗത സുരക്ഷയെയും ബാധിക്കാനുള്ള സാധ്യതയുള്ളതിനാൽ സംഭവം ശ്രദ്ധേയമായിരിക്കുകയാണ്.

Follow us on :

More in Related News