Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Nov 2026 23:17 IST
Share News :
തിരുവനന്തപുരം: അംഗീകാരമില്ലാത്ത സൗന്ദര്യവർധക വസ്തുക്കൾക്കും പ്രോട്ടീൻ പൗഡറുകൾക്കുമെതിരെ സംസ്ഥാനത്ത് കർശന പരിശോധന നടത്താൻ നിർദേശം. ഇത്തരം ഉൽപ്പന്നങ്ങളുടെ വിൽപ്പന തടയുന്നതിനായി സംസ്ഥാന ഡ്രഗ്സ് കൺട്രോളർക്ക് ആരോഗ്യമന്ത്രി കെ. മുരളീധരൻ നിർദേശം നൽകി. നിയമവിരുദ്ധ ഉൽപ്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് സ്ഥിരമായി റദ്ദാക്കുമെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വ്ലോഗർമാർക്കെതിരെയും നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
മലപ്പുറത്ത് പതിനെട്ടുകാരിക്ക് മെർക്കുറി സാന്നിധ്യമുള്ള ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. മംഗലാപുരം, കാസർകോട് എന്നിവ കേന്ദ്രീകരിച്ച് ഇത്തരം ഉൽപ്പന്നങ്ങൾ സംസ്ഥാനത്ത് ഓൺലൈനായി വിൽക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ വിൽപ്പന തടയാൻ പരിശോധന ശക്തമാക്കും.
മെർക്കുറി സാന്നിധ്യമുള്ള ഉൽപ്പന്നം വിറ്റ എഫ് ട്യൂൺ കമ്പനിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പെൺകുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ ശേഷമാണ് അരീക്കോട് പൊലീസ് കേസെടുത്തത്.
അമിതമായ മെർക്കുറി സാന്നിധ്യമുള്ള ക്രീം ഉപയോഗിച്ചതിനെ തുടർന്ന് തനിക്കും മെംബ്രനസ് നെഫ്രോപതി എന്ന വൃക്കരോഗം ബാധിച്ചിട്ടുണ്ടെന്ന് മാപ്പിളപ്പാട്ട് ഗായകൻ സലീം കോടത്തൂരും വെളിപ്പെടുത്തിയിരുന്നു. കേസുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും ഇത്തരം ക്രീമുകൾ ഉപയോഗിക്കുന്ന മറ്റുള്ളവർക്കെങ്കിലും അപകടം ഒഴിവാക്കാനാണ് സോഷ്യൽ മീഡിയയിലെ പരിഹാസങ്ങൾക്കിടയിലും പ്രതികരിച്ചതെന്നും പെൺകുട്ടി വ്യക്തമാക്കി.
അതേസമയം, വ്യാജ സൗന്ദര്യവർധക വസ്തുക്കളുടെ ഉപയോഗവും വിൽപ്പനയും തടയുന്നതിനായി ആരോഗ്യവകുപ്പ് ആരംഭിച്ച 'ഓപ്പറേഷൻ സൗന്ദര്യ'യുടെ ഭാഗമായി ഇതുവരെ പത്തുലക്ഷം രൂപയുടെ വ്യാജ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. പരിശോധനയുടെ നാലുഘട്ടങ്ങൾ പൂർത്തിയായപ്പോഴുള്ള കണക്കാണിത്. പിടിച്ചെടുത്തവയിൽ കൂടുതലും ലിപ്സ്റ്റിക്, ഫെയർനെസ് ക്രീം, ബേബി പൗഡർ തുടങ്ങിയവയാണ്.
അംഗീകാരമില്ലാത്തതും സുരക്ഷിതമല്ലാത്തതുമായ സൗന്ദര്യവർധക ഉൽപ്പന്നങ്ങളുടെ വിൽപ്പന തടയുന്നതിനും ഉപഭോക്താക്കളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനുമാണ് പരിശോധന ശക്തമാക്കുന്നത്.
Follow us on :
Tags:
More in Related News
Please select your location.