Tue Dec 12, 2023 10:56 PM 1ST

Sign In

വയോധികയായ റിട്ടയേർഡ് അധ്യാപികയ്ക്ക് ഓട്ടോ യാത്ര നിഷേധിച്ചു

19 Nov 2026 22:35 IST

Arun das

Share News :

എൺപതുകാരിയായ റിട്ടയേർഡ് അധ്യാപികയ്ക്ക് ഓട്ടോ യാത്ര നിഷേധിച്ചതായി പരാതി; ആർ.ടി.ഒയ്ക്ക് പരാതി നൽകി


വടക്കാഞ്ചേരി: ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്ന എൺപതുകാരിയായ റിട്ടയേർഡ് അധ്യാപികയ്ക്ക് ഓട്ടോറിക്ഷാ യാത്ര നിഷേധിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തതായി പരാതി. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് എങ്കക്കാട് കുങ്കുമത്ത് വീട്ടിൽ രുഗ്മണി ടീച്ചർ വടക്കാഞ്ചേരി ജോയിന്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർക്ക് പരാതി നൽകി.


നവംബർ 15-ന് വൈകിട്ട് 6.30-ഓടെ ഓട്ടുപാറ ബസ് സ്റ്റാൻഡിന് സമീപമുള്ള ദുബായ് ബേക്കറിക്കടുത്തുള്ള ഓട്ടോറിക്ഷാ സ്റ്റാൻഡിലാണ് സംഭവം നടന്നതെന്ന് പരാതിയിൽ പറയുന്നു. എങ്കക്കാട്ടേക്ക് പോകുന്നതിനായി ഓട്ടോറിക്ഷ വിളിച്ചപ്പോൾ KL 48 P 4771 നമ്പറിലുള്ള വാഹനത്തിന്റെ ഡ്രൈവർ യാത്രയ്ക്ക് തയ്യാറായില്ലെന്നും തെറ്റായ കാരണങ്ങൾ പറഞ്ഞ് ഒഴിവായെന്നും രുഗ്മണി ടീച്ചർ ആരോപിക്കുന്നു.


തുടർന്ന് സ്റ്റാൻഡിലുണ്ടായിരുന്ന മറ്റ് രണ്ട് ഓട്ടോറിക്ഷാ ഡ്രൈവർമാരെ സമീപിച്ചെങ്കിലും അവരും സമാനമായ മറുപടിയാണ് നൽകിയതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, അവിടെവെച്ച് പരുഷമായി സംസാരിക്കുകയും മാനസിക വിഷമവും ഭയവും ഉണ്ടാക്കുന്ന രീതിയിൽ പെരുമാറുകയും ചെയ്തതായും ടീച്ചർ പറയുന്നു.


പ്രായമായ ഒരു സ്ത്രീയെന്ന പരിഗണന പോലും നൽകാതെ നടത്തിയ ഈ പെരുമാറ്റത്തിനെതിരെ മോട്ടോർ വാഹന നിയമപ്രകാരം നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം. യാത്ര നിഷേധിച്ചതിലും അപമര്യാദയായി പെരുമാറിയതിലും അന്വേഷണം നടത്തി, ആവശ്യമായാൽ പെർമിറ്റ് റദ്ദാക്കൽ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കണമെന്നും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു.

Follow us on :

More in Related News