Tue Dec 12, 2023 10:56 PM 1ST

Sign In

തിരുച്ചിറപ്പള്ളിയിൽ കാർ മരത്തിലിടിച്ച് എട്ട് മരണം; സുഹൃത്തുക്കൾ സഞ്ചരിച്ച വാഹനത്തിന് ദാരുണാപകടം

22 Nov 2026 23:05 IST

NewsDelivery

Share News :

തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ ജംബുനാഥപുരത്തിന് സമീപം കാറപകടത്തിൽ എട്ട് പേർ മരിച്ചു. നാമക്കലിൽനിന്ന് മടങ്ങുകയായിരുന്ന തഞ്ചാവൂർ സ്വദേശികളായ ഇഷ്ടികച്ചൂള തൊഴിലാളികളാണ് മരിച്ചത്.

തിരുച്ചിറപ്പള്ളി: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ മരത്തിലിടിച്ച് എട്ട് പേർ മരിച്ചു. മുസിരിക്ക് സമീപം ജംബുനാഥപുരത്താണ് അപകടം. സുഹൃത്തുക്കളായ പത്തോളം പേർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. നാമക്കൽ ജില്ലയിൽ സഹപ്രവർത്തകന്റെ വീട്ടിലെ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു ദുരന്തം. തുറയൂർ–മുസിരി റോഡിൽ ജംബുനാഥപുരത്തിന് സമീപം വെച്ച് കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലേക്ക് തെന്നിമാറി മരത്തിലിടിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.

അപകടത്തിൽ മാണിക്ക്യം, സങ്കിലി, മുരുകൻ, രാജേഷ്, പാവാടൈ എന്നിവർ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ നാല് പേരെ ഉടൻ മുസിരി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ശക്തിവേൽ, സുബ്രഹ്മണി, സീതാരാമൻ എന്നിവർ ചികിത്സയ്ക്കിടെ മരിച്ചു.

ജംബുനാഥപുരം പൊലീസ് സ്ഥലത്തെത്തി തകർന്ന കാറിനുള്ളിൽനിന്ന് മൃതദേഹങ്ങൾ പുറത്തെടുത്ത് മുസിരി സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരിച്ചവരെല്ലാം തഞ്ചാവൂർ ജില്ലയിലെ തിരുക്കാട്ടുപള്ളി സ്വദേശികളാണ്. ഇഷ്ടികച്ചൂളയിൽ ജോലി ചെയ്യുന്നവരായിരുന്നു ഇവർ.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Follow us on :

More in Related News