Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 May 2026 19:39 IST
Share News :
മസ്‌ക്കറ്റ്: ഒമാനിലെ എഴുത്തുകാരനും, സാമൂഹികപ്രവർത്തകനുമായ രാജീവ് മഹാദേവന്റെ 'ഇന്നലെ ഞാൻ ദർവീഷെ ക്കണ്ടു' എന്ന കവിതാ സമാഹാരത്തിന്റെ മസ്‌ക്കറ്റിലെ പ്രകാശനം നടന്നു. റൂവി സി ബി ഡി ഏരിയയിലെ ഡന്നത്ത് ഹാളിൽ വച്ച് മേയ് 16 ശനിയാഴ്ച്ചയാണ് പ്രകാശന പരിപാടി സംഘടിപ്പിച്ചത്.
ലോക കേരള സഭാംഗവും, മലയാളം മിഷൻ ഒമാൻ മുൻ ചീഫ് കോർഡിനേറ്ററുമായ വിൽസൺ ജോർജ്ജ് പരിപാടി ഉദ്ഘാടനം ചെയ്തു. ഒമാനിലെ മുതിർന്ന സാമൂഹിക പ്രവർത്തകനും, ലോകകേരള സഭാംഗവും, മലയാളം മിഷൻ ഒമാൻ ഉപദേശക സമിതി അംഗവുമായ ഷാജി സെബാസ്റ്റ്യൻ പുസ്തക പ്രകാശനം നിർവഹിച്ചു. എഴുത്തുകാരിയും സാംസ്ക്കാരിക പ്രവർത്തകയും ആക്ടിവിസ്റ്റുമായ അമ്മു വള്ളിക്കാട്ട് പുസ്തകം ഏറ്റു വാങ്ങി. സോഹാർ യൂണിവേഴ്സിറ്റി അധ്യാപകനും എഴുത്തുകാരനും പ്രഭാഷകനുമായ പ്രൊഫ. റോയ് പി പുസ്തക പരിചയം നടത്തി.
മലയാളം മിഷൻ ഒമാൻ ആണ് പരിപാടി സംഘടിപ്പിച്ചത്. ചെയർമാൻ ഡോ. ജെ രത്‌നകുമാർ അധ്യക്ഷനായിരുന്ന പരിപാടിയിൽ സെക്രട്ടറി അനു ചന്ദ്രൻ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് സുനിൽ കുമാർ, ഇന്ത്യൻ സ്‌കൂൾസ് ഒമാൻ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗം നിധീഷ് കുമാർ, ഇന്ത്യൻ സോഷ്യൽ ക്ലബ് കേരളാ വിഭാഗം കൺവീനർ അജയൻ പൊയ്യാറ, ഇന്ത്യൻ മീഡിയാ ഫോറം എക്സിക്യുട്ടീവ് അംഗം വി കെ ഷഫീർ എന്നിവർ ആശംസകൾ അറിയിച്ചു. മലയാളം മിഷൻ ഒമാൻ ജോയിന്റ് സെക്രട്ടറി അനുപമ സന്തോഷ് നന്ദി പറഞ്ഞു.
സാഹിത്യ-സാംസ്ക്കാരിക-പത്ര പ്രവർത്തന രംഗത്തെ പ്രമുഖരടക്കം നൂറിലധികം പേർ ചടങ്ങിൽ പങ്കെടുത്തു. ഈ പുസ്തകത്തിന്റെ കേരളത്തിലെ പ്രകാശനം ഇക്കഴിഞ്ഞ മാർച്ച് 29 ന് തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ വച്ച് സംഘടിപ്പിക്കപ്പെട്ടിരുന്നു.
പ്രവാസം, പലായനം, ഭൗമരാഷ്ട്രീയം മുതലായ സംഘർഷാവസ്ഥകളെയും അന്തസ്സ്, സ്വത്വം, പൗരത്വം തുടങ്ങിയ സന്നിഗ്ദ്ധാവസ്ഥകളെയും പ്രശ്നവൽക്കരിക്കുന്ന മുപ്പത് കവിതകളടങ്ങിയ പ്രസ്തുത സമാഹാരം .
ഭാഷയുടെ പുതിയ മേഖലകളിലേക്ക് രാജീവിന്റെ കവിതകൾ ആസ്വാദകരെ കൂട്ടിക്കൊണ്ടുപോകുന്നുണ്ടെന്ന് പുസ്തകം പരിചയപ്പെടുത്തികൊണ്ട് പ്രൊഫ. റോയ് പി പറഞ്ഞു. പുരോഗമന രാഷ്ട്രീയവും, സ്ത്രീപക്ഷ രാഷ്ട്രീയവും ഉയർത്തിപ്പിടിക്കുന്ന കവിതകളാണ് രാജീവ് മഹാദേവൻ തന്റെ തൂലികയിലൂടെ ഉയർത്തിപ്പിടിക്കുന്നത്. തന്റെ രാഷ്ട്രത്തിലെ ജനതയുടെ വേദന കാവ്യവൽക്കരിച്ച മഹ്മൂദ് ദാർവീഷിന് ആദരമർപ്പിക്കുന്ന കവിതാസമാഹാരം ഇതിനകം നിരൂപകശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്
മസ്‌ക്കറ്റിൽ സോഫ്റ്റവെയർ ഡെവലപ്പറായി ജോലി ചെയ്യുന്ന രാജീവ് മഹാദേവൻ ഗൾഫ് ദേശാഭിമാനി മസ്‌ക്കറ്റ് ലേഖകൻ, മലയാളം മിഷൻ ഒമാൻ ജോയിന്റ് സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു വരുന്നു.
Follow us on :
Tags:
More in Related News
Please select your location.