Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഊരാളുങ്കൽ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരിയുടെ വിയോഗത്തിൽ വടകര സൗഹൃദ വേദി ഒമാൻ അനുശോചനം രേഖപ്പെടുത്തി

03 Aug 2026 20:55 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ULCCS) ചെയർമാൻ രമേശൻ പാലേരിയുടെ നിര്യാണത്തിൽ വടകര സൗഹൃദ വേദി ഒമാൻ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

നിർമാണ മേഖലയിലെ ഒരു തൊഴിലാളി സഹകരണ പ്രസ്ഥാനത്തെ ആധുനിക സാങ്കേതികവിദ്യയുടെ വിവിധ മേഖലകളിലേക്ക് വളർത്തിയെടുത്ത ദീർഘദർശിയായ നേതാവായിരുന്നു രമേശൻ പാലേരിയെന്ന് അനുശോചന യോഗം വിലയിരുത്തി. സൈബർ പാർക്ക്, മെറ്റാ ലാബ് ഉൾപ്പെടെയുള്ള നവീന സംരംഭങ്ങളിലൂടെ ഊരാളുങ്കൽ സൊസൈറ്റിയെ ദേശീയ-അന്തർദേശീയ ശ്രദ്ധയാകർഷിക്കുന്ന സ്ഥാപനമാക്കി ഉയർത്തുന്നതിൽ അദ്ദേഹത്തിന്റെ നേതൃത്വം നിർണായക പങ്കുവഹിച്ചതായും യോഗം അനുസ്മരിച്ചു.

2014-ൽ വടകര സൗഹൃദ വേദി സംഘടിപ്പിച്ച “വൈശാഖ സന്ധ്യ” പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത രമേശൻ പാലേരിയെ അന്ന് സംഘടന ആദരിച്ചിരുന്നു. ആ സന്ദർശനവേളയിലെ അദ്ദേഹത്തിന്റെ സൗമ്യമായ പെരുമാറ്റവും ലളിതമായ ജീവിതശൈലിയും ഇന്നും സംഘാടകരുടെ ഓർമകളിൽ നിറഞ്ഞുനിൽക്കുന്നതായി ഭാരവാഹികൾ പറഞ്ഞു.

ഉയർന്ന ഉത്തരവാദിത്വങ്ങൾ വഹിച്ചിരുന്നിട്ടും എളിമയും സാമൂഹിക പ്രതിബദ്ധതയും കൈവിടാതിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. അദ്ദേഹത്തിന്റെ വിയോഗം ഊരാളുങ്കൽ സൊസൈറ്റിക്ക് മാത്രമല്ല, കേരളത്തിനും തൊഴിൽ തേടുന്ന യുവജനങ്ങൾക്കും വലിയ നഷ്ടമാണെന്നും വടകര സൗഹൃദ വേദി ഒമാൻ അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.

സംഘടനയുടെ പ്രസിഡന്റ് വിനോദൻ ഒ.കെ. അധ്യക്ഷത വഹിച്ച അനുശോചന യോഗത്തിൽ ജനറൽ സെക്രട്ടറി സുധീർ ചന്ദ്രോത്ത്, ചീഫ് പട്രോൺ സുരേഷ് അക്കമഠത്തിൽ, മെമ്പർമാരായ പ്രവീൺ പ്രഭാകർ, പ്രമോദ്, ഉദയചന്ദ്രൻ, ബൈജേഷ്, മുരളി, ബാബു പാക്കയിൽ, ബാലൻ കേയൻ, ശ്രീജിത്ത് എന്നിവർ പങ്കെടുത്തു. രമേശൻ പാലേരിയുടെ നിര്യാണത്തിൽ യോഗം അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും കുടുംബാംഗങ്ങളോടും സഹപ്രവർത്തകരോടും അനുശോചനം അറിയിക്കുകയും ചെയ്തു.

Follow us on :

More in Related News