Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വടയാർ പുത്തൻപാലം റോഡിൻ്റെ 20 മീറ്ററോളം ഭാഗം മൂവാറ്റുപുഴയാറ്റിലേക്ക് ഇടിഞ്ഞ് താഴ്ന്നു; കെ. ബിനിമോൻ എംഎൽഎ സ്ഥലം സന്ദർശിച്ചു.

27 May 2026 22:27 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: വടയാർ പുത്തൻപാലം റോഡിൻ്റെ ഒരുവശം മൂവാറ്റുപുഴയാറ്റിലേക്ക് ഇടിഞ്ഞു താണു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെടുന്നത്. 20മീറ്ററോളം നീളത്തിലും ഒന്നര മീറ്ററോളം വീതിയിലുമാണ് മൂവാറ്റുപുഴയാറിൻ്റെ കൈവഴിഭാഗം പുഴയിലേക്ക് ഇടിഞ്ഞുതാഴ്ന്നത്. മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനത്തിൻ്റെ ഭാഗമായി കഴിഞ്ഞ ദിവസം ജെസിബി ഉപയോഗിച്ച് റോഡിൻ്റെ വശങ്ങളിലെ കാടും,വള്ളിപ്പടർപ്പും നീക്കം ചെയ്‌തപ്പോഴാണ് തീരംപുഴയിലേക്ക് ഇടിഞ്ഞ് താഴ്ന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വാർഡ് മെമ്പർ അമ്പിളി മായാത്മജൻ വിവരം ബന്ധപ്പെട്ട അധികൃതരെ അറിയിക്കുകയായിരുന്നു. സംഭവം അറിഞ്ഞ് കെ. ബിനിമോൻ എംഎൽഎ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. അപകട ഭീഷണിയായ ഭാഗം താൽക്കാലികമായി തെങ്ങിൻ കുറ്റികൾ ഉപയോഗിച്ച് ഏരിതാഴ്ത്തി മണ്ണിട്ട് നികത്താൻ ആവശ്യമായ നടപടികൾ ഉടൻ ആരംഭിച്ചിട്ടുണ്ട്. സംഭവം വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി അടിയന്തരമായി തീരം കരിങ്കൽ ഭിത്തി കെട്ടി സംരക്ഷിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് എംഎൽഎ പറഞ്ഞു. അധ്യയന വർഷം ആരംഭിക്കുന്നതോടെ സ്‌കൂൾ വാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ കടന്ന് പോകുന്ന റോഡാണിത്. എതിരെ വരുന്ന വാഹനത്തിന് സൈഡ് കൊടുക്കാൻ വശത്തേക്ക് നീക്കിയാൽ വാഹനം പുഴയിലേക്ക് പതിഞ്ഞ് അപകടം ഉണ്ടാകാനും സാധ്യത ഏറെയാണെന്ന് നാട്ടുകാർ പറയുന്നു. ജില്ലാ പഞ്ചായത്ത് അംഗം വിജയമ്മ ബാബു, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസ് വി. ജേക്കബ്, ബ്ലോക്ക് പഞ്ചായത്തംഗം സീതു ശശിധരൻ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ എം എൽ എക്കൊപ്പം സ്ഥലം സന്ദർശിച്ചു. ഇറിഗേഷൻ, പൊതുമരാമത്ത് വകുപ്പ് അധികൃതരും സ്ഥലത്തെത്തിയിരുന്നു. ഇടിഞ്ഞ് താഴ്ന്ന ഭാഗത്ത് റോഡിൽ ടാർ വീപ്പകൾ സ്ഥാപിച്ച്, കയർ കെട്ടി സുരക്ഷിതമാക്കി. വലുതും, ഭാരവാഹനങ്ങൾ ഒഴികെയുമുള്ള ചെറുവഹനങ്ങൾ മാത്രമെ ഇത് വഴി കടന്ന് പോകു.

Follow us on :

More in Related News