Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മൂന്ന് ആഴ്ചക്കിടെ ഫാത്തിമയുടെ രണ്ട് പെണ്ണാടുകളെ തെരുവ് നായ്ക്കൾ കടിച്ച് കൊന്നു; കഴിഞ്ഞ ദിവസം വാങ്ങിയ ആട്ടിൻകുട്ടിയെയും കടിച്ച് കീറി.

20 May 2026 21:42 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: അക്രമകാരികളായ തെരുവ് നായ്ക്കൾ കൂട്ടിൽ കിടന്ന രണ്ട് പെണ്ണാടുകളെ കടിച്ചുകീറി കൊന്നതോടെ കഴിഞ്ഞ ദിവസം 12,000 രൂപ നൽകി വളർത്താനായി വീട്ടമ്മ വാങ്ങിയ ആട്ടിൻകുട്ടിയെയും തെരുവ് നായ്ക്കൾ കടിച്ച് കീറി. തലയോലപ്പറമ്പ് കോലേഴം ഭാഗത്ത് കണ്ടത്തിൽപ്പറമ്പിൽ ഫാത്തിമയുടെ ഒരു വയസ്സ് പ്രായമായ പെണ്ണാടിനെയാണ് കൂട്ടം കൂടിയെത്തിയ തെരുവ് നായ്ക്കൾ കടിച്ച് കീറിയത്. ബുധനാഴ്ച രാവിലെ 4.30 ഓടെയാണ് സംഭവം. കൂട്ടിൽ കെട്ടിയിട്ടിരുന്ന ആടിൻ്റെ കരച്ചിൽ കേട്ട് ഫാത്തിമ ഓടിയെത്തിയപ്പോഴേക്കും 4 ഓളം വരുന്ന തെരുവ് നായക്കൂട്ടം ഇവരുടെ മേലും ചാടി വീഴുകയായിരുന്നു. ഉടൻ ഓടി വീടിന് അകത്തേക്ക് കയറിയതിനാലാണ് വീട്ടമ്മ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത്. കഴുത്തിനും കാലിനും നായ്ക്കളുടെ കടിയേറ്റ അടിനെ തലയോലപ്പറമ്പ് മൃഗാശുപത്രിയിൽ എത്തിച്ച് പ്രതിരോധ കുത്തിവയ്പ്പ് നൽകിയെങ്കിലും ആട്ടിൻകുട്ടി മരണത്തോട് മല്ലിടുന്ന സ്ഥിതിയിലാണ്. കഴിഞ്ഞ രണ്ട് ആഴ്ച മുമ്പ് കൂട് തകർത്ത് ഉള്ളിൽ കിടന്ന രണ്ട് പെണ്ണാടുകളെ തെരുവ് നായ്ക്കൾ കടിച്ചു കീറി കൊന്നതോടെ ആട്ടിൻ കൂട് കാലിയായി കിടക്കാതിരിക്കാൻ രണ്ട് ദിവസം മുമ്പാണ് ഫാത്തിമ പുതിയ ഒരെണ്ണത്തെ വളർത്താനായി വാങ്ങിയത്. ഇതിനിടെയാണ് തെരുവ് നായക്കൂട്ടം ഇതിനെയും ആക്രമിച്ചത്. വർഷങ്ങളായി ആടുകളെ വളർത്തി വരികയായിരുന്നു ഫാത്തിമയും ഭർത്താവ് സുലൈമാനും. പഞ്ചായത്ത് അംഗം സമീൽ ഇബ്രാഹിമിൻ്റെ നേതൃത്വത്തിൽ സമീപവാസികൾ തെരുവ് നായ്ക്കളെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഇതിനിടെ അവ ഓടി മറഞ്ഞു. തലയോലപ്പറമ്പിലും പരിസര പ്രദേശങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമാണെന്നും പഞ്ചായത്ത് ഉൾപ്പടെയുള്ള അധികൃതർ ഇതിനെതിരെ അടിയന്തിര നടപടി സ്വീകരിക്കണമെന്നും നാട്ടുകാരുടെ ആവശ്യം ശക്തമാണ്.

Follow us on :

More in Related News