Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പിണറായി വിജയനെതിരായ ഇഡിയുടെ രാഷ്‌ട്രീയ വേട്ടയ്‌ക്കെതിരെ കോട്ടയത്ത് വ്യാപക പ്രതിഷേധം

27 May 2026 21:08 IST

CN Remya

Share News :

കോട്ടയം: സിപിഎം പൊളിറ്റ്‌ ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെതിരായ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റിന്റെ രാഷ്‌ട്രീയ വേട്ടയ്‌ക്കെതിരെ നാടെങ്ങും പ്രതിഷേധം. പിണറായി വിജയനെ ലക്ഷ്യമിട്ട്‌ വിവിധ സ്ഥലങ്ങളിൽ നടന്ന ഇഡി റെയ്‌ഡിനെതിരെ കോട്ടയം ജില്ലയിൽ ജനരോഷമിരമ്പി. സിപിഎം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കോട്ടയം നഗരത്തിലും ഏരിയാ കമ്മറ്റികളുടെ നേതൃത്വത്തിൽ ഏരിയാ കേന്ദ്രങ്ങളിലും പ്രതിഷേധമാർച്ച്‌ നടത്തി. ലോക്കൽ തലത്തിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നു. ഇഡി വേട്ടയിലും ഇഡി നടപടിക്കെതിരെ പ്രതിഷേധിച്ച സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെ ഡൽഹിയിൽ പൊലീസ്‌ കസ്‌റ്റഡിയിൽ എടുത്തതിലും പ്രതിഷേധിച്ച്‌ ബ്രാഞ്ച്‌ കേന്ദ്രങ്ങളിൽ പന്തം കൊളുത്തി പ്രകടനങ്ങളും നടന്നു.

പ്രതിഷേധ പ്രകടനങ്ങളിൽ ഇഡി– മോഡി– വിഡി കൂട്ടുകെട്ടിനെതിരെ മുദ്രാക്യങ്ങളുയർന്നു. മുഖ്യമന്ത്രി വി ഡി സതീശനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂടിക്കാഴ്‌ച നടത്തിയതിന്‌ തൊട്ടുപിന്നാലെയാണ്‌ ഒരേസമയം വിവിധ കേന്ദ്രങ്ങളിൽ ഇഡി റെയ്‌ഡിനിറങ്ങിയത്‌. റെയ്‌ഡ്‌ വിവരമറിഞ്ഞതോടെ ജനങ്ങൾ പ്രതിഷേധവുമായി തെരുവിലേക്ക് ഇറങ്ങി.

സിപിഎം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ തിരുനക്കര മോട്ടോർ തൊഴിലാളി യൂണിയൻ ഓഫീസിന്‌ മുന്നിൽനിന്നാരംഭിച്ച പ്രതിഷേധ മാർച്ചിൽ നൂറുകണക്കിനാളുകൾ അണിനിരന്നു. മാർച്ച്‌  നഗരം ചുറ്റി  തിരുനക്കര ബസ്‌ സ്‌റ്റാൻഡിൽ സമാപിച്ചു. സിപിഎം മുതിർന്ന നേതാവ്‌ വൈക്കം വിശ്വൻ, സംസ്ഥാന സെക്രട്ടറിയറ്റംഗം വി എൻ വാസവൻ, സംസ്ഥാന കമ്മറ്റി അംഗം കെ അനിൽകുമാർ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ എം രാധാകൃഷ്‌ണൻ, റെജി സഖറിയ, കെ എം വേണുഗോപാൽ, പി വി സുനിൽ, കോട്ടയം ഏരിയ സെക്രട്ടറി ബി ശശികുമാർ തുടങ്ങിയവർ സംസാരിച്ചു. 

ഇഡിയെ ഉപയോഗിച്ചുള്ള രാഷ്‌ട്രീയ പകപോക്കലിൽ പ്രതിഷേധിച്ച്‌ എൽഡിഎഫ്‌ നേതൃത്വത്തിൽ 28ന് കോട്ടയം ജില്ലയിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തും. ജില്ലാ കേന്ദ്രത്തിലും നിയോജക മണ്ഡലം കേന്ദ്രങ്ങളിലുമാണ്‌ പ്രതിഷേധ പ്രകടനങ്ങളും പൊതുയോഗങ്ങളും നടക്കുക. വൈകിട്ട്‌ അഞ്ചിന്‌ തിരുനക്കര ബസ്‌ സ്‌റ്റാൻഡ്‌ പരിസരത്ത്‌ നടക്കുന്ന പ്രതിഷേധ യോഗത്തിൽ എൽഡിഎഫ്‌ സംസ്ഥാന, ജില്ലാ നേതാക്കൾ പങ്കെടുക്കും. ഇഡിയെ ആയുധമാക്കിയുള്ള രാഷ്‌ട്രീയ വേട്ടയ്‌ക്കെതിരായ സമരത്തിൽ എല്ലാ ജനാധിപത്യ വിശ്വാസികളും പങ്കെടുക്കണമെന്ന്‌ എൽഡിഎഫ്‌ ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ്‌ മാത്യു അഭ്യർഥിച്ചു.

Follow us on :

More in Related News