Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 May 2026 22:01 IST
Share News :
വൈക്കം: ഇന്ധനം തീർന്നതിനെ തുടർന്ന് വേമ്പനാട്ടുകായലിൽ ജങ്കാർ ഒഴുകി മൺതിട്ടയിൽ ഉറച്ചു. വൈക്കം - തവണക്കടവ് ജലപാതയിൽ ശനിയാഴ്ച വൈകിട്ട് 3.30 ഓടെയാണ് സംഭവം. ഇന്ധനം നിറച്ച് എൻജിൻ സ്റ്റാർട്ട് ചെയ്‌ത് മൺതിട്ടയിൽ നിന്നും കരയിലേക്ക് അടുപ്പിക്കാൻ ജീവനക്കാർ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തുടർന്ന് ജങ്കാറിൽ ഉണ്ടായിരുന്ന യാത്രക്കാരെ റെസ്ക്യൂ ബോട്ടിലാണ് കരയിൽ എത്തിച്ചത്. വാഹനങ്ങളുമായി ജങ്കാറിൽ കയറിയവർ ആറര മണിക്കൂറിലധികമായി കായലിൽ കുടുങ്ങിക്കിടക്കുകയാണ്. ഇതിനിടെ സമയത്ത് ശക്തമായ ഇടിമിന്നലോടുകൂടി കാറ്റും മഴയും ഉണ്ടായത് ജങ്കാറിൽ അകപ്പെട്ട യാത്രക്കാരെ ഭീതിയിലാഴ്ത്തി. പൂഴിമണ്ണ് കയറ്റിവന്ന 5 ടിപ്പർ ലോറികളും, 3കാറുകളും, 10 ഓളം ഇരുചക്രവാഹനങ്ങളും, ഒരു ഓട്ടോറിക്ഷയുമാണ് ജങ്കാറിൽ ഉണ്ടായിരുന്നത്. വൈക്കത്തു നിന്നും തവണക്കടവിലേക്കു പോകുന്നതിനായി 100 മീറ്ററോളം നീങ്ങിയപ്പോഴാണ് ഇന്ധനം തീർന്ന് ജങ്കാർ നിന്നത്. ഈ സമയം വീശിയ ശക്തമായ കാറ്റിൽ ജങ്കാർ ഒഴുകി സമീപത്തെ മണൽ തിട്ടയിൽ ഉറച്ച് പോകുകയായിരുന്നു. വേലിയിറക്കം ആയതിനാൽ തിട്ടയിൽ കുടുങ്ങിയ ജങ്കാർ ഇറക്കാൻ പറ്റാത്ത അവസ്‌ഥയായി. ജങ്കാറിന്റെ എൻജിൻ സ്റ്റാർട്ട് ചെയ്‌ത് ഒപ്പം മറ്റൊരു ബോട്ട് ഉപയോഗിച്ച് കെട്ടി വലിച്ചെങ്കിലും ശ്രമം വിജയിച്ചില്ല. വിവിധ സ്‌ഥലങ്ങളിലേക്കു പോകുന്നതിനായി വൈക്കത്തും തവണക്കടവിലുമായി എത്തിയവർ യാത്ര ഉപേക്ഷിച്ച് മടങ്ങി.മണിക്കൂറുകൾ കഴിഞ്ഞതിനെ തുടർന്ന് ജങ്കാറിൽ കയറ്റിയ വാഹനങ്ങൾ ഓടിച്ചിരുന്നവരെ അടക്കം കരയിലെത്തിച്ചു. രാത്രി വേലിയേറ്റം വരുന്നതുവരെ ജങ്കാർ കരയിൽ അടുപ്പിച്ച ശേഷം വാഹനങ്ങളുമായി പോകാനായി കരയിൽ കാത്തിരിക്കുകയാണ് വാഹന ഉടമകൾ. രാത്രി വൈകിയും റസ്ക്യൂ ബോട്ട് ഉപയോഗിച്ച് ജങ്കാർ കരയ്ക്ക് അടുപ്പിക്കാൻ ശ്രമം തുടരുകയാണ്. അതെ സമയം രണ്ട് എൻജിൻ ഉണ്ടായിരുന്നതിൽ ഒന്നിലെ ഇന്ധനമാണ് തീർന്നതെന്നും കാറ്റത്ത് ഒഴുകി മൺതിട്ടയിൽ ഉറച്ചപ്പോൾ ചലിപ്പിക്കുന്നതിനായി കൂടുതൽ ഇന്ധനം ചിലവായതിനെ തുടർന്ന് മറ്റൊരെണ്ണത്തിൽ നിറയ്ക്കുകയുമാണ് ചെയ്തതെന്ന് ജങ്കാർ ജീവനക്കാർ പറയുന്നത്.
Follow us on :
Tags:
More in Related News
Please select your location.