Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മറാത്ത നടൻ മഹേഷ് പവാർ ഉൾപ്പെടെ 8 പേർ കാറപകടത്തിൽ മരിച്ചു

27 May 2026 23:31 IST

NewsDelivery

Share News :

മുംബൈ- ടെലിവിഷൻ പരമ്പരയിലൂടെ ശ്രദ്ധേയനായ മറാത്ത നടൻ മഹേഷ് പവാർ (25) ഉൾപ്പെടെ 8 പേർ റോഡപകടത്തിൽ മരിച്ചു. മുംബൈയിൽനിന്ന് 180 കിലോമീറ്റർ അകലെയുള്ള പൊളാഡ്പുർ-മഹാബലേശ്വർ റോഡിലെ അംബേനാളി ഘട്ട് പ്രദേശത്താണ് അപകടം നടന്നതെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. മഹേഷും സുഹൃത്തുക്കളും സഞ്ചരിച്ച കാർ 1000 അടിയിലധികം താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു.

വാഹനം കാണാതായതായി പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. പൊളാഡ്പുരിന് സമീപമുള്ള മൊബൈൽ ടവറിലാണ് മരിച്ചവരുടെ ഫോണിന്റെ അവസാന ലൊക്കേഷൻ കാണിച്ചത്. അംബേനാളി ഘട്ട് ഭാഗത്ത് തിരച്ചിൽ നടത്തുന്നതിനിടെയാണ് കൊക്കയിൽ കാർ കണ്ടെത്തിയത്. ഘട്ട് റോഡിൽ വച്ച് ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്നാണ് കൊക്കയിലേക്ക് മറിഞ്ഞതെന്നാണ് പൊലീസ് സംശയിക്കുന്നത്. 19 നും 35 നും ഇടയിൽ പ്രായമുള്ള സുഹൃത്തുക്കൾ ഞായറാഴ്ച പുലർച്ചെ 2 മണിയോടെയാണ് ദാപോലിയിലെ ഹാർനെയിൽനിന്ന് യാത്ര തിരിച്ചത്. ഇവർ സത്താറയിൽ എത്താതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ ഉച്ചയോടെ തിരച്ചിൽ ആരംഭിക്കുകയും പിന്നീട് പൊലീസിനെ സമീപിക്കുകയുമായിരുന്നു. സത്താറ സ്വദേശികളായ റിതേഷ് ലോഖണ്ഡെ (22), സുഹാസ് ലോഖണ്ഡെ (20), ഉത്കർഷ് ഷിംഗ്തെ (21), നിഖിൽ ഷിംഗ്തെ (25), മഹേഷ് പവാർ (25), ആദിത്യ സാലുങ്കെ (21), രാജേഷ് കട്കർ (35), രത്നഗിരി സ്വദേശിയായ അൻഷ് ചവാൻ (19) എന്നിവരാണ് മരിച്ചതെന്നു പൊലീസ് തിരിച്ചറിഞ്ഞു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അനുശോചനം രേഖപ്പെടുത്തി.

Follow us on :

More in Related News