Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Aug 2026 07:46 IST
Share News :
വാഴൂർ: തിരുവനന്തപുരം നടന്ന അഞ്ചാമത് കേരള സ്റ്റേറ്റ് കുഡോ ചാമ്പ്യൻഷിപ്പ്–2026-ൽ ഒരു കുടുംബത്തിലെ മൂന്ന് സഹോദരങ്ങൾ സ്വർണമെഡൽ നേടി ശ്രദ്ധേയരായി. വാഴൂർ ടി.പി.പുരം രണ്ടുപ്ലാക്കൽ വീട്ടിൽ എൽബിൻ–ലിജിത ദമ്പതികളുടെ മക്കളായ ജോസുകുട്ടി എൽബിൻ, ജോസഫൈൻ എൽബിൻ, ജോർദാൻ എൽബിൻ എന്നിവരാണ് ഈ അപൂർവ നേട്ടം സ്വന്തമാക്കിയത്.
മൂവരും നവംബറിൽ ഗുജറാത്തിൽ നടക്കുന്ന ദേശീയ കുഡോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള യോഗ്യതയും നേടി.
കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് ജോസുകുട്ടി എൽബിൻ. സഹോദരിയായ ജോസഫൈൻ എൽബിൻ രണ്ടാം ക്ലാസിലും ഇളയ സഹോദരൻ ജോർദാൻ എൽബിൻ ഒന്നാം ക്ലാസിലും ഇതേ സ്കൂളിലാണ് പഠിക്കുന്നത്. ഒരേ ചാമ്പ്യൻഷിപ്പിൽ മൂന്ന് സഹോദരങ്ങളും സ്വർണമെഡൽ നേടിയതാണ് ഈ നേട്ടത്തിന്റെ പ്രധാന പ്രത്യേകത.
കോട്ടയം ജില്ലയിൽ നിന്ന് ദേശീയ മത്സരത്തിന് യോഗ്യത നേടിയ ഏക പെൺകുട്ടിയാണ് ജോസഫൈൻ എൽബിൻ. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കുഡോ ചാമ്പ്യനെന്ന നേട്ടവും ജോർദാൻ എൽബിൻ സ്വന്തമാക്കി.
കൊടുങ്ങൂർ വി.ആർ. ഫൈറ്റ് ക്ലബ്ബിൽ വിൻസെന്റ് ഗുരുക്കളുടെ കീഴിലാണ് മൂന്ന് പേരും പരിശീലനം നേടുന്നത്. കോട്ടയം ജില്ലാ കുഡോ അസോസിയേഷൻ ചീഫ് കോച്ച് സുജിത് മാഷ് നയിച്ച ഏകദിന പരിശീലന ക്യാമ്പ് കുട്ടികളുടെ വിജയത്തിന് ഏറെ സഹായകമായതായി രക്ഷിതാക്കൾ പറഞ്ഞു.
ജാപ്പനീസ് ആയോധനകലയായ കുഡോ കരാട്ടെ, ജൂഡോ, മിക്‌സഡ് മാർഷ്യൽ ആർട്സ് എന്നിവയുടെ സംയോജനമായ ഫുൾ കോൺടാക്റ്റ് കോമ്പാറ്റ് കായിക ഇനമാണ്. ദേശീയ മത്സരത്തിലും മികച്ച പ്രകടനം കാഴ്ചവെച്ച് കേരളത്തിന് അഭിമാന നേട്ടം സമ്മാനിക്കാനുള്ള ഒരുക്കത്തിലാണ് ഈ സഹോദരങ്ങൾ.
Follow us on :
Please select your location.