Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പച്ചപ്പുല്‍ മൈതാനത്തെ ത്രസിപ്പിച്ചു നിര്‍ത്തിയ കാലുകള്‍ ബൂട്ടഴിക്കുമ്പോള്‍

01 Sep 2026 17:17 IST

vk jabir

Share News :

നന്ദി ലയണല്‍ മെസ്സി, നന്ദി!

അനിര്‍വചനീയമായ കവിത രചിച്ച്

പച്ചപ്പുല്‍ മൈതാനത്തെ ത്രസിപ്പിച്ചു നിര്‍ത്തിയതിന്!


ഫുട്ബാള്‍ കമ്പക്കാരും മെസ്സി ഫാന്‍സും ആകാംക്ഷയോടെ കാത്തിരുന്ന, എന്നാല്‍ കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത ആ വാര്‍ത്ത വന്നിരിക്കുന്നു. കളിമൈതാനത്ത് ഇരമ്പം തീര്‍ത്ത കാല്‍പ്പന്തു മാന്ത്രികന്‍ വിരമിച്ചു. ഗ്രൗണ്ടും പന്തുമായി ഇത്രയും വശ്യമായ പ്രണയമെഴുതി ഫുട്ബാള്‍ പ്രേമികളെ വിസ്മയിപ്പിച്ച ലയണല്‍ ആന്ദ്രേ മെസ്സി ഇനി കളിക്കളത്തില്‍ ആരവം തീര്‍ക്കാനുണ്ടാവില്ല.

കടുത്ത വിമര്‍ശനങ്ങളുടെ ഭാരം സഹിക്കാനാവാതെ 2014ല്‍ കളിക്കളം വിടുമെന്നു പ്രഖ്യാപിച്ച ഇയാള്‍, അര്‍ജന്റീനയും ലോകമൊട്ടുക്കുമുള്ള കളിയാരാധാകരും തിരികെ വിളിച്ചപ്പോള്‍ മടങ്ങിയെത്തുകയായിരുന്നു. 2014 ലോകകപ്പ് ഫുട്ബാളില്‍ കൈയെത്തും ദൂരത്ത് കപ്പ് കൈവിട്ടുപോയപ്പോഴായിരുന്നു അത്. ജര്‍മനിയുമായുള്ള ഫൈനലില്‍, ഏറെ കൊതിച്ചിരുന്ന സ്വര്‍ണക്കപ്പ് നഷ്ടമായപ്പോള്‍ കുനിഞ്ഞ ശിരസ്സുമായാണ് അയാള്‍ കളം വിട്ടത്. 

2018ല്‍ റഷ്യ ലോകകപ്പില്‍ അവസാന നാലില്‍ പോലും ഇടംപിടിക്കാതെ അര്‍ജന്റീനയും മെസ്സിയും കളം വിട്ടു. മെസ്സിക്കൊരു ലോകകപ്പ് കിരീടം എന്ന സ്വപ്‌നം കിട്ടാക്കനിയായി ശേഷിക്കുമ്പോഴാണ് അയാള്‍ രക്ഷകനായി അവതരിക്കുന്നത്. 2022 ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റൈന്‍ ടീമിനെ തോളിലേറ്റി മെസ്സി കപ്പുയര്‍ത്തുകയായിരുന്നു. മുന്നില്‍ നിന്നു നയിച്ച മെസ്സി കളിയിലെ കേമനായി തല ഉയര്‍ത്തിയാണ് ദോഹയില്‍ നിന്നു മടങ്ങിയത്. ലോകകപ്പു കൂടി ആ നേട്ടത്തിന്റെ പട്ടികയില്‍ ഇടം പിടിച്ചതോടെ മെസ്സിയുടെ കരിയറിലെ ഒരു ഘട്ടം കൂടി പൂര്‍ണമാവുകയായിരുന്നു. 

ഇതോടെ പലരും മെസ്സിയുടെ വിരമിക്കല്‍ പ്രഖ്യാപനം പ്രതീക്ഷിച്ചെങ്കിലും നാലു വര്‍ഷം കൂടി പിന്നിട്ട് അമേരിക്കന്‍ ഉപഭൂഖണ്ഡത്തില്‍ നടന്ന ലോകകപ്പില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച ശേഷമാണ് അതുണ്ടായത്. അര്‍ജന്റീനയെ തോളേറ്റിയ 39കാരന്‍ ടീമിനെ ഫൈനലില്‍ എത്തിച്ച ശേഷമാണ് ബൂട്ടഴിച്ചത്. 

കളിയിലും ജീവിതത്തിലും മെസ്സിയുടെ ഏറ്റവും വലിയ കരുത്തായിരുന്ന അച്ഛന്‍ ഹോര്‍ഹെ മെസ്സി രോഗിയായി കിടക്കുന്ന വേദനകള്‍ക്കിടയിലാണ് മെസ്സി ടീമിനെ ഫൈനല്‍ വരെയെത്തിച്ചത്. ലോകകപ്പിനു പിന്നാലെ അച്ഛന്‍ വിടപറഞ്ഞതോടെ കളിക്കളത്തിലും ജീവിതത്തിലും വലിയ താങ്ങാണ് അയാള്‍ക്കു നഷ്ടമായത്. നാല്പതിന്റെ പടിവാതിലിലും മെസ്സിയുടെ കളിക്കമ്പത്തിന് വീര്യം പകര്‍ന്നതും ജീവിതത്തില്‍ തണല്‍ വിരിച്ചതും അച്ഛനായിരുന്നു. ആ വിയോഗം കൂടി മെസ്സിയുടെ ഉള്ളിലെ ഫുട്ബാള്‍ ആവേശത്തെ തല്ലിക്കെടുത്തിയിരിക്കാം.

കളിക്കളത്തില്‍ പന്തും മെസ്സിയുമായുള്ള അസാമാന്യ താളവും പാരസ്പര്യവും അതിശയിപ്പിക്കുന്നതായിരുന്നു. മെസ്സി ഓടിക്കയറുമ്പോള്‍ അനുസരണയുള്ള കുഞ്ഞാടിനെ പോലെ കാറ്റു നിറച്ച പന്ത് അയാളുടെ കാലില്‍ പറ്റിപ്പിടിച്ചു കിടക്കുന്നത് കാണാന്‍ എന്തു ഹരമായിരുന്നു. വെട്ടിത്തിരിഞ്ഞും ചരിഞ്ഞും പായുന്ന മെസ്സിയുടെ കാലുകളില്‍ തൊട്ടുരുമ്മിപ്പായുന്ന പന്തും ആ കാലുകളിലെ മാന്ത്രികതയുമാണ് ഫുട്ബാള്‍ ആരാധകര്‍ക്കു നഷ്ടമാകുന്നത്. മെസ്സിയില്ലാത്ത അര്‍ജന്റീന ടീമിനെക്കുറിച്ചും ആരാധകര്‍ക്കിപ്പോള്‍ ആശങ്കയുണ്ട്. ഏതു നിമിഷവും നില തെറ്റാവുന്ന പിള്ളേരെ കളിക്കളത്തില്‍ ഒറ്റ ലക്ഷ്യത്തിലേക്ക് കോര്‍ത്തിണക്കിയത് രണ്ടു പതിറ്റാണ്ടോളം മെസ്സി എന്ന കപ്പിത്താനായിരുന്നു.


റൊസാരിയോയിലെ നക്ഷത്രം

1987 ജൂണ്‍ 24ന് അര്‍ജന്റീനയിലെ റൊസാരിയോയിലാണ് ഫുട്ബാളിലെ ഈ വെള്ളിനക്ഷത്രത്തിന്റെ ജനനം. ഹോര്‍ഹെ മസ്സിയും സെലിയ മരിയയുമാണ് മാതാപിതാക്കള്‍. രണ്ടു സഹോദരങ്ങളും ഒരു സഹോദരിയുമുണ്ട്. 

അഞ്ചാം വയസില്‍ അച്ഛന്‍ പരിശീലീപ്പിച്ചിരുന്ന ഗ്രാന്‍ഡോളി പ്രാദേശിക ക്ലബിലാണ് മെസ്സി ഫുട്ബാള്‍ തട്ടിത്തുടങ്ങിയത്. എട്ടാം വയസ്സില്‍ റൊസാരിയോയിലെ ന്യൂവെല്‍സ് ഓള്‍ഡ് ബോയ്‌സ് ക്ലബിന്റെ യൂത്ത് ടീമില്‍ ഇടംകിട്ടി. 

പത്താം വയസ്സില്‍ സ്വാഭാവികമായ ശരീര വളര്‍ച്ച ഇല്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് കുടുംബവും അയാളുടെ കരിയറും പ്രതിസന്ധിയിലായി. വളര്‍ച്ചാ ഹോര്‍മോണ്‍ കുറവ് പരിഹരിക്കുക എന്നത് കുടുംബത്തിന് താങ്ങാവുന്നതിനപ്പുറം ഭാരിച്ച ചെലവുള്ള ചികിത്സയായിരുന്നു.

കൊച്ചു മെസ്സിയുടെ ചികിത്സ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ബാഴ്‌സലോണ സ്‌പോട്ടിംഗിന്റെ അന്നത്തെ ഡയരക്ടര്‍ കാര്‍ലോസ് റെക്‌സാച്ച് അറിയിച്ചതോടെയാണ് പന്തിനെ മയക്കി വശത്താക്കിയ മാന്ത്രികനെ ലോകത്തിനു ലഭിച്ചതെന്നു പറയാം. പതിമൂന്നാം വയസ്സില്‍ 2000ത്തിലാണ് മെസ്സി ബോഴ്‌സലോണയുടെ ലാ മാസിയ ക്ലബില്‍ ചേരുന്നത്. 

ബാഴ്‌സലോണ ടീമിനായി ആദ്യമായി ജഴ്‌സി അണിയുന്നത് പതിനാറാം വയസ്സിലാണ്. 2004ല്‍ എസ്പാന്യോളിനെതിരെ ഔദ്യോഗിക മത്സരത്തിനിറങ്ങിയതോടെ ബാഴ്‌സക്കായി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മെസ്സി. പിന്നീട് അയാളുടെ മുന്നില്‍ തകര്‍ന്നു വീണതും സൃഷ്ടിക്കപ്പെട്ടതും നിരവധി റെക്കോഡുകളാണ്.

2005ല്‍ അര്‍ജന്റീനയെ അണ്ടര്‍ 20 ലോകകപ്പ് ജേതാക്കളാക്കുന്നതില്‍ മെസ്സി മുഖ്യ പങ്കുവഹിച്ചു. അക്കൊല്ലം തന്നെ ഹങ്കറിക്കെതിരായ മത്സരത്തില്‍ സീനിയര്‍ ടീമിനു വേണ്ടി അയാള്‍ ബൂട്ടണിഞ്ഞു.

2005 മെയ് 1നാണ് ബാഴ്‌സക്കായി മെസ്സി ആദ്യ ഗോള്‍ നേടുന്നത്. 2008ല്‍ ബ്രസീലിയന്‍ താരം റൊണാള്‍ഡീഞ്ഞ്യോ ക്ലബ് വിട്ടതിനെ തുടര്‍ന്ന് ഫുട്ബാളിലെ വിഖ്യാതമായ പത്താം നമ്പര്‍ ജഴ്‌സി മെസ്സിക്കു ലഭിച്ചു. 

2006ലാണ് അര്‍ജന്റീനക്കു വേണ്ടി ലോകകപ്പ് മത്സരത്തില്‍ അരങ്ങേറ്റം കുറിച്ചത്. സെര്‍ബിയക്കെതിരായ മത്സരത്തിലാണ് മെസ്സി ആദ്യ ലോകകപ്പ് ഗോള്‍ നേടിയത്. 2008 ബീജിംഗ് ഒളിംപിക്‌സില്‍ അര്‍ജന്റീനക്കൊപ്പം മെസ്സിയും സ്വര്‍ണ മെഡല്‍ അണിഞ്ഞു. 

2009ലാണ് കരിയറിലെ ആദ്യ ബലന്‍ഡിയോര്‍ പുരസ്‌കാരം സ്വന്തമാക്കിയത്. ലോക ഫുട്ബാളില്‍ മറ്റൊരു താരത്തിനും സ്വപ്‌നം കാണാന്‍ പോലുമാകാത്ത വിധം എട്ട് ബലന്‍ഡിയോര്‍ മെസ്സി സ്വന്തം പേരിലാക്കി. 

2009ല്‍ ആറ് കിരീട നേട്ടത്തില്‍ പങ്കാളിയായതുള്‍പ്പെടെ നിരവധി നേട്ടങ്ങളാണ് ഈ റൊസാരിയോക്കാരന്‍ ബാഴ്‌സലോണയുടെ ഷോകേസിലെത്തിച്ചത്. പത്ത് ലാലിഗ കിരീടങ്ങളും നാല് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും അയാള്‍ സ്വന്തമാക്കി. ക്ലബിനായി 778 മത്സരങ്ങളില്‍ നിന്ന് 672 ഗോളുകള്‍ നേടിയ മെസ്സി ബാഴ്‌സയുടെ എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോററായി മാറി. 

2012ല്‍ ഒരു കലണ്ടര്‍ വര്‍ഷം 91 ഗോളുകള്‍ നേടി ഗെര്‍ഡ് മുള്ളറുടെ പേരിലുണ്ടായിരുന്ന വിഖ്യാതമായ റെക്കോഡും അയാള്‍ പഴങ്കഥയാക്കി. 2014 ലോകകപ്പില്‍ ഏറ്റവും മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ കരസ്ഥമാക്കി. 2016ല്‍ വിരമിച്ചതായി പ്രഖ്യാപിച്ചെങ്കിലും ആരാധക സമ്മര്‍ദം മൂലം കളത്തില്‍ തിരിച്ചെത്തി. 2021 കോപ്പ അമേരിക്ക ഫൈനല്‍ ബ്രസീലിനെ തോല്പിച്ചതോടെ മെസ്സിക്കു കീഴില്‍ അര്‍ജന്റീന ടീം നേടുന്ന വലിയ കിരീടനേട്ടമായി അത്. 

2021 ആഗസ്തിലാണ് 21 വര്‍ഷത്തെ കരിയര്‍ അവസാനിപ്പിച്ച മെസ്സി ബാഴ്‌സലോണ ടീമിനോട് ബൈ പറയുന്നത്. പിന്നീട് ഫ്രഞ്ച് ക്ലബ് ആയ പി എസ് ജിക്കും 2023 മുതല്‍ യു എസ് ക്ലബ് ഇന്റര്‍ മയാമിക്കും വേണ്ടി ബൂട്ടണിഞ്ഞു. 2022 ഖത്തര്‍ ലോകകപ്പില്‍ ഫ്രാന്‍സിനെ തോല്പിച്ച് അര്‍ജന്റീനയ്ക്കു കിരീടം നേടിയതാവാം മെസ്സിയുടെ കരിയറിലെ പൊന്‍തൂവല്‍. 

ടൂര്‍ണമെന്റില്‍ ഏഴു ഗോളുകള്‍ നേടി ഗോള്‍ഡന്‍ ബോള്‍ വീണ്ടുമൊരിക്കല്‍ കൂടി മെസ്സി കൈയിലാക്കി. 2026 ലോകകപ്പില്‍ ദേശീയ ടീമിനെ ഫൈനലില്‍ എത്തിച്ചു. ചെറുപ്പക്കാരെ വെല്ലുവിളിച്ച് ടൂര്‍ണമെന്റില്‍ മെസ്സി അടിച്ചൂകൂട്ടിയത് 8 ഗോളുകളാണ്. ആറു ലോകകപ്പുകളില്‍ നിന്നായി മെസ്സി നേടിയത് 21 ഗോളുകളാണ്. ഏറ്റവും കൂടുതല്‍ ലോകകപ്പ് മത്സരങ്ങള്‍ കളിച്ച റെക്കോഡ് പങ്കിട്ട മെസ്സി, കൂടുതല്‍ ലോകകപ്പ് ഗോള്‍ നേടിയ ഫുട്ബാളറെന്ന നേട്ടം സ്വന്തം പേരില്‍ കുറിച്ചു. അര്‍ജന്റീന ടീമിനു വേണ്ടി 207 മത്സരങ്ങളില്‍ ജഴ്‌സിയണിഞ്ഞ മെസ്സി 125 ഗോളുകള്‍ നേടി. കൂടെയുള്ളവരെ ഗോളടിപ്പിക്കുന്നതില്‍ മിടുക്കനായ ഇയാള്‍ അസിസ്റ്റുകളുടെ തമ്പുരാന്‍ കൂടിയാണ്.

ആരാധകര്‍ക്ക് നിരാശ സമ്മാനിച്ചെങ്കിലും കളിക്കളത്തില്‍ തല ഉയര്‍ത്തി രാജകീയമായാണ് മെസ്സിയുടെ വിടവാങ്ങല്‍. രണ്ടു പതിറ്റാണ്ടിലേറ ഫുട്ബാള്‍ മൈതാനത്തെ തീപിടിപ്പിച്ച ഫുട്ബാള്‍ മാന്ത്രികന്‍ ബൂട്ടഴിച്ചിരിക്കുന്നു. ആ കളിയഴക് ബ്യൂണസ് അയേഴ്‌സിലെയും ഇങ്ങ് കേരളത്തിലെ ഗ്രാമങ്ങളിലെയും ആരാധകര്‍ക്ക് ഇനി ആസ്വദിക്കാനാവില്ല. മെസ്സിയും അര്‍ജന്റീനയും കേരളത്തില്‍ കളിക്കാനെത്തുമോ എന്ന രാഷ്ട്രീയരംഗത്തു വരെ പ്രകമ്പനം തീര്‍ത്ത ചോദ്യം കൂടി ഇവിടെ അപ്രസക്തമാകുന്നു. 

നന്ദി മെസ്സി, നന്ദി! താങ്കളുടെ കാലടികളിലൂടെ ഈ കാലത്തെ ധന്യമാക്കിയതിന്. അനിര്‍വചനീയമായ കവിത രചിച്ച് പച്ചപ്പുല്‍ മൈതാനത്തെ ത്രസിപ്പിച്ചു നിര്‍ത്തിയതിന്!

Follow us on :

More in Related News