പത്തനംതിട്ടയിൽ കടയിൽ സാധനം വാങ്ങാനെത്തിയ 13 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ 62കാരൻ അറസ്റ്റിൽ. പന്തളം പൊലീസ് കേസെടുത്ത് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പത്തനംതിട്ട: കടയിൽ സാധനം വാങ്ങാനെത്തിയ 13 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ 62കാരൻ അറസ്റ്റിൽ. പെരുമ്പുളിക്കൽ പടുകോട്ടുക്കൽ സ്വദേശി സജി വർഗീസിനെയാണ് പന്തളം പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടുദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഏഴാം ക്ലാസ് വിദ്യാർഥിനി സാധനം വാങ്ങുന്നതിനായി പ്രതിയുടെ കടയിലെത്തിയപ്പോഴാണ് ഇയാൾ കുട്ടിയെ കടന്നുപിടിക്കുകയും ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തതെന്നാണ് പരാതി. സ്കൂളിലെത്തിയ കുട്ടി സംഭവത്തെക്കുറിച്ച് അധ്യാപകരോട് പറയുകയായിരുന്നു. സ്കൂൾ അധികൃതർ ഉടൻ ചൈൽഡ് ലൈനിൽ വിവരം അറിയിച്ചു. ചൈൽഡ് ലൈൻ പ്രവർത്തകർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പന്തളം പൊലീസ് കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. ശനിയാഴ്ച രാവിലെ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.