Tue Dec 12, 2023 10:56 PM 1ST

Location  

Sign In

‘നന്ദി ലിയോ’; മെസ്സിയില്ലാത്ത ഫുട്ബോൾ കാലത്തേക്ക്...

01 Sep 2026 15:31 IST

NewsDelivery

Share News :

മുജീബ് ചോയിമഠം

ടെലിവിഷൻ സ്ക്രീനിൽ ഫുട്ബാൾ മത്സരങ്ങൾ കാണാനിരിക്കുമ്പോൾ ഹൃദയം പിടക്കുന്ന ശൂന്യതയാണ് ഇനി മുതൽ ഫുട്ബാൾ പ്രേമികൾക്ക് അനുഭവപ്പെടാൻ പോവുക.. മെസി വിരമിച്ചു എന്ന വാർത്ത കേട്ടപ്പോൾ ആദ്യം തോന്നിയ വികാരമാണിത്. പകരക്കാർ ആരുമില്ലാത്ത കളിക്കാരൻ ആയിരുന്നു ലയണൽ മെസ്സി. ക്രിസ്ത്യാനോ റൊണാൾഡോയെ പോലെ ഉയർന്നു ചാടാനുള്ള കഴിവോ അപാരമായ ശാരീരിക കരുത്തോ അയാൾക്ക് ഉണ്ടായിരുന്നില്ല. പക്ഷേ, അടിമുടി പ്രതിഭയായിരുന്നു മെസി. തലച്ചോറിലും ശരീരത്തിലും കാലുകളിലും നിറഞ്ഞാടിയ പ്രതിഭയുടെ ധാരാളിത്തം. അർജൻറീനൻ ടീമിനെ കളി കാണുമ്പോൾ മെസ്സിയുടെ കാലിൽ എത്തുന്ന പന്തിനെ പ്രതീക്ഷയോടെ എപ്പോഴും നാം കാത്തിരുന്നു. ആ ബോൾ ഗോൾ മുഖത്ത് എതിർ പ്രതിരോധം തകർക്കുന്ന പീരങ്കിയുണ്ടയാകാം. ചിലപ്പോൾ സഹകളിക്കാർക്ക് വെള്ളിത്താലത്തിൽ വെച്ചു നീട്ടിയ ഗോൾ അവസരം ആവാം. അതുമല്ലെങ്കിൽ എതിർ താരങ്ങളെ വെട്ടി മാറ്റിയൊരു മനോഹര കാവ്യം പോലൊരു സുന്ദരൻ ഗോളായി പരിവർത്തിതപ്പെടാം. അയാളെ പോലെ ഗോളിലേക്ക് തുറക്കുന്ന തുരങ്ക പാതയുടെ മുന്നിൽ നിൽക്കാൻ ആരുമുണ്ടാകില്ല. കാറ്റും കോളും കൊണ്ട് പ്രക്ഷുബ്ധമായ കടലിലെ യാനത്തിലെ കപ്പിത്താനായിരുന്നു അയാൾ,, പ്രതീക്ഷയായിരുന്നു ലിയോയുടെ പങ്കായം.

മെസ്സിയെ പോലെ ഒരു കളിക്കാരൻ ഇനി ഉണ്ടാവില്ല. അനേക കാലങ്ങളിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന അദ്ഭുതമാണത്. ലോകം ശ്രദ്ധിക്കപ്പെടുന്ന ഫുട്ബാൾ താരങ്ങൾ ഇനിയും വരും. അത് കാലത്തിൻറെ നീതിയാണ്..

പക്ഷേ മെസി നേടിയ എല്ലാ 'ബലൻ ഡി ഓർ ' അവാർഡുകളെക്കാളും യൂറോപ്യൻ ഫുട്ബോളർ പുരസ്കാരങ്ങളെക്കാളും ലോകം ഓർത്തിരിക്കുന്നത് ഉറക്കമിളച്ച് കോടാനുകോടി പേർ കണ്ട അയാൾ മുന്നിൽ നിന്ന് പട നയിച്ച കളികളാണ്. അധിക സന്തോഷമോ വികാരപ്രകടനങ്ങളോ ദൃശ്യമാകാത്ത ലിയോയുടെ ശരീരഭാഷയാണ്,

കോടിക്കണക്കിന് കണ്ണുകൾക്ക് വിരുന്നൂട്ടിയ കളിയുടെ ഭൂപടത്തിൽ അയാൾ നടത്തിയ ചടുല നീക്കങ്ങളാണ്. അർജൻറീനയും മെസി കളിക്കുന്ന ക്ലബുകളും എപ്പോൾ കളത്തിലിറങ്ങിയാലും കണ്ണുകളെല്ലാം പിന്തുടരുക മാലാഖയുടെ മുഖമുള്ള ആ പത്താം നമ്പറുകാരനെയാണ്. പി.എസ്.ജിയിലും ബാർസയിലും ഒടുവിൽ ഇൻറർ മിയാമിയിലും അയാൾ ഫുട്ബാളിൻ്റെ യുദ്ധം നയിച്ചു. സോക്കർ വിരുന്നുകളിൽ അയാൾ മുഖ്യ പാചകക്കാരനായി. അയാളിലെ പ്രതിഭ ജ്ഞാനസ്നാനം ചെയ്യപ്പെടാൻ കാരണക്കാരായ ക്ലബുകൾക്കും കോച്ചുകൾക്കും അയാൾ എല്ലാം തിരികെ നൽകി. അർജൻ്റീനയെന്ന തൻ്റെ രാജ്യത്തിന് വിശ്വ കിരീടം നേടിക്കൊടുത്തു.

നന്ദി ലിയോ,,, കാത്തിരിപ്പിൻ്റെ കനം തൂങ്ങുന്ന കണ്ണുകളുമായി ടി.വികൾക്കു മുന്നിലിരുന്ന ആരാധകർക്ക് ഫുട്ബാളിൻ്റെ വിസ്മയങ്ങൾ കാണിച്ചു തന്നതിന്, 

നന്ദി....ഞങ്ങളുടെ തലമുറയെ ഫുട്ബോളിലേക്ക് ആകർഷിച്ചതിന്...

Follow us on :

More in Related News