Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Nov 2026 16:48 IST
Share News :
വൈക്കം: വിഗ് വെച്ച് കള്ളനോട്ട്കൾ മാറി രക്ഷപെട്ട പ്രതിയെ വൈക്കം പോലീസ് പിടികൂടി. കള്ളനോട്ട് അടിക്കുന്ന സാമഗ്രികളും അഞ്ഞൂറിന്റെ കള്ളനോട്ടുകളുമായി പത്തനാപുരം സ്വദേശി അബ്ദുൾ റഷീദ് (63) ആണ് പിടിയിലായത്. വേളൂർ ഇല്ലിക്കലിലെ വാടകവീട്ടിൽ നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. കഴിഞ്ഞ
വെള്ളിയാഴ്ച വൈക്കം പുത്തൻപാലത്ത് കള്ളനോട്ട് നൽകി കടയിൽ നിന്നും സാധനങ്ങൾ വാങ്ങി പിടിക്കപ്പെടുമെന്ന് കണ്ടതോടെ ഇയാൾ കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു.
വെച്ചൂർ ഭാഗത്തു നിന്നും കാറിൽ എത്തിയ ഇയാൾ കടയിൽ കയറി 500ൻ്റെ കള്ളനോട്ട് നൽകി 80 രൂപ വിലവരുന്ന ഒരു പായ്ക്കറ്റ് കൊതുക് തിരിയും ബാക്കി കാശും വാങ്ങി സമീപത്തെ മറ്റൊരു കടയിൽ കയറി അവിടെയും 500ന്റെ കള്ളനോട്ട് നൽകി 70രൂപ വിലവരുന്ന ആട്ടയും ബാക്കി പണവും വാങ്ങുകയായിരുന്നു തുടർന്ന് ഇയാൾ സമീപത്തെ മറ്റൊരു ടെക്സ്റ്റയിൽസ് കടയിൽ കയറി ഒരു കാവിമുണ്ട് വാങ്ങിയ ശേഷം 500ന്റെ കള്ളനോട്ട് നൽകിയപ്പോൾ ബാക്കി തരാൻ പണം ഇല്ലെന്നും ചെയ്ഞ്ച് വാങ്ങി വരാൻ കടയുടമ പറയുകയുമായിരുന്നു. കയ്യിൽ ചെയ്ഞ്ച് ഉണ്ടായിട്ടും 500ൻ്റെ നോട്ട് നൽകുന്നതു കണ്ട് മറ്റൊരു വ്യാപാരിക്ക് സംശയം തോന്നി നോക്കിയപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം മറ്റ് വ്യാപാരികൾ അറിഞ്ഞത്. തുടർന്ന്
ഉടൻ ഇയാളെ പിടികൂടാൻ ശ്രമം നടത്തിയെങ്കിലും കാറിൽ അമിത വേഗത്തിൽ വൈക്കം ഭാഗത്തേക്ക് കടന്നുകളയുകയായിരുന്നു.
സംഭവം അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി പരിശോധന നടത്തിയെങ്കിലും പ്രതിയെ പിടികൂടാനായില്ല. പ്രദേശത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ച് പോലിസ് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് ഇന്ന് വാടകവീടായ വേളൂർ ഇല്ലിക്കലിൽ നിന്നും പിടികൂടിയത്. 37 അഞ്ഞൂറിന്റെ കള്ളനോട്ടുകൾ, ഭാഗികമായി നിർമ്മിച്ച നോട്ടുകൾ, കള്ളനോട്ട് നിർമ്മിക്കാൻ ഉപയോഗിക്കുന്ന പ്രിൻ്റർ, ലാപ്ടോപ്പ്, ലാമിനേറ്റർ, മഷി ഉൾപ്പെടെ വാടകവീട്ടിൽ നിന്നും പിടിച്ചെടുത്തു. തുടർന്ന് നോട്ടുകൾ മാറിയ വൈക്കത്തെ കടകളിൽ ഇയാള എത്തിച്ച് തെളിവെടുത്തു. ആളെ തിരിച്ചറിയാതിരിക്കാൻ നോട്ടുകൾ മാറുന്ന സമയത്ത് തലയിൽ വിഗ് വെക്കുകയും പിന്നീട് അത് അഴിച്ചു മാറ്റുകയും ആയിരുന്നു രീതി. കൊല്ലം പത്തനാപുരം ആനക്കുഴി പുത്തൻവീട് ആണ് അബ്ദുൾ റഷീദിന്റെ വീടെങ്കിലും കള്ളനോട്ട് അടിക്കുവാനും വിൽപ്പന നടത്താനുമാണ് ഇല്ലിക്കലിലെ വാടകവീട്ടിൽ ഇയാൾ ഒറ്റയ്ക്ക് താമസിച്ചിരുന്നത്. രാവിലെയും വൈകിട്ടും നോട്ടുകൾ മാറുവാനായി കാറിൽ പുറത്തിറങ്ങുന്ന ഇയാൾ 500 രൂപ നൽകി ചെറിയ സാധനങ്ങൾ വാങ്ങിക്കുന്നതാണ് പതിവ് രീതി. കിളിമാനൂർ, പാലക്കാട്, കൊല്ലം ഉൾപ്പടെ എട്ടോളം സ്റ്റേഷനുകളിൽ കള്ളനോട്ട് കേസുണ്ട്. കോട്ടയം എസ് പി സാബു മാത്യുവിന്റെ നിർദ്ദേശാനുസരണം വൈക്കം ഡിവൈഎസ്പി കെ .എൻ രാജേഷ്, സി. ഐ രജൻകുമാർ, വൈക്കം എസ് എച്ച് ഒ വൈശാഖ് , എസ് ഐ ജയ്മോൻ, എ എസ് ഐ റഫീഖ്, എസ്പിയുടെ സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളും ചേർന്നായിരുന്നു അന്വേഷണം. പ്രതിയെ വൈക്കം കോടതിയിൽ ഹാജരാക്കും.
Follow us on :
Tags:
More in Related News
Please select your location.